ജന്മനാട്ടില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടാകണം!അഭയാര്‍ത്ഥികളെ നെഞ്ചോട് ചേര്‍ത്ത് പാപ്പ

Pope embraces refugees

‘ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ മറ്റ് ഇടങ്ങളില്‍ അഭയം തേടാനുള്ള അവകാശമുള്ളതുപോലെ തന്നെ, ജന്മനാട് വിട്ടുപോകാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്,’ആഫ്രിക്കന്‍ തീരങ്ങളില്‍ നിന്ന് ജീവന്‍ പണയം വച്ച് കടല്‍ കടന്നെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ വേദനകളെ നെഞ്ചോട് ചേര്‍ത്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്. കുടിയേറ്റ പ്രതിസന്ധിയോടുള്ള കത്തോലിക്കാ സഭയുടെ നിലപാടും കാരുണ്യവും വ്യക്തമാക്കുന്നതായിരുന്നു ഗ്രാന്‍ കനാരിയ ദ്വീപിലെ ആദ്യ ചടങ്ങില്‍ മാര്‍പാപ്പ നടത്തിയ പ്രസ്താവന.

ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി ബോട്ടുകള്‍ ഏറ്റവും കൂടുതല്‍ വന്നെത്തുന്ന ‘അര്‍ഗ്വിനെഗ്വിന്‍’ കടല്‍ത്തീരത്തേക്കായിരുന്നു ഗ്രാന്‍ കനാരിയ ദ്വീപിലെ പാപ്പയുടെ ആദ്യ സന്ദര്‍ശനം. മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് കടലിലെ വന്‍തിരമാലകളോട് പോരാടി, യൂറോപ്പിനെ ലക്ഷ്യം വച്ച് യാത്ര ചെയ്യുന്നവരുടെ ഇടത്താവളമാണ് ഈ തുറമുഖം. അപകടകരമായ കടല്‍ യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളുടെ ഓര്‍മകള്‍ പേറുന്ന തീരം കൂടെയാണിത്. അവിടെ ഒത്തുകൂടിയ രണ്ടായിരത്തോളം വരുന്ന കുടിയേറ്റക്കാര്‍, സന്നദ്ധസംഘടനകളടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ സാക്ഷിയാക്കി മാര്‍പാപ്പ കടലില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് ലാസ് പാല്‍മാസിലെ സാന്താ അന്ന കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. സ്വര്‍ഗരാജ്യത്തിലേക്കുള്ള വഴി കാരുണ്യത്തിന്റേതാണെന്ന് പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു. കഠിനമായ പ്രതിസന്ധികളാല്‍ വലയുന്ന സഹോദരങ്ങളുടെ ഭാരങ്ങള്‍ ഒപ്പം ചുമക്കുക എന്നതാണ് കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ ദൗത്യമെന്ന് പാപ്പ പറഞ്ഞു.

ഗ്രാന്‍ കനാരിയ സ്റ്റേഡിയത്തില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ തലേദിവസം നടന്ന ദിവ്യബലിയില്‍ നാല്‍പ്പതിനായിരത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ക്രിസ്തുവും സഭയും വേദനിക്കുന്നവര്‍ക്കൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അഭയാര്‍ത്ഥികള്‍ക്കൊപ്പം ചിലവഴിച്ച പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ആറാം ദിനം ഈ അപ്പസ്‌തോലികയാത്രയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഏടുകളിലൊന്നായി മാറി.

Related Articles
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.