
ബെയ്‌റൂട്ട്: ആക്രമണങ്ങളുടെ നടുവിലും ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന നല്ലിടയനായ ദക്ഷിണ ലബനനിലെ മരോനൈറ്റ് വൈദികന്‍ ഫാ. പിയര്‍ അല്‍ റായ് ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. നേരത്തെ ഉണ്ടായ ആക്രണത്തില്‍ പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടയിലാണ് വൈദികന്റെ ദാരുണാന്ത്യം.
തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ ബോംബാക്രണം ഒരാഴ്ചയായി ശക്തമാക്കിയിരുന്നു. വൈദികമന്ദിരത്തിന് സമീപമുള്ള ഭവനത്തില്‍ പരിക്കേറ്റ വ്യക്തിയെ ശുശ്രൂഷിക്കാന്‍ ഓടിയെത്തിയതായിരുന്നു ഫാ. പിയര്‍ റായി. ആദ്യത്തെ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എത്തിയ വീടിനു നേരെ രണ്ടാമതും ആക്രമണമുണ്ടാവുകയായിരുന്നു.
ഫാ. പിയറിന്റെ മരണത്തില്‍ പാപ്പ അനുശോചനം പ്രകടിപ്പിച്ചു. മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളായ കുഞ്ഞുങ്ങള്‍ക്കും, ഫാ. പിയര്‍ എല്‍ റായിയെപ്പോലെ അവരെ സഹായിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ എന്നും പാപ്പ ആശംസിച്ചു.
നേരത്തെ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ഭവനം വിട്ടൊഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും അവിടെയുള്ള ക്രൈസ്തവര്‍ തങ്ങള്‍ പലായനം ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട വൈദികനായിരുന്ന ഫാ. പിയറിന്റെ മരണത്തോടെ പ്രദേശവാസികള്‍ ഭയാശങ്കയിലായിരിക്കുകയാണ്. ബെയ്‌റൂട്ടില്‍ മാത്രം അഞ്ച് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഉണ്ട്. തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ പലായനം തുടരുകയാണ്.

