
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ ജീവന്‍ നഷ്ടമായത് 6 പേര്‍ക്കാണ്. മക്കളെ സ്‌കൂളില്‍ വിടാന്‍ പോയ അമ്മയും ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഭാര്യയുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇവരില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് വനത്തിനുള്ളിലല്ല. മറിച്ച്, അവരുടെ ജീവിത പരിസരങ്ങളില്‍ വച്ചായിരുന്നു.
ജീവിതം വഴിമുട്ടിയവര്‍
ഇത് എഴുന്ന ജൂണ്‍ 11ന് രാവിലെ രണ്ട് വ്യത്യസ്തകാട്ടാന ആക്രണത്തില്‍ പാലക്കാട് ജില്ലയില്‍ മൂന്നു പേര്‍ക്ക് പരിക്കുപറ്റി. രാവിലത്തെ ബസിന് പോകാന്‍ ഓട്ടോയില്‍ യാത്രചെയ്ത സ്ത്രീയ്ക്കും ഓട്ടോ ഡ്രൈവര്‍ക്കും ശബ്ദംകേട്ട് വീടിന് പുറത്തിറങ്ങിയ ആദിവാസി യുവാവിനുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വന്യമൃഗശല്യംമൂലം ജീവിതം വഴിമുട്ടിയ വലിയൊരു വിഭാഗം ജനങ്ങള്‍ സംസ്ഥാനത്തിന്റെ മലയോരമേഖലകളിലുണ്ട്. കൃഷിചെയ്യാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. ഭക്ഷ്യോത്പന്നങ്ങളായ കപ്പയും ചേനയും ചേമ്പുമൊക്കെ കൃഷി ചെയ്താല്‍ കാട്ടുപന്നികള്‍ വന്ന് നശിപ്പിക്കും. നിസഹായരായി കണ്ടുനില്ക്കാനെ കര്‍ഷകന് കഴിയൂ. കല്ലെടുത്ത് എറിഞ്ഞാല്‍ ഫോറസ്റ്റുകാര്‍ അറസ്റ്റു ചെയ്‌തെന്നു വരാം. കൃഷി അസാധ്യമായാല്‍ കര്‍ഷകര്‍ അവിടെനിന്നും കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകും. ഇപ്പോള്‍ത്തന്നെ വന്യമൃഗങ്ങളെ ഭയന്ന് വീടും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം മലയോരങ്ങളില്‍ വര്‍ധിച്ചുവരുകയാണ്.

പരിരക്ഷ ഉദ്യോഗസ്ഥര്‍ക്കുമാത്രം
വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെയ്ക്കാന്‍ ശ്രമിച്ച വനംവകുപ്പ് സംഘത്തെ കടുവ ആക്രമിക്കുകയും സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കടുവയെ വെടിവച്ചു കൊല്ലുകയും ചെയ്തത് നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം വനംവകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര വന്യജീവി വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലി ച്ചാണോ വെടിവച്ചതെന്നായിരുന്നു പരിശോധിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് വനംവകുപ്പിന്റെ വാദം അംഗീകരിക്കുകയും ചെയ്തു.
പന്നി വെടിവയ്പ്പുകാരനെ കാത്തുനില്ക്കുമോ?
എന്നാല്‍ ഈ പരിരക്ഷ സാധാരണ പൗരന്മാര്‍ക്ക് ഇല്ലെന്നതാണ് പ്രശ്‌നം. ആക്രമിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് അനുവാദമില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ജീവന് നല്‍കുന്ന അതേ പ്രാധാന്യം മലയോരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. കൃഷി നശിപ്പിക്കുന്ന പന്നി ലൈസന്‍സുള്ള വെടിവയ്പ്പുകാരന്‍ എത്തുന്നതുവരെ കാത്തുനില്ക്കില്ല. അതു നിമിഷനേരംകൊണ്ട് എല്ലാം തകര്‍ത്തെറിയും.

വനത്തില്‍ പെരുകുന്ന വന്യമൃഗങ്ങളാണ് ജനവാസകേന്ദ്രങ്ങളില്‍ ഭീതിപരത്തുന്നത്. വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വന്നാല്‍ അവയെ നേരിടാന്‍ മനുഷ്യര്‍ക്ക് നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തിയതാണ് മൃഗശല്യം പെരുകാന്‍ കാരണമായത്. കുടിയേറ്റ കാലത്തുപോലും ഇത്രയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല.
കോടതി ഇടപെട്ടിരുന്നെങ്കില്‍
ലോകത്തെ പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം വന്യമൃഗങ്ങള്‍ പെരുകുന്നതു തടയാന്‍ നിശ്ചിതകാലത്തേക്ക് അവയെ വേട്ടയാടാന്‍ നിയമപരമായ അനുവാദം നല്‍കാറുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍പോലും അനുവദിക്കില്ല. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ അപ്പോഴേക്കും ചാടിവീഴും. എന്തിനു പറയുന്നു, വെടിച്ചുകൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചുമൂടുന്ന അപരിഷ്‌കൃത നിയമമാണ് കേരളത്തില്‍ നിലനില്ക്കുന്നത്. അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടി ഇടപെടേണ്ടിവന്നു. മൃഗസ്‌നേഹം പറഞ്ഞുചെന്നവരെ കോടതി ഓടിക്കുകയായിരുന്നു.

ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളുടെ കാര്യത്തിലും കോടതിയുടെ ഒരു ഇടപെടല്‍ ഉണ്ടായെങ്കിലെന്ന് ആശിച്ചുപോവുകയാണ്. വന്യമൃഗങ്ങളെ പേടിച്ച് നിസഹായരായി ജീവിക്കേണ്ട സാഹചര്യം ജനങ്ങള്‍ക്ക് ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരുകളുടെ പരാജയമാണ്. കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുവാദം കര്‍ഷകര്‍ക്ക് നല്‍കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. അതിനുള്ള ധൈര്യം ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.
ജോസഫ് മൈക്കിള്‍


