‘ചിലര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഇത്രയധികം ദുരിതങ്ങള്‍ ഉണ്ടാകുന്നത്?’; ആറുവയസുകാരന്‍റെ ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി പാപ്പ

Pope answer to six year old

ബാഴ്‌സലോണ: ‘ചിലര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഇത്രയധികം ദുരിതങ്ങള്‍ ഉണ്ടാകുന്നത്? ഇത്രയധികം മനുഷ്യര്‍ തെരുവില്‍ ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?’ ആറു വയസു മാത്രം പ്രായമുള്ള റെന്‍സോയുടെ ഈ ചോദ്യങ്ങള്‍ക്ക് ലിയോ 14-ാമന്‍ പാപ്പ നല്‍കിയ മറുപടി, റെന്‍സോയ്ക്ക് മാത്രമല്ല സമാനമായ സംശയങ്ങളുള്ള അനേകര്‍ക്കുള്ള ഉത്തരമായി. പെറുവിലെ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടി സ്‌പെയിനിലേക്ക് കുടിയേറിയ ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ് കുഞ്ഞു റെന്‍സോ.

‘സഗ്രാഡ ഫാമിലിയ’ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനും ടവര്‍ ഓഫ് ജീസസ് ആശീര്‍വദിക്കുന്നതിനും മുന്നോടിയായി നഗരത്തിലെ പിന്നോക്ക മേഖലയായ ‘റാവല്‍’ എന്ന പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് റെന്‍സോയുമായി പാപ്പ കണ്ടുമുട്ടിയത്. അവിടെ മിഷണറീസ് ഓഫ് ചാരിറ്റിയും മനോ അമിഗോ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന സൗജന്യ ഭക്ഷണശാലയുണ്ട്. ആ കോമ്പൗണ്ടില്‍ തന്നെയുള്ള സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ വച്ചാണ് പാപ്പയും റെന്‍സോയും തമ്മില്‍ ആ വികാരനിര്‍ഭരമായ സംഭാഷണം നടന്നത്.

കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ അല്പനേരം നിശബ്ദനായ മാര്‍പാപ്പ, ‘റെന്‍സോ, നിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല.’ എന്ന ആമുഖത്തോടെയാണ് മറുപടി ആരംഭിച്ചത്. തുടര്‍ന്ന് നന്മ ചെയ്തിട്ടും ക്രൂശിക്കപ്പെട്ട യേശുവിനെ ധ്യാനിക്കുന്നതിലൂടെ അവന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവുമെന്ന് പാപ്പ വിശദീകരിച്ചു. ‘യേശുവിന്റെ ജീവിതം നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഈ ഭൂമിയില്‍ നന്മ മാത്രം ചെയ്ത യേശുവും ഒടുവില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍ അത് അവിടെ അവസാനിച്ചില്ല, മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു, തിന്മയെയും മരണത്തെയും കീഴടക്കി,’ പാപ്പ പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും ദൈവം തന്റെ മക്കളില്‍ ഒരാളെപ്പോലും ഉപേക്ഷിക്കില്ലെന്ന് യേശുവിന്റെ ജീവിതം കാണിച്ചുതരുന്നതായി പാപ്പ തുടര്‍ന്നു. വേദനയോ കണ്ണീരോ ഇല്ലാത്ത ഒരു നിത്യസന്തോഷമാണ് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നത്. ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ അതിജീവിക്കാന്‍ യേശു നമുക്ക് കരുത്ത് നല്‍കുമെന്ന് പാപ്പ റെന്‍സോയെ ധൈര്യപ്പെടുത്തി.

ഗൗരവമേറിയതും ക്ലേശകരവുമായ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് ‘കുട്ടിയായിരുന്നപ്പോള്‍ അങ്ങേക്ക് മാര്‍പാപ്പ ആകാന്‍ ആഗ്രഹമുണ്ടായിരുന്നോ?’ എന്ന റെന്‍സോയുടെ ചോദ്യത്തിനും ചിരിയോടെ മാര്‍പാപ്പ മറുപടി നല്‍കി: ‘എനിക്ക് ചെറുപ്പത്തിലോ പ്രായമായപ്പോഴോ ഒന്നും മാര്‍പാപ്പ ആകാന്‍ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല! എന്നാല്‍ ദൈവം വിളിക്കുമ്പോള്‍ നമ്മള്‍ ‘യേസ്’ എന്ന് പറഞ്ഞേ തീരൂ.’

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയമായ സഗ്രാഡ ഫാമിലിയ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനു മുമ്പ് സ്‌പെയിനിലെ പ്രവാസി കുടുംബങ്ങളുടെയും ദരിദ്രരുടെയും വേദനകളിലേക്ക് ഇറങ്ങിച്ചെന്ന പാപ്പ, സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെ പുതിയ വെളിച്ചം പകര്‍ന്നാണ് അവിടെനിന്നും മടങ്ങിയത്.

Related Articles
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.