
ബൊഗോത/കൊളംബിയ: തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് നിയുക്ത കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല. കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്. ജൂണ്‍ 20-ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കൊളംബിയയുടെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എസ്പ്രിയല്ല വിജയത്തിന് ശേഷം ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനായി നടത്തുന്ന ഈ തീര്‍ത്ഥാടന യാത്ര അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഒരോ ദൈവാലയങ്ങളിലും അദ്ദേഹം നടത്തിയ പ്രത്യേക പ്രാര്‍ത്ഥനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജൂണ്‍ 26-ന് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. രാജ്യത്തെ ദൈവത്തിന് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തീര്‍ത്ഥാടനം എല്‍ മോറോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് എസ്പ്രിയല്ല ആരംഭിച്ചത്. തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് അദ്ദേഹം ഇവിടെവെച്ചാണ് സമര്‍പ്പിച്ചത്. പിന്നീട് ‘ഔവര്‍ ലേഡി ഓഫ് ദി റെമഡീസ്’ കത്തീഡ്രല്‍ സന്ദര്‍ശിച്ച നിയുക്ത പ്രസിഡന്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായും രോഗികള്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി.
‘ലോര്‍ഡ് ഓഫ് മിറാക്കിള്‍സ്’ ബസിലിക്കയായിരുന്നു തീര്‍ത്ഥാടനത്തിലെ അദ്ദേഹത്തിന്റെ അടുത്ത സ്റ്റോപ്പ്. കൊളംബിയയുടെ സുരക്ഷ, സമാധാനം, സായുധ സേനാംഗങ്ങളുടെ ക്ഷേമം, ഓരോ കുടുംബങ്ങളുടെയും സംരക്ഷണം എന്നിവയ്ക്കായി അദ്ദേഹം ഇവിടെ പ്രാര്‍ത്ഥിച്ചു.കാര്‍ത്തജേനയിലെ വിശുദ്ധ പീറ്റര്‍ ക്ലാവറിന്റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടാണ് ആദ്യ ദിനത്തിലെ തീര്‍ത്ഥാടനം അവസാനിപ്പിച്ചത്. പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളെ മറക്കാതെ അവര്‍ക്ക് നീതിയും അന്തസ്സും ഉറപ്പാക്കുന്നതിനുള്ള കൃപയ്ക്കായാണ് അദ്ദേഹം ഇവിടെ വച്ച് പ്രാര്‍ത്ഥിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തെത്തുടര്‍ന്നാണ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നു വന്നത്. മറ്റ് ക്രൈസ്തവ സഭകളുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. നിലവിലെ പ്രസിഡന്റായ ഗുസ്താവോ പെട്രോയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ, 2026 ഓഗസ്റ്റ് 7-ന് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല കൊളംബിയയുടെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. തന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിന് മുമ്പ് കൊളംബിയ എന്ന രാഷ്ട്രത്തെ ദൈവത്തിന്റെ കരങ്ങളിലേക്ക് പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന ഈ തീര്‍ത്ഥാടനം, വ്യക്തിഗത പ്രതിസന്ധികളില്‍ അദ്ദേഹത്തിന് ആശ്രയമായി മാറിയ അടിയുറച്ച വിശ്വാസത്തിന്റെ പരസ്യമായ പ്രഖ്യാപനം കൂടെയായി മാറിയിരിക്കുകയാണ്.

