
മാഡ്രിഡ്: മാഡ്രിഡ് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമാക്കി ലിയോ 14-ാമന്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷം. സംഘാടകരുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചുകൊണ്ട്12 ലക്ഷത്തിലധികം വിശ്വാസികളാണ് പാപ്പ ദിവ്യബലിയര്‍പ്പിച്ച പ്ലാസ ഡി സിബെലെസ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയത്.
പാപ്പയുടെ, സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലെ ദിവ്യബലിയുടെ സമയത്തും തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിലും മാഡ്രിഡിലെ വീഥികള്‍ ജനനിബിഡമായി. നൂറ്റാണ്ടുകളായി സ്‌പെയിനിന്റെ സംസ്‌കാരത്തെയും ജീവിതത്തെയും രൂപപ്പെടുത്തിയ ദിവ്യകാരുണ്യ ഭക്തി, വെറുമൊരു പഴയകാല മ്യൂസിയമാകരുതെന്നും മറിച്ച്, ഇന്നും നമുക്ക് ജീവിക്കാന്‍ കരുത്തുപകരുന്ന വിശ്വാസത്തിന്റെ വിദ്യാലയമായി മാറണമെന്നുള്ള ശക്തമായ സന്ദേശമാണ് ദിവ്യബലി മധ്യേ സന്ദേശത്തില്‍ പാപ്പ നല്‍കിയത്. ആ വിശ്വാസത്തിന്റെ വിദ്യാലയം ദൈവത്തിന്റെ മുന്‍പിലും സഹോദരന്റെ മുന്‍പിലും മുട്ടുകുത്താന്‍ നമ്മെ പഠിപ്പിക്കുന്നു. കാരണം ആര്‍ക്കും കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താനും അതേസമയം സ്വന്തം സഹോദരനെ നിന്ദിക്കാനും കഴിയില്ല. ആചാരങ്ങള്‍ക്കപ്പുറം, ദിവ്യകാരുണ്യ പ്രദക്ഷിണം സ്വാര്‍ത്ഥതയില്‍ നിന്നും ഉദാസീനതയില്‍ നിന്നും നമ്മെ പുറത്തുകൊണ്ടുവരാനുള്ള ആഹ്വാനമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് മാഡ്രിഡിന്റെ പ്രധാന വീഥികളിലൊന്നായ കാല്ലെ ഡി അല്‍കാലയിലൂടെ പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണം അവിസ്മരണീയമായ അനുഭവമായി. മുപ്പതിനായിരത്തിലധികം പുഷ്പങ്ങള്‍ കൊണ്ട് തയാറാക്കിയ 16 അലങ്കാര പരവതാനികള്‍ വിരിച്ച പാതയിലൂടെയാണ് പാപ്പ ദിവ്യകാരുണ്യ പ്രദിക്ഷണം നയിച്ചത്. ദിവ്യകാരുണ്യ നാഥന്‍ ദേവാലയത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അവിടുന്ന് തെരുവുകളിലൂടെ, നമ്മോടൊപ്പം നടക്കുന്നുണ്ടെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ അടുത്തിടെ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുള്‍പ്പെടെ വലിയൊരു വിശ്വാസിസമൂഹം പാപ്പയോടൊപ്പം പങ്കുചേര്‍ന്നു.


