
മൊബൈലുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുവാന്‍ കഴിയില്ല. ലോകത്തില്‍ നടക്കുന്ന എന്തു സംഭവങ്ങളെക്കുറിച്ചും മൊബൈലുകള്‍ നമുക്ക് പറഞ്ഞുതരും. ഒരുവശത്ത് ഇത്രയും വലിയ സൗകര്യങ്ങള്‍ നല്‍കുമ്പോഴും മൊബൈലുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചെറുതല്ല.
അകലം കുറച്ചത് കോവിഡ്
എന്തു കാണുന്നു, വായിക്കുന്നു എന്നതൊക്കെ ഒരാളുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. കോവിഡുവരെ മൊബൈലുകള്‍ക്ക് കുട്ടികളില്‍നിന്ന് ഒരു കൈ അകലം ഉണ്ടായിരുന്നു. എന്നാല്‍, കോവിഡുകാലത്ത് മൊബൈലുകള്‍ കുട്ടികളുടെ പഠനോപകരണമായി മാറി. മക്കള്‍ക്ക് സ്വന്തമായി മൊബൈലുകള്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിദ്യാലയങ്ങള്‍ സാധാരണ നിലയിലായെങ്കിലും എന്തുകൊണ്ടോ മൊബൈലുകള്‍ കുട്ടികളില്‍നിന്നും തിരികെ വാങ്ങാന്‍ അധികം മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല. കുട്ടികളുടെ വിനോദങ്ങളും വിശ്രമങ്ങളുമൊക്കെ ഇപ്പോള്‍ മൊബൈലുകളെ കേന്ദ്രീകരിച്ചാണ്. മൊബൈലുകള്‍ കഴിഞ്ഞിട്ടേ ബാക്കിയെന്തുമുള്ളൂ എന്ന വിധത്തിലായി. സോഷ്യല്‍ മീഡിയകള്‍ക്ക് അഡിക്ടായി സ്വഭാവവൈകല്യം സംഭവിക്കുന്ന കൗമാരക്കാരുടെ എണ്ണം അനുദിനം പെരുകുകയാണ്. നിയന്ത്രണമില്ലാതെയുള്ള ഉപയോഗംവഴി മൊബൈല്‍ ഫോണുകള്‍ മയക്കുമരുന്നുപോലെ അപകടകാരികളായി മാറിക്കൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ പല മാതാപിതാക്കളും നിസഹായരാണ്.
ഓസ്‌ട്രേലിയുടെ തീരുമാനം
ലോകരാജ്യങ്ങള്‍ ഇതിലെ അപകടം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയാണ് ശക്തമായ നടപടിയെത്ത ആദ്യ രാജ്യം. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചത് 2025 ഡിസംബര്‍ 10നായിരുന്നു. ഇതോടെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. കുടുംബങ്ങള്‍ക്ക് ‘അഭിമാനകരമായ ദിനം’ എന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി ആ തീരുമാനത്തെ വിശേഷിപ്പിച്ചത്.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് ദിവസങ്ങള്‍ക്കുമുമ്പ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയില്‍ പ്രഖ്യാപിച്ചത് ബജറ്റ് പ്രസംഗത്തിലായിരുന്നു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അത്തരമൊരു തീരുമാനം എടുക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ആന്ധ്രാപ്രദേശും ഇത്തരമൊരു നിരോധനം പരിഗണിക്കുന്നുണ്ടെന്ന് ഐടി മന്ത്രി നാര ലോകേഷ് പറഞ്ഞു. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവും സോഷ്യല്‍ മീഡിയ യുടെ പ്രായാധിഷ്ഠിത നിയന്ത്രണത്തെ അനുകൂ ലിച്ചിരുന്നു.
ഹൈക്കോടതിയുടെ നിരീക്ഷണം
കേരളത്തിലെ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട കമന്റുകളൊന്നും കണ്ടില്ല. കേരളത്തിലും ഇക്കാര്യത്തില്‍ ഒരു നിയമനിര്‍മ്മാണം അനിവാര്യമായിരിക്കുകയാണ്. കുട്ടികളുടെ മുമ്പില്‍ മൊബൈലുകള്‍ തുറക്കുന്നത് വിജ്ഞാനത്തിന്റെ അതിവിശാലമായ ലോകമാണെങ്കിലും നിയന്ത്രണങ്ങളില്ലാത്തെ മൊബൈല്‍ ഉപയോഗം പലരുടെയും ജീവിതം തകര്‍ത്തുകളഞ്ഞിരിക്കുന്നു.
ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി കുട്ടികള്‍ക്ക് ബോധ വല്ക്കരണം അത്യാവശ്യമാണെണ് കേരള ഹൈ ക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കൗമാര ക്കാരായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതില്‍ ആശങ്കപ്രകടിപ്പിച്ചാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാഴ്ചയ്ക്ക് ആകര്‍ഷകരമായി തോന്നുന്ന പലതിലും പുതിയ തലമുറയെ വഴിതെറ്റിക്കാനുള്ള പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുട്ടികള്‍ക്കു നല്‍കിയ മൊ ബൈലുകള്‍ തിരിച്ചുവാങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. ആത്മീയനേതൃത്വവും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് ഇതിന് ഉത്തരം കണ്ടെത്തണം.
ജോസഫ് മൈക്കിള്‍

