കേരളത്തിന്റെ അതിര്‍ത്തി കടന്ന് കാരുണ്യം; സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ 218-ാമത് സ്‌നേഹഭവനം ചെന്നൈയില്‍

Sister Lissy Chakkalakal's 218th Love Home inaugurated in Chennai

ദൈവത്തിന്റെ സ്വപ്നങ്ങള്‍ ഹൃദയത്തില്‍ ഏറ്റെ ടുത്ത ചിലര്‍ നമുക്കിടയിലുണ്ട്. അവരിലൊരാളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ FMM (Sister Lizzy Chakkalakal). ഭവനരഹിതര്‍ക്ക് വീടൊരുക്കുന്നത് ജീവിത നിയോഗമായി ഏറ്റെടുത്തിരിക്കുകയാണ് ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസ സഭാംഗമായ സിസ്റ്റര്‍ ലിസി. സിസ്റ്റര്‍ നേതൃത്വം നല്‍കുന്ന ഹൗസ് ചലഞ്ച് പ്രൊജക്ടിലൂടെ നിര്‍മ്മിച്ച 218-ാമത്തെ വീട് അതിര്‍ത്തിയും കടന്ന് ചെന്നൈയിലാണ്.

ക്ലരീഷ്യന്‍ വൈദികനായ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് ഷെല്‍ട്ടര്‍ പ്രൊജക്ടുമായി സഹകരിച്ചാണ് വീടു നിര്‍മ്മിച്ചത്. മാസത്തില്‍ രണ്ടു വീടുകള്‍ എന്ന നിലയില്‍ ഭവരഹിതര്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യപ്രവര്‍ത്തനമാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ നിര്‍വഹിച്ചുവരുന്നത്. ചെന്നൈയിലെ റെഡ്ഹില്‍സില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ താക്കോല്‍ദാനം ജൂണ്‍13ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിര്‍വഹിക്കും. 

ചെലവ് 12 ലക്ഷം

തോപ്പുംപടി ഔവര്‍ ലേഡി ഓഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ലിസി രണ്ടു വര്‍ഷം മുമ്പാണ് റിട്ടയര്‍ ചെയ്തത്. തുടര്‍ന്ന് സഭയുടെ സ്ഥാപനമായ ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലേക്കായിരുന്നു സിസ്റ്ററിനെ നിയോഗിച്ചത്. കോളജിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മരണവിവരം അറിഞ്ഞാണ് സിസ്റ്റര്‍ ആ വീട്ടിലെത്തിയത്. കനാലിനോട് ചേര്‍ന്നുള്ള ചേരിയിലെ അവരുടെ ഭവനം നനഞ്ഞൊലിക്കുന്നതായിരുന്നു. അമ്മയ്ക്കാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളും. സഹോദരന്‍ ഐടിഐ വിദ്യാര്‍ത്ഥി. അവരുടെകൂടെയുള്ള പിതാവിന്റെ സ ഹോദരി ഭിന്നശേഷിക്കാരിയും.   

മരണവീട്ടില്‍നില്ക്കുമ്പോള്‍ ആ വീടിന്റെ അവസ്ഥ കണ്ട് ഏറെ വേദനിച്ചു. എങ്ങനെ അവരെ സഹായിക്കുമെന്ന് ആലോചിച്ചപ്പോഴാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പ്രൊജക്ടിന്റെ ചെന്നൈയിലെ കോ-ഓര്‍ഡിനേറ്റര്‍ സോയി ജോസഫിന്റെ സഹായം ലഭിച്ചത്. അങ്ങനെ് വീട് നിര്‍മ്മിക്കാനുള്ള വഴിയൊരുങ്ങി. 12 ലക്ഷം രൂപ ചെലവഴിച്ചാണ് വീടു നിര്‍മ്മിച്ചത്. അതില്‍ 5 ലക്ഷം രൂപ  പ്രൊജക്ട് ഷെല്‍ട്ടര്‍ നല്‍കി. അഭ്യുയകാംക്ഷികള്‍ നല്‍കിയ 7 ലക്ഷം രൂപ ഹൗസ് ചലഞ്ചും ഇതിനായി വിനിയോഗിച്ചു. 

 2026-ല്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ 150-ാം വാര്‍ഷികമാണ്. ജൂബിലിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ഭവനം. ദൈവത്തിന്റെ കരുണയും മനുഷ്യരുടെ നന്മയും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതപ്രതിഭാസമായിട്ടാണ് സിസ്റ്റര്‍ ഈ വീടിനെ കാണുന്നത്. എട്ടു മാസങ്ങള്‍ക്കുശേഷം സിസ്റ്റര്‍ ചെന്നൈയില്‍നിന്നും കൊച്ചിയിലേക്കു മടങ്ങിയിരുന്നു. എങ്കിലും വീടു നിര്‍മ്മാണം മുടങ്ങിയില്ല.  

വീട്ടിലേക്കുള്ള വഴികള്‍

തോപ്പുംപടി ഔവര്‍ ലേഡി ഓഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരി ക്കുമ്പോഴായിരുന്നു സ്‌കൂളിന്റെ പ്ലാന്റിനം ജൂബിലി എത്തുന്നത്. ജൂബിലി സ്മാരകമായി ഒരു വീടു പണിതു നല്‍കാമെന്ന ആശയം മുന്നോട്ടുവച്ചത് സിസ്റ്റര്‍ ലിസി ആയിരുന്നു. ദൈവത്തിന്റെ ഒരു വലിയ പദ്ധതിക്ക് തുടക്കംകുറിക്കുകയാണെന്ന വിവരം സിസ്റ്റര്‍പോലും അപ്പോള്‍ അറിഞ്ഞിരുന്നില്ല. 

ആ ദിവസങ്ങളിലാണ് സിസ്റ്ററിന്റെ ഒരു വിദ്യാര്‍ത്ഥി നിയുടെ പിതാവു മരിച്ചത്. വിവരമറിഞ്ഞ് സിസ്റ്റര്‍ അവരുടെ വീട്ടിലെത്തുമ്പോള്‍ ഹൃദയഭേദക മായിരുന്നു അവിടുത്തെ കാഴ്ചകള്‍. മൃതദേഹം വയ്ക്കാന്‍ പോലും വീട്ടില്‍ ഇടം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീടെന്ന് ആരോ പറയുന്നതും കേട്ടു. പ്ലാന്റിനം ജൂബിലി സ്മാരക വീട് ആര്‍ക്കു നല്‍കണമെന്ന ചോദ്യത്തിന് അവിടെ വച്ച് ഉത്തരം ലഭിച്ചു.

കടം ലഭിച്ച 25, 000

മരണത്തിന്റെ 30 കഴിഞ്ഞ് പിറ്റേന്ന് തറക്കല്ലിടല്‍ നടത്താമെന്ന് പറഞ്ഞിട്ടാണ് സിസ്റ്റര്‍ ആ വീട്ടില്‍ നിന്നും മടങ്ങിയത്. കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. മഠത്തിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും മറ്റ് ആത്മീയ ശുശ്രൂഷകളും ചെയ്യുന്നത് ഫ്രാന്‍സിസ്‌കന്‍ വൈദികരാണ്. ആശ്രമത്തിന്റെ സുപ്പീരിയര്‍ കൂടിയായ വൈദികനോട് അന്നു വൈകുന്നേരം സിസ്റ്റര്‍ ലിസി ഇക്കാര്യം പറഞ്ഞു. അദ്ദേഹം 25,000 രൂപ നല്‍കിയിട്ടു പറഞ്ഞു, ഇത് കടമാണ്. ആവശ്യം കഴിഞ്ഞതിനുശേഷം തിരിച്ചു നല്‍കിയാല്‍ മതി. സിസ്റ്ററിന്റെ ഒപ്പം ഹൗസിലെ സുപ്പീരിയറും ഉണ്ടായിരുന്നു. സിസ്റ്റര്‍ ലിസിയുടെ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ സ്‌കൂളിന്റെ വകയായി 25,000 രൂപ നല്‍കി.

സഹപാഠിക്കൊരു ഭവനം

 ‘സഹപാഠിക്കൊരു ഭവനം’ എന്ന പേരില്‍ തറക്കല്ലിട്ടു. പണികള്‍ ആളുകള്‍ സൗജന്യമായി ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ ചെറുതും വലുതുമായ തുകകള്‍ നല്‍കി. എന്നാല്‍, വീടെന്ന സ്വപ്ന ത്തിലേക്ക് എത്താന്‍ അതു തികയുമായിരുന്നില്ല. സിസ്റ്റര്‍ പലരുടെ മുമ്പിലും കൈനീട്ടി. ആറ് മാസംകൊണ്ട് മനോഹരമായ ആ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. എല്ലാം കഴിഞ്ഞപ്പോള്‍ 25,000 രൂപ മിച്ചംവന്നു. ദൈവം നല്‍കിയ ഉറപ്പായിട്ടാണ് അത് സിസ്റ്ററിന് അനുഭവപ്പെട്ടത്. ആ പണംകൊണ്ട് മറ്റൊരു വീട് നിര്‍മിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയത്. തുടര്‍ന്ന് വര്‍ഷത്തില്‍ ഒരു വീടെന്ന രീതിയില്‍ അഞ്ച് വീടുകള്‍ നിര്‍മിച്ചു. തുടര്‍ന്ന് 2015-ല്‍ ആരംഭിച്ച ഹൗസ് ചലഞ്ച് പ്രൊജ്ക്ടിലൂടെ ഇരുന്നൂറിലധികം കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. 

ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം ഹൗസ് ചലഞ്ച് പദ്ധതിക്കുവേണ്ടി സംഭാവന ചെയ്ത മനുഷ്യസ്നേഹികളുമുണ്ട്. പാവപ്പെട്ടവര്‍ക്ക് വീടു നല്‍കുന്നത് കൊച്ചിയിലെ പൊതുരീതിയായി മാറ്റാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂര്‍ ഗ്രാമത്തിലെ കുഞ്ഞുവറീത്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ ഇളയമകളാണ് സിസ്റ്റര്‍ ലിസി.

ദൈവത്തിന്റെ സ്വപ്നം

വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അന്നന്നു വേണ്ടുന്ന ആഹാരം നല്‍കണമേ എന്ന ഭാഗത്ത് എത്തുമ്പോള്‍  അവിടെ സിസ്റ്റര്‍ ലിസി ഒരു മാറ്റം വരുത്താറുണ്ട്. ഇന്നത്തെ സിമന്റിനും കമ്പിക്കും കൊടുക്കാനുള്ള പണം നല്‍കണമേ എന്ന്. ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പരിചയമുള്ളവരും ഇല്ലാത്തവരുമായി പലരും ചെറിയ പൊതികളുമായി കാത്തുനില്ക്കുന്ന അനുഭവങ്ങള്‍ നിരവധി. അതില്‍ പതിനായിരവും ഇരുപതിനായിരവുമൊക്കെ കാണും. മറ്റാരെക്കാളും ദൈവത്തിന് അറിയാം, ഇന്നത്തെ ദിവസം എത്ര രൂപ വേണമെന്ന്. ഈ പദ്ധതി ദൈവത്തിന്റെ സ്വപ്നമാണെന്നതിന് ഇതില്‍ക്കൂടുതല്‍ മറ്റൊരു അടയാളം ആവശ്യമില്ലല്ലോ.

ജോസഫ് മൈക്കിള്‍

Related Articles
Vilangad rehabilitation Church builds 70 houses

വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ

കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിബിസിയുടെ സഹകരണത്തോടെ

Read More »
Sister Paisy helping children in slums controlled by gangs

ഗുണ്ടാസംഘങ്ങള്‍ വാഴുന്നചേരികളില്‍ കുഞ്ഞുങ്ങള്‍ക്ക്തണലായി ഒരു സന്യാസിനി !

ലോകത്തിലെ ഏറ്റവും അപകടകരമായ ചേരികളില്‍ ഒന്നാണ് ഹെയ്തിയിലെ ‘സിറ്റെ സോലെ’. പട്ടിണിയും മഹാമാരിയും ഗ്യാങ് വാറുകളും ചേര്‍ന്ന് ശ്വാസം മുട്ടിക്കുന്ന ഇടം. അന്ധകാരം നിറഞ്ഞ ഈ തെരുവുകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും അടയാളമായി

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.