പാപ്പയുടെ വാക്കുകള്‍ക്ക് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സ്‌പെയിന്‍;മാഡ്രിഡിലെ സഭ നേടിയത് അവിസ്മരണീയ ഗോള്‍!

‘ഒരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം ഈ  സ്റ്റേഡിയത്തില്‍ ഒരു ഗോള്‍ നേടുക എന്നത് ജീവിതകാലം മുഴുവന്‍ ഓര്‍ക്കുന്ന ഒന്നായിരിക്കും. എന്നാല്‍ ഇന്ന്, മാഡ്രിഡിലെ സഭ അതിനേക്കാള്‍, അവിസ്മരണീയമായ ഒരു ഗോള്‍ നേടിയിരിക്കുന്നു!,’മാഡ്രിഡിലെ പ്രശസ്തമായ സാന്റിയാഗോ ബെര്‍ണബ്യൂ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എണ്‍പതിനായിരത്തോളം വിശ്വാസികളോട് ലിയോ 14-ാമന്‍ പാപ്പ പറഞ്ഞ വാക്കുകളാണിത്. കേവലം ആവേശംകൊള്ളിക്കുന്ന വാക്കുകള്‍ക്കപ്പുറം സ്പാനിഷ് സഭയ്ക്ക് ചരിത്രപരമായ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസത്തിന് യോജിച്ച പരിസമാപ്തി കുറിക്കുന്ന  വാക്കുകളായിരുന്നു അത്.

ദിവസത്തെ അവസാനത്തെയും ഏറ്റവും ജനപങ്കാളിത്തമുള്ളതുമായ ഈ സംഗമത്തില്‍ നല്‍കിയ സന്ദേശത്തില്‍ എല്ലാവരും പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആത്മീയ കല വീണ്ടെടുക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഇന്നത്തെ ലോകം വാക്കുകളാലും ദൃശ്യങ്ങളാലും അമിതമായി സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും, എന്നാല്‍ മനുഷ്യന്‍ ഇപ്പോഴും സത്യത്തിനും നീതിക്കുമായി ദാഹിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കുമായി ഒരു തുറന്ന ബൈബിള്‍ പോലെയാകുവാനുള്ള ആഹ്വാനത്തോടെയാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

രാവിലെ  സ്പാനിഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ച പാപ്പ, സ്പാനിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ മാര്‍പാപ്പയായി ചരിത്രത്തില്‍ ഇടം നേടി. കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാര്‍ സ്പെയിന്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും, ആദ്യമായാണ് വത്തിക്കാന്റെ രാഷ്ട്രത്തലവന്‍ കൂടെയായ പാപ്പ സ്പാനിഷ് ജനപ്രതിനിധികളെയും സെനറ്റര്‍മാരെയും അഭിസംബോധന ചെയ്തത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ആഗോള സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് പാപ്പ സംസാരിച്ചു. മനുഷ്യന്റെ അന്തസ്സ്, കുടിയേറ്റം, ജീവന്റെ സംരക്ഷണം, കുടുംബം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഗോള സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭയുടെ നിലപാടുകള്‍ പാപ്പ വിശദീകരിച്ചു.

അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും സാഹചര്യം ആവശ്യപ്പെടുന്നത് മാനുഷിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രതികരണങ്ങളാണെന്ന് പാപ്പ നിരീക്ഷിച്ചു. അവരെ സ്വന്തം നാടുവിടാന്‍ നിര്‍ബന്ധിതരാക്കുന്ന അടിസ്ഥാനപരമായ കാരണങ്ങളെയാണ് നാം ഇല്ലാതാക്കേണ്ടത്.  കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിലപ്പുറം ആഴത്തിലുള്ള ഇടപെടലുകള്‍ അവിടെ ഉണ്ടാകണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഓരോ യുദ്ധവും ആത്യന്തികമായി ചര്‍ച്ചകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവിന്റെ ‘വേദനാജനകമായ പരാജയം’ മാത്രമാണെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.  ഏഴ് മിനിറ്റിലധികം നീണ്ടുനിന്ന തുടര്‍ച്ചയായ കയ്യടികളോടെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പാപ്പയുടെ വാക്കുകളെ സ്വീകരിച്ചത്.

പാര്‍ലമെന്റിലെ പ്രസംഗത്തിന് ശേഷം സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍, സഭയ്ക്കുള്ളിലെ ഐക്യം കാത്തുസൂക്ഷിക്കാനും ഭിന്നതകള്‍ പരിഹരിക്കാനും ജനങ്ങളെ സ്‌നേഹത്തോടെ നയിക്കാനും പാപ്പ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.സഭയുടെ യഥാര്‍ത്ഥ ശക്തി അതിന്റെ വിഭവങ്ങളുടെയോ സമ്പത്തിന്റെയോ വലുപ്പത്തിലല്ല, മറിച്ച് വിശ്വാസികളുടെ വിശുദ്ധിയിലും ഇടയന്‍മാരുടെ കൂട്ടായ്മയിലുമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

പീഡനത്തിന് ഇരകളായവരോടൊപ്പം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയ പാപ്പ അവരുടെ വേദനകള്‍ നേരിട്ട് കേട്ടറിഞ്ഞു. വൈകിട്ട്, മാഡ്രിഡ് അതിരൂപതയുടെ മധ്യസ്ഥയായ ‘ഔര്‍ ലേഡി ഓഫ് അല്‍മുദേന’ കത്തീഡ്രലില്‍ എത്തിയ പാപ്പ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ നിശബ്ദനായി പ്രാര്‍ത്ഥിച്ചു. ‘മനോഹരവും ശാശ്വതവുമായ പുതിയ ഒന്ന് കെട്ടിപ്പടുക്കണമെങ്കില്‍, നമ്മെ ഭിന്നിപ്പിക്കുന്ന പഴയ മതിലുകള്‍ തകര്‍ക്കാന്‍ നാം തയാറാകണം,’പാപ്പ പറഞ്ഞു. എഡി 1085-ല്‍ നഗരത്തിന്റെ ഒരു മതില്‍ തകര്‍ന്നപ്പോഴാണ് അതിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ‘ഔര്‍ ലേഡി ഓഫ് അല്‍മുദേന’ എന്ന് വിശേഷിപ്പക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ തിരുസ്വരൂപം കണ്ടെത്തിയത്. ഈ ചരിത്ര സംഭവം അനുസ്മരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ഈ വാക്കുകള്‍.

സ്പാനിഷ്  സഭയ്ക്കും സ്‌പെയിനിലെ ജനങ്ങള്‍ക്കും വലിയ ആത്മീയ ഉണര്‍വ്വ് നല്‍കിക്കൊണ്ടാണ് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സ്‌പെയിന്‍  യാത്രയുടെ മൂന്നാം ദിനം കടന്നുപോയത്.

Related Articles
25 year old euthanized Spain case

നോയലിയ നീ മരിക്കേണ്ടിയിരുന്നില്ല! മാതാപിതാക്കളുടെ കണ്ണീരിനെ അവഗണിച്ച് 25-കാരിക്ക് ദയാവധം

മാഡ്രിഡ്/സ്‌പെയിന്‍:  മകളുടെ ജീവന് വേണ്ടി ആ മാതാപിതാക്കള്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടു. 25 വയസുകാരിയായ നോയലിയ കാസ്റ്റിലോ റാമോസിന്റെ  ദയാവധം, സ്‌പെയിനില്‍ ഇന്നലെ നടപ്പിലാക്കി. പ്രകടമായ മാരക രോഗമോ വൈകല്യങ്ങളോ

Read More »
newly discovered moth named after Pope Leo XIV

പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയുടെ പേര്

ഏഥന്‍സ്/ഗ്രീസ്: പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന്  കത്തോലിക്ക സഭയുടെ തലവനായ ലിയോ 14-ാമന്‍  പാപ്പയുടെ പേര് നല്‍കി ഗവേഷകര്‍. മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയോടുള്ള ആദരസൂചകമായി

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.