
മാഡ്രിഡ്: പരിശുദ്ധ കുര്‍ബാനയുടെ (കോര്‍പ്പസ് ക്രിസ്റ്റി) തിരുനാളിനോടനുബന്ധിച്ച് ലിയോ 14-ാമന്‍ പാപ്പ മാഡ്രിഡിലെ സിബെലെസ് ചത്വരത്തില്‍ ഇന്നര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷം പേരെ. പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ജൂണ്‍ 7 ഞായറാഴ്ച) പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കും ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യപ്രദക്ഷിണത്തിനും മാഡ്രിഡ് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
മാഡ്രിഡിലെ പ്രശസ്തമായ സിബെലെസ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10-ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. തിരുനാള്‍ ബലിയില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് അതിരൂപത ഒരുക്കിയിരിക്കുന്നത്. 2300 പിക്‌സുകളില്‍ 200 തിരുവോസ്തി വീതം ഏകദേശം അഞ്ച് ലക്ഷത്തോളം തിരുവോസ്തികള്‍ നല്‍കാനുള്ള ക്രമീകരണമാണ് സംഘടകര്‍ നടത്തുന്നത്.
തുടര്‍ന്ന് മാഡ്രിഡിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ ഈശോയെയും വഹിച്ചുകൊണ്ട് നടത്തുന്ന പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടക്കും. സുരക്ഷാ-ക്രമീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ലോക യുവജനദിന ഓര്‍ക്കസ്ട്രയും വിവിധ സന്യാസ ആശ്രമങ്ങളിലെ ഗായകസംഘങ്ങളും ഉള്‍പ്പെടെ നാനൂറോളം പേരടങ്ങുന്ന സംഘമാണ് മാഡ്രിഡ് നഗരത്തെ ആശീര്‍വദിച്ചുകൊണ്ട് കടന്നുപോകുന്ന ദിവ്യകാരുണ്യനാഥന് സംഗീതത്തിന്റെ അകമ്പടി ഒരുക്കും.

