
ലോകത്തിലെ ഏറ്റവും അപകടകരമായ ചേരികളില്‍ ഒന്നാണ് ഹെയ്തിയിലെ ‘സിറ്റെ സോലെ’. പട്ടിണിയും മഹാമാരിയും ഗ്യാങ് വാറുകളും ചേര്‍ന്ന് ശ്വാസം മുട്ടിക്കുന്ന ഇടം. അന്ധകാരം നിറഞ്ഞ ഈ തെരുവുകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും അടയാളമായി മാറുകയാണ് സിസ്റ്റര്‍ പെയ്‌സി എന്ന ഫ്രഞ്ച് സന്യാസിനി.
ഫ്രാന്‍സിലെ ലോറൈനില്‍ ജനിച്ച ക്ലെയര്‍ ജോയല്‍ ഫിലിപ്പ് എന്ന സിസ്റ്റര്‍ പെയ്‌സി മദര്‍ തെരേസയുടെ ജീവിതത്തില്‍ ആകൃഷ്ടയായാണ് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തില്‍ അംഗമാകുന്നുത്. വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥയില്‍ വിവരിക്കുന്ന മാനസാന്തരപ്പെട്ട ഒരു പാപിനിയായ സ്ത്രീയുടെ പേര് – പെയ്‌സി -അവിടെ വച്ച് സ്വീകരിച്ചു. 1996-ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയില്‍ അവസാന വ്രതങ്ങള്‍ സ്വീകരിച്ച സിസ്റ്റര്‍, തന്റെ ജീവിതം പാവങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ചു.
എന്നാല്‍ 2017-ല്‍ സിസ്റ്റര്‍ പെയ്‌സി ഒരു പുതിയ ചുവടുവെപ്പ് നടത്തി. അങ്ങനെയാണ് പ്രാദേശിക ബിഷപ്പിന്റെ അനുവാദത്തോടെ ‘കിസിറ്റോ ഫാമിലി’ എന്ന സമൂഹം പിറവിയെടുക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിക്കുന്നതിന് മുമ്പ് മദര്‍ തെരേസയ്ക്ക് ലഭിച്ചതിന് സമാനമായ ഒരു ഉള്‍ക്കാഴ്ചയായിരുന്നു അതിന് കാരണമായത്. ‘ഇരുട്ടില്‍ അലയുന്ന ഈ കുട്ടികളെ നീ കാണുന്നില്ലേ? അവര്‍ എന്നെ അറിയാത്തതുകൊണ്ട് എന്നെ സ്‌നേഹിക്കുന്നില്ല. നീ ചെന്ന് അവര്‍ക്ക് എന്റെ പ്രകാശം എത്തിക്കുക.’ മദര്‍ തെരേസയുടെ ഹൃദയത്തില്‍ മുഴങ്ങിയ ക്രിസ്തുവിന്റെ ഈ വാക്കുകള്‍ ഹെയ്തിയിലെ തെരുവുക്കുട്ടികളെ കണ്ടപ്പോള്‍ സിസ്റ്റര്‍ പെയ്‌സിയുടെ ഉള്ളിലും പ്രതിധ്വനിച്ചു.
ഇന്ന് ഹെയ്തിയിലെ ഏറ്റവും കുപ്രസിദ്ധമായ ‘സിറ്റെ സോലെ’ ചേരിയില്‍ കിസിറ്റോ ഫാമിലിയുടെ നേതൃത്വത്തില്‍ 7 അനാഥാലയങ്ങളും 8 സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ക്ക് അവിടെ സംരക്ഷണവും വിദ്യാഭ്യാസവും വിശ്വാസപരിശീലനവും ലഭിക്കുന്നു. എന്നാല്‍ ഈ ശുശ്രൂഷ ഒട്ടും എളുപ്പമല്ല. ഹെയ്തി ഇന്ന് രാഷ്ട്രീയ അരാജകത്വത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ചേരിപ്രദേശത്ത് മാത്രമായിരുന്നു ഗുണ്ടാസംഘങ്ങളുടെ ഭീഷണിയെങ്കില്‍ ഇപ്പോള്‍ അവര്‍ മറ്റ് പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. അവര്‍ വീടുകള്‍ ചുട്ടുകരിക്കുന്നു, പള്ളികള്‍ ആക്രമിക്കുന്നു. കുട്ടികളെ ദുരുപയോഗിക്കുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തില്‍ 80 പേരെയാണ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.
ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായ ഹെയ്തിയില്‍ 20 ലക്ഷത്തോളം പേര്‍ പട്ടിണി അനുഭവിക്കുന്നുണ്ട്. ഏകദേശം 14 ലക്ഷം ജനങ്ങള്‍ ഭവനരഹിതരാണ്. 2023-നും 2024-നും ഇടക്ക് കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ 490 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘തോക്കുധാരികള്‍ പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ഞങ്ങള്‍ ഈ കുഞ്ഞുങ്ങളുടെ കൈ പിടിക്കുന്നു. അവര്‍ക്ക് ഭക്ഷണത്തിനൊപ്പം യേശുവിന്റെ സ്‌നേഹവും പകര്‍ന്നുനല്‍കുന്നു,’ സിസ്റ്റര്‍ പെയ്‌സി പറയുന്നു.
ആയുധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കീഴെ ഞെരിഞ്ഞമര്‍ന്നുപോകുമായിരുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് മുകളില്‍ സ്‌നേഹത്തിന്റേയും പ്രാര്‍ത്ഥനയുടെയും വലിയൊരു കരുതലിന്റെ മേല്‍ക്കൂര തീര്‍ക്കുകയാണ് സിസ്റ്റര്‍ പെയ്‌സി. ഈ കുഞ്ഞുങ്ങളുടെ ഉള്ളിലെ പ്രതീക്ഷയുടെ തിരിനാളം അണഞ്ഞുപോകാതെ സിസ്റ്ററിന്റെ കരങ്ങള്‍ അവരെ പൊതിഞ്ഞുപിടിച്ചിരിക്കുന്നു.

