അധികാരത്തിന്റെ ചെങ്കോല്‍ വെടിഞ്ഞ് വൈദികന്റെ ലാളിത്യത്തിലേക്ക്; ഫാ. മൈക്കല്‍ ടേറ്റ് ഓര്‍മ്മയായി

Fr Michael Tate remembered for simplicity and service

ഹോബാര്‍ട്ട്/ ഓസ്ട്രേലിയ: ഓസ്‌ട്രേലിയയിലെ നീതിന്യായ മന്ത്രി, വത്തിക്കാനിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ച ശേഷം ഒടുവില്‍ ദൈവവിളിയുടെ വഴി സ്വീകരിച്ച് ഒരു സാധാരണ  വൈദികനായി ജീവിച്ച ഫാ. മൈക്കല്‍ ടേറ്റ്  ഓര്‍മയായി. രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് അള്‍ത്താരയുടെ വിശുദ്ധിയിലേക്ക് ജീവിതം പറിച്ചുനട്ട ഫാ. ടേറ്റ് (80) ദീര്‍ഘകാലമായി രോഗബാധിതനായി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ആര്‍ച്ചുബിഷപ് ടോണി അയര്‍ലന്‍ഡില്‍നിന്ന് രോഗീലേപനവും സ്വീകരിച്ചാണ്  ഫാ. മൈക്കല്‍ ടെറ്റ്  ജൂണ്‍ 5-ന് നിത്യതയിലേക്ക് യാത്രയായത്.

പാപ്പയെ അമ്പരപ്പിച്ച മറുപടി

1996-ല്‍ വത്തിക്കാനിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ പദവി ഒഴിയുന്ന സമയത്താണ് മൈക്കല്‍ ടേറ്റും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി ആ അസാധാരണ സംഭാഷണം നടന്നത്. അന്ന് ക്ഷീണിതനായിരുന്ന മാര്‍പാപ്പ  തന്നെ കാണാനെത്തിയ അംബാസിഡറിനോട് ഇങ്ങനെ ചോദിച്ചു: ‘ശരി, എക്സലന്‍സി, അടുത്തതായി എന്താണ് ചെയ്യാനാണ് പോകുന്നത്?’ ടേറ്റിന്റെ മറുപടി പെട്ടെന്നായിരുന്നു: ‘പരിശുദ്ധ പിതാവേ, ഞാന്‍ വൈദികനാകാന്‍ വേണ്ടി പഠിക്കാന്‍ പോവുകയാണ്.’ ഇതു കേട്ടതും പാപ്പയുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിരിഞ്ഞു. അദ്ദേഹം തന്റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ പറഞ്ഞു: ‘വൈകി വന്ന ദൈവവിളി, അല്ലേ! ‘. എന്നാല്‍ ടേറ്റ് തിരുത്തിപ്പറഞ്ഞു: ‘അല്ല പരിശുദ്ധ പിതാവേ, ഇത് വളരെ നേരത്തെ ഉണ്ടായതാണ്, പക്ഷേ അത് സ്വീകരിക്കാന്‍  വൈകിപ്പോയി എന്നുമാത്രം’.

രാഷ്ട്രീയ ചാണക്യന്‍

1945-ല്‍ സിഡ്നിയില്‍ ജനിച്ച മൈക്കല്‍ ടേറ്റ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് തിയോളജിയില്‍ മാസ്റ്റേഴ്സ് ബിരുദവും നിയമപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം 1977-ല്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതല്‍ 1993 വരെ ഹോക്ക്, കീറ്റിംഗ് സര്‍ക്കാരുകളില്‍ നീതിന്യായ മന്ത്രിയായി  തിളങ്ങി. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പുനഃസംഘടന, തോക്ക് നിയന്ത്രണ നിയമങ്ങള്‍ തുടങ്ങി ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തിലെ പല ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് പിന്നിലും കത്തേലിക്ക മൂല്യങ്ങളില്‍ അടിയുറച്ച് അദ്ദേഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായി.

‘സമയം തെറ്റാതെ’ എത്തിയ ദൈവവിളി

 1993-ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ കാരണം അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായി. ആ വര്‍ഷം തന്നെ സെനറ്റര്‍ സ്ഥാനം രാജിവെച്ച അദ്ദേഹം വൈകാതെ നെതര്‍ലാന്‍ഡിലേക്കും വത്തിക്കാനിലേക്കുമുള്ള ഓസ്ട്രേലിയന്‍ അംബാസഡറായി നിയമിതനായി. അവിടെവെച്ചാണ് തന്റെ ഉള്ളിലെ ദൈവവിളി അദ്ദേഹം തിരിച്ചറിഞ്ഞത്. 2000  മെയ് മാസത്തില്‍, തന്റെ 54-ാം വയസില്‍ ഹോബാര്‍ട്ടിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി.
മന്ത്രി പദവി വരെ അലങ്കിരിച്ച ശേഷം രാഷ്ട്രീയം വിട്ട് വൈദികനായി മാറിയ ഫാ. മൈക്കല്‍ ടേറ്റിന്റെ ജീവിതം ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാണ്. മന്ത്രിയായിരുന്ന കാലത്ത് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന മൈക്കല്‍ ടേറ്റ്, പിന്നീടുള്ള 26 വര്‍ഷങ്ങള്‍ ടാസ്മാനിയയിലെ സാധാരണക്കാരായ മനുഷ്യര്‍ക്കിടയിലാണ് ജീവിച്ചത്. ആള്‍ക്കൂട്ടങ്ങളോ കാമറക്കണ്ണുകളോ ഇല്ലാത്ത ജനങ്ങളുടെ പ്രിയപ്പെട്ട ‘ഫാ. മൈക്കല്‍’ ആയി അദ്ദേഹം മാറി.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്  ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് ഇപ്രകാരം പറഞ്ഞു -‘ മൈക്കല്‍ രാജ്യത്തിന് നല്‍കിയ സംഭാവന അതിന്റെ വ്യാപ്തി കൊണ്ടും ആഴംകൊണ്ടും അനിതരസാധാരണമാണ്. അദ്ദേഹം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും മന്ത്രി, നയതന്ത്രജ്ഞന്‍ എന്ന നിലകളിലും ആത്യന്തികമായി കത്തോലിക്ക വൈദികനെന്ന നിലയിലും ശോഭിച്ചു.’ ആര്‍ച്ചുബിഷപ്പ് അയര്‍ലന്‍ഡിന്റെ  വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ഫാ. മൈക്കല്‍ തികച്ചും വ്യത്യസ്തനായൊരു വ്യക്തിത്വമായിരുന്നു. അസാധാരണമായ ബുദ്ധിവൈഭവവും മികച്ച ആശയവിനിമയ ശേഷിയുമുണ്ടായിരുന്ന അദ്ദേഹം, തന്റെ ജനങ്ങളെ അത്രമേല്‍ സ്നേഹിച്ച, അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച അതിരുകളില്ലാത്ത കാരുണ്യമുള്ള ഒരു നല്ല ഇടയനായിരുന്നു.’

അധികാരത്തിന്റെ കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ വിനീത ദാസനായി മാറിയ ഫാ. മൈക്കല്‍ ടേറ്റിന്റെ ജീവിതം ഓസ്ട്രേലിയയിലെ വരുംതലമുറകള്‍ക്ക് വലിയ പ്രചോദനമാകും എന്നതില്‍ സംശയമില്ല.

Related Articles
Padre Pio statue weeping blood investigation

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് ‘രക്തക്കണ്ണീര്‍’;പ്രാഥമിക അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

Read More »
French Parliament backs seal of confession

കുമ്പസാര രഹസ്യം; മുട്ടുമടക്കി ഫ്രഞ്ച് പാര്‍ലമെന്റ്

പാരീസ്: കത്തോലിക്കാ സഭയിലെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വൈദികരെ നിര്‍ബന്ധിതരാക്കുന്ന വിവാദ നിയമനിര്‍മാണത്തില്‍ നിന്ന് ഫ്രാന്‍സ് പിന്മാറി. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫ്രാന്‍സ് നിയമനിര്‍മാണസഭ കൊണ്ടുവരുന്ന ബില്ലില്‍  ആഴ്ചകളായി തുടര്‍ന്നുവന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പാര്‍ലമെന്റ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.