
ഇടുക്കി: ഇടുക്കി രൂപതയില്‍ നടന്ന അധ്യാപക അനധ്യാപക സ്‌നേഹ സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പലവിധ സാഹചര്യങ്ങളില്‍നിന്നും വരുന്ന വിദ്യാര്‍ത്ഥികളോട് തന്മയീഭാവപ്പെടുന്ന അധ്യാപകരാണ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാറിവരുന്ന സര്‍ക്കാരുകളുടെ നിയമങ്ങളും നയങ്ങളും അധ്യാപന ജോലിയെ ക്ലേശകരമാക്കുന്നുണ്ടെങ്കിലും സാഹ ചര്യങ്ങളോട് പൊരുത്തപ്പെട്ട് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ ഉദ്‌ബോധിപ്പിച്ചു.
സ്‌നേഹ സംഗമത്തിന് ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്ഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ മുഖ്യപ്രഭാഷണം നടത്തി. അറിവിനുപരിയായി കുട്ടികളിലെ നൈപുണ്യ വികസനത്തിന് ഊന്നല്‍കൊടുക്കുന്ന സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റമാണ് എസ്ഇആര്‍ടി ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ നിസ്വാര്‍ത്ഥമായ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളെ ഡോ. ജയപ്രകാശ് അഭിനന്ദിച്ചു.
ഇടുക്കി രൂപതാ വികാരി ജനറാളുമാരായ മോണ്‍. അബ്രഹാം പുറയാറ്റും മോണ്‍. ജോസ് നരിതൂക്കിലും അനുഗ്രഹ പ്രഭാഷണം നടത്തി. രാജകുമാരി ഹോളി ക്യുന്‍സ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്, അനധ്യാപക പ്രതിനിധി റെജിസണ്‍ മാനുവല്‍, ഇടുക്കി രൂപതാ ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി രൂപതാ പ്രഥമ മെത്രാനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക-അനധ്യാപക അവാര്‍ഡുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, അധ്യാപക കലോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ സമ്മേളനത്തില്‍ വിതരണം ചെയ്തു.
ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയിലെ ആയിര ത്തിലധികം അധ്യാപക-അനധ്യാപകര്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു.

