
മാധ്യമങ്ങളിലൂടെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത് തന്റെ വിളിക്കുള്ളിലെ വിളിയായി കണ്ട് ജീവിതം സമര്‍പ്പിച്ച വിന്‍സന്‍ഷ്യന്‍ വൈദികന്‍ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യഗാനം- നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ റെക്കോര്‍ഡ് ചെയ്തിട്ടു അര നൂറ്റാണ്ട് തികയുന്നു. തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ, തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍, ആത്മാവിന്‍ ആഴങ്ങളില്‍, സ്‌നേഹിച്ചു സ്‌നേഹിച്ച് ഈ കരിക്കട്ടയെ വൈഡുര്യമാക്കിയ ദൈവ പൂത്രാ, പഞ്ചാഗ്നി മധ്യേ തപസിരുന്നിട്ടും സര്‍വേശ്വര നിന്നെ അറിഞ്ഞില്ല ഞാന്‍, ഇങ്ങനെ മനസിനെയും ആത്മാവിനെയും ചിന്തകളെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന 700 ലേറെ ഭക്തിഗാനങ്ങള്‍ എഴുതി റിക്കോര്‍ഡ് ചെയ്ത അതുല്യ പ്രഭയുടെ തിരപ്പുറപ്പാടിന് അര നൂറ്റാണ്ടാവുന്നു.
എഴുത്തു വഴികളിലെ പരിചിത നാമവും വചന വേദികളിലെ സൗമ്യ സാന്നിധ്യവും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ നിറസാന്നിധ്യവുമാണ് അച്ചന്‍. ദീപികപത്രത്തില്‍ സൂര്യഗ്രഹണം എന്ന തുടര്‍ നോവല്‍ പ്രസിദ്ധീകരിച്ച വൈദിക വിദ്യാര്‍ത്ഥി, കന്മഴ പെയ്യുമ്പോള്‍ എന്ന ചലച്ചിത്രം നിര്‍മ്മിച്ച പുരോഹിതന്‍, സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കിയ സന്യാസി, ദൃശ്യമാധ്യമങ്ങളെ ദുരുപയോഗിച്ച് ക്രൈസത്വ വിശ്വാസത്തെക്കുറിച്ച് അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സത്യം അറിയിക്കുവാന്‍ ഫ്രീഡം ടിവി എന്ന ചാനല്‍ നടത്തിയവന്‍… ഇങ്ങനെ അച്ചന്റെ വിശേഷണങ്ങള്‍ നീളുകയാണ്. കാലാതീതമായി നിലകൊള്ളാന്‍ കെല്‍പ്പുള്ള അര്‍ത്ഥവും ഭാവവും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍.
യേശുദാസിന് ഇഷ്ടപ്പെട്ട ഗാനം
ആദ്യ ഗാനത്തിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. ”വിന്‍സന്‍ഷ്യന്‍ സഭയുടെ പുനരുദ്ധാരണത്തിന്റെ ജൂബിലി വര്‍ഷമായിരുന്നു 1976. ജൂബിലി ഗാനത്തിന് ആബേലച്ചനെ സമീപിച്ചു. തിരക്കിലായിരുന്ന അച്ചന്‍ ഒരാഴ്ച കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു. തിരക്കു കാരണം അപ്പോഴും അച്ചന് എഴുതാനായില്ല. എളമ്പാശേരി അച്ചന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. എന്നെ ചൂണ്ടി ആബേലച്ചന്‍ പറഞ്ഞു. ഈ അച്ചന് ഭാവന ഉണ്ടല്ലോ അച്ചന്‍ എഴുതട്ടെ. ഇളമ്പാശേരില്‍ അച്ചന്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ എഴുതി. ആബേലച്ചനെ കാണിച്ചു, അച്ചന് ഇഷ്ടപ്പെട്ടു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഗാനത്തിന് ഈണം പകര്‍ന്നു. അങ്ങനെ ആദ്യത്തെ ഗാനം പിറന്നു. കൊച്ചിന്‍ ആര്‍ട്‌സ ആന്‍ഡ് കമ്മ്യൂണിക്കേഷനിലാണ് റെക്കോര്‍ഡ് ചെയ്തത്. ഗാനം കേട്ട യേശുദാസ് ആ പാട്ട് പാടാന്‍ താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം പുറത്തിറക്കിയ ദൈവപുത്രന്‍ എന്ന എല്‍.പി ഡിസ്‌ക്കില്‍ ചേര്‍ത്തു. കേരളം മുഴുവന്‍ ആ പാട്ട് ഏറ്റുപാടി.” പനച്ചിക്കലച്ചന്‍ ഓര്‍ത്തെടുത്തു.
ജയച്ചന്ദ്രന്‍, ജെറി അമല്‍ദേവ്, ഉരുളിയാനിക്കലച്ചന്‍
ഡോ. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, സുജാത, എസ്. ജാനകി തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഗായകരെല്ലാം അച്ചന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ജയച്ചന്ദ്രന്‍, ജെറി അമല്‍ ദേവ്, ഉരുളിയാനിക്കലച്ചന്‍ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ സംഗീത സംവിധായകരെല്ലാം അച്ചന്റെ ഗാനങ്ങള്‍ക്കു ഈണം പകര്‍ന്നു. ഗാനങ്ങള്‍ക്കു ചേരുന്ന ചമല്‍ക്കാരമുള്ള വാക്കുകള്‍മാത്രം ഉപയോഗിച്ച ഗാനരചന നടത്തുന്ന അനുഗ്രഹിത കാലാകാരനാണ് പനച്ചിക്കലച്ചന്‍ കെ. ജയച്ചന്ദ്രന്‍ ഒരിക്കല്‍ പ്രശംസിക്കുകയും ചെയ്തു.
ഓരോ ഗാനത്തിന്റെയും പിന്നില്‍
ഓരോ ഗാനവും പിറക്കുന്നത് ഓരോ സാഹചര്യത്തിലാണ് എന്ന് അച്ചന്‍ ഓര്‍ക്കുന്നു. എല്ലാം പ്രാര്‍ത്ഥനയില്‍നിന്നും ക്രിസ്തു രഹസ്യങ്ങളെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെ പറ്റിയും ഉള്ള മനനങ്ങളില്‍ നിന്നും ഉയിര്‍കൊണ്ടവയാണ്. ധ്യാനങ്ങളില്‍ കൈ ഉയര്‍ത്തി പാടാന്‍ മടിക്കുന്ന വിശ്വാസികളെ സജീവമാക്കുവാന്‍ എഴുതിയതാണ് തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ എന്ന ഗാനം. ചിലര്‍ സിഡികള്‍ക്ക് തലക്കെട്ടായി ചില ശീര്‍ഷകങ്ങള്‍ തിരഞ്ഞെടുത്ത ശേഷം ആ വരികളുള്ള ഗാനം ചോദിച്ചു എഴുതിച്ച ഗാനങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ‘തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍’ എന്ന ഗാനം. ‘ആത്മാവിന്‍ ആഴങ്ങളില്‍’ എന്ന ഗാനവും ഉദാഹരണമാണ്. ഇങ്ങനെ നിര്‍ദേശവുമായി വരുന്നവര്‍ക്ക് അതിലും നല്ല ശീര്‍ഷകം കൊടുത്ത അവസരങ്ങളും ഉണ്ട്.
ആത്മാഭിഷേകം കിട്ടിയത്
”ഞങ്ങള്‍ പട്ടമേറ്റതോടെ സഭ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളില്‍ ഏറെ സജ്ജിവമായി. എളമ്പാശേരി അച്ചനായിരുന്നു പരിപാടികളുടെ ഡയറകടര്‍. ഞാന്‍ സഹായിയും. ഈ ശുശ്രൂഷയുടെ ഭാഗമായാണ് പോട്ടയില്‍ എത്തിയതും നായിക്കംപറമ്പിലച്ചനും പനക്കലച്ചനും ഒപ്പം ജീവിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. ദൈവം മനുഷ്യനെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് കാത്തിരിക്കുന്നത്. ദൈവം മനുഷ്യനില്‍ നിന്നുമല്ല മനുഷ്യന്‍ ദൈവത്തില്‍ നിന്നാണ് ഓടി അകന്നത്. ഓടിപ്പോയ മനുഷ്യനോട് ദൈവ സ്‌നേഹത്തിന്റെ സത്യം വെളിപ്പെടുത്തനാണ് ഈശോ വന്നത്. പാപിയായ മനുഷ്യനെ സ്വന്തമാക്കുവാന്‍ അവസാന തുള്ളി രക്തം വരെ ചിന്തുന്നവിധം ദൈവം സ്‌നേഹിക്കുന്നു എന്ന് ഈശോ ജീവിച്ചു കാണിച്ചു തന്നു.” പനച്ചിയ്ക്കലച്ചന്‍ പറയുന്നു. ഈ ചിന്ത പങ്കുവയ്ക്കുന്ന 10 പുസ്തകങ്ങളും അച്ചന്‍ എഴുതിയിട്ടുണ്ട്.
ജിവിത കഥ
പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയില്‍ പനച്ചിക്കല്‍ ദേവസ്യ -ഏലി ദമ്പതികളുടെ നാലാമത്തെ മകനായി 1948 സെപ്റ്റംബര്‍ ആറിനാണ് പനച്ചിക്കല്‍ അച്ചന്റെ ജനനം. തുടര്‍ന്ന് അവര്‍ മൂലമറ്റത്തിന് മാറിത്താമസിച്ചതുകൊണ്ട് ഭരണങ്ങാനത്ത് പിതാവിന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം. അഞ്ചാം വയസ് ആയപ്പോഴേക്കും തൊടുപുഴക്കടുത്ത് നെടിയശാലയിലേക്ക് പോയി. കുട്ടിക്കാലം ഏറെയും ചെലവിട്ടത് ഭരണങ്ങാനത്തായതുകൊണ്ട് ചെറുപ്പം മുതല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുമായി അടുപ്പമുണ്ട്. ഇന്നും അച്ചന്റെ മേശപ്പുറത്ത് അല്‍ഫോന്‍സാമ്മയുടെ ഒരു യഥാര്‍ത്ഥ ഫോട്ടോ സൂക്ഷിച്ചിരിക്കുന്നു.
1974 ല്‍ അങ്കമാലിയില്‍ വച്ച് മാര്‍ സെബസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍ നിന്നും തിരുപ്പട്ടം സ്വികരിച്ചു. വൈദിക പട്ടത്തിന് ശേഷം ആലുവ യു.സി കോളജില്‍ ചേര്‍ന്ന് മലയാളത്തില്‍ ബിരുദമെടുത്തു. ബോംബെ സെന്റ് സേവ്യേഴസില്‍ നിന്നും മീഡിയ സ്റ്റഡിസില്‍ പി.ജി ഡിപ്ലോമ എടുത്തു.കൊച്ചി ഭാരതിയ വിദ്യാഭവനില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടി.
അവാര്‍ഡുകള്‍
സഭയും സമുഹവും എണ്ണംപറഞ്ഞ അവാര്‍ഡുകള്‍ സമ്മാനിച്ചുകൊണ്ട് ഈ മഹാപ്രതിഭയെ ആദരിച്ചു. മികച്ച ഗാനരചയിതാവിനുള്ള കെസിബിസിയുടെ അവാര്‍ഡ് രണ്ടു വട്ടം അച്ചനു ലഭിച്ചു. മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള ശാലോം മീഡിയ അവാര്‍ഡ്, വിന്‍സന്‍ഷ്യന്‍ സഭയുടെ 2025 ലെ ലൂമിനസ് അവാര്‍ഡ് എന്നിവ അച്ചന് ലഭിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മറ്റി വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങള്‍ രചിക്കുവാന്‍ അച്ചനെയാണ് നിയോഗിച്ചത്.
ആദ്യ മലയാള ഓഡിയോ ബൈബിള്‍
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഓഡിയോ ബൈബിള്‍ 2011 ല്‍ പുറത്തിക്കിയത് ഫാ. പനച്ചിക്കലാണ്. ‘ഞാന്‍ കോതമംഗലത്തുള്ള ആശ്രമത്തില്‍ അന്തേവാസിയായിരിക്കുന്ന കാലം ഒരു ദിവസം ഡല്‍ഹിയിലുള്ള ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ലീഡര്‍ എന്റെ ടെലിഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു ഞങ്ങള്‍ക്ക് ഒരു സന്ദേശം കിട്ടി. ബൈബിള്‍ ഓഡിയോ ബുക്ക് ഉണ്ടാക്കണം. അതിനായി അച്ചനെ സമീപിക്കണം. മലയാളം ബൈബിള്‍ മുഴുവന്‍ വായിച്ചു റെക്കോര്‍ഡ് ചെയ്യാനാണ് അവരുടെ ആഗ്രഹം. നമുക്കു പ്രാര്‍ത്ഥിച്ചു നോക്കാം. അവരെ നിരാശപ്പെടുത്താതെ ഫോണ്‍ വച്ചു.
ഏതാനും ദിവസം കഴിഞ്ഞ് വിയന്നായില്‍ നിന്നും സജി ജേക്കബ് എന്ന യുവാവ് വിളിച്ചു. സജിയുടെ ആവശ്യവും മലയാളം ബൈബിള്‍ ഓഡിയോ ബുക്ക് ഉണ്ടാക്കുകയായിരുന്നു. അച്ചന് സാധിക്കും സജി പറഞ്ഞു. സജിയോടും ഞാന്‍ പറഞ്ഞു പ്രാര്‍ത്ഥിക്കാം. ഓഡിയോ ബുക്ക് ഉണ്ടാക്കുന്നതിനുള്ള ചെലവ് ഓര്‍ത്ത് അച്ചന്‍ വിഷമിക്കണ്ട. അതിലേക്കായി 50,000 രൂപ ഇന്നു തന്നെ ഞാന്‍ അച്ചന്റെ പേരില്‍ അയക്കുന്നുണ്ട്. സജി പണം അയച്ചു. പക്ഷേ ഞാന്‍ അപ്പോഴും ഒരു തീരുമാനത്തില്‍ എത്തിയില്ല. അങ്ങനെയിരിക്കെ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാന്‍ പോയി. എനിക്കു കൗണ്‍സലിംഗ് തന്ന കന്യാസ്ത്രി ഒരു ദര്‍ശനം പങ്കുവച്ചു. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ബൈബിള്‍ ഒന്നാം അധ്യായം മുതല്‍ ഓരോ താളും മറിഞ്ഞു മറിഞ്ഞു പോകുന്നതായി കാണുന്നു. താളുകള്‍ മറിയുന്നതിന് അനുസരിച്ച് പ്രകാശം വര്‍ദ്ധിച്ചു വരുന്നു. അര്‍ത്ഥം സിസ്റ്ററിന് പിടികിട്ടിയില്ല. അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ ഈ നിര്‍ദേശത്തെക്കുറിച്ചു പറഞ്ഞു. അപ്പോള്‍ അതു തന്നെയാണ് സന്ദേശം. അച്ചന്‍ എത്രയും വേഗം അതു ചെയ്യണം. അവര്‍ പറഞ്ഞു.
സോറിയാസിസും ആസ്തമയും മാറി
അക്കാലം വരെ കടുത്ത ആസ്തമാ രോഗിയായിരുന്നു ഞാന്‍. ഈ കൗണ്‍സലിംഗ് കഴിഞ്ഞ് അരമണിക്കൂറിനകം രോഗം മാറി. ദൈവിക പദ്ധതിയാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ധ്യാനം കഴിഞ്ഞു. കോതമംഗലത്തു വന്നു. വണ്ടിയിറങ്ങി നോക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു ഓഡിയോ സ്റ്റുഡിയോ. ട്രിനിറ്റി സ്റ്റുഡിയോ. അതിനു മുമ്പ് ഒരിക്കലും ആ സ്റ്റുഡിയോ എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. അവിടെ കയറി വിവരങ്ങള്‍ തെരക്കി. അവര്‍ക്കു സന്തോഷം റിക്കോര്‍ഡിംഗ് ആരംഭിച്ചു. സാവകാശം ആശ്രമത്തില്‍ തന്നെ ഒരു താല്ക്കാലിക ഓഡിയോ റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ‘സെറ്റപ്പാക്കി’. 171 ദിവസം കൊണ്ട് ഞങ്ങള്‍ ആ ദൗത്യം പൂര്‍ത്തിയാക്കി.. ഒരു സൗഖ്യം കൂടി ദൈവം തന്നു.
എനിക്ക് അഞ്ചു വര്‍ഷമായി സോറിയാസിസ് ഉണ്ടായിരുന്നു. നാലഞ്ചു ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടി. പൂര്‍ണ സൗഖ്യം ഇല്ലെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍, ബൈബിള്‍ റിക്കോര്‍ഡിംഗ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എന്റെ സോറിയാസിസ് പൂര്‍ണമായും മാറി. വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നില്ലേ അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു എന്ന് (16.20) അത്തരം ഒരു അനുഭവം. ഇത്രയും വായിച്ചിട്ടും ഒരേ ടോണില്‍ അവസാനം വരെ എനിക്ക് വായിക്കാനായി എന്നതും ഒരു അത്ഭുതമാണ്.”
മൂന്നര ലക്ഷം രൂപ ചെലവുവന്നു. വിയന്നയിലുള്ള സജിയാണ് അതു മുഴുവന്‍ വഹിച്ചത്. നാട്ടിലും വിദേശത്തും മലയാളികള്‍ ഏറെ താല്പര്യത്തോടെ ഉപയോഗിക്കുന്ന ഒന്നാണ് ഓഡിയോ ബൈബിള്‍. രോഗക്കിടക്കയില്‍ ആയിരിക്കുന്നവര്‍, കാറില്‍ യാത്ര ചെയ്യുന്നവര്‍, വെറുതെ ഇരിക്കുന്നവര്‍… ഒക്കെ ദൈവവചനം ഓണാക്കി വയക്കുന്നു. വിദേശ മലയാളികള്‍ക്കിടയില്‍ വളരെ പ്രചാരമുണ്ട്. മലയാളം ബൈബിളിന്റെ ആ ഓഡിയോ വിപണിയില്‍ ഇപ്പോഴും ലഭ്യമാണ്.
അച്ചന്റെ ശബ്ദം എനിക്ക് ദൈവത്തിന്റെ ശബ്ദമാണ്
കേരളസഭയിലെ ഒരു മെത്രാന്‍ ഒരിക്കല്‍ മൈക്കിള്‍ പനച്ചിക്കല്‍ അച്ചനെ കണ്ടപ്പോള്‍ പറഞ്ഞു. ‘കുറെക്കാലമായി അച്ചന്റെ ശബ്ദം എനിക്കു ദൈവത്തിന്റെ ശബ്ദമാണ്.” പനച്ചിക്കല്‍ അച്ചന്‍ വായിച്ചു റെക്കോര്‍ഡ് ചെയ്ത സമ്പൂര്‍ണ്ണ മലയാളം ബൈബിളിനെക്കുറിച്ചായിരുന്നു ആ വാക്കുകള്‍. അച്ചന്‍ റെക്കോര്‍ഡ് ചെയ്ത സി.ഡി പിതാവ് എല്ലാ ദിവസും കേള്‍ക്കുമായിരുന്നു. ഇത് പിതാവിന്റെ മാത്രം അനുഭവമല്ല. അച്ചന്റെ ഓഡിയോ ബൈബിള്‍ കേള്‍ക്കുന്ന പലരുടെയും അനുഭവമാണ്.
കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുഖപത്രം എന്നു വിശേഷിക്കാവുന്ന വചനോത്സവത്തിന്റെ സ്ഥാപക പത്രാധിപരാണ് പനച്ചിക്കലച്ചന്‍. വചനോത്സവം എന്ന പേരും പിറന്നതും അച്ചന്റെ ഭാവനയില്‍നിന്നായിരുന്നു.
ടി. ദേവപ്രസാദ്

