
ഫുള്‍ഡ, ജര്‍മ്മനി: ഇത് ഫാ. ബ്രൂണോ കാന്റ്. ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായി വത്തിക്കാന്‍ അംഗീകരിച്ച വ്യക്തി. കഴിഞ്ഞ ഫെബ്രുവരി 26-ന് 110 -ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവും വിശ്വസ്തവുമായ വൈദിക സേവനത്തിന് നന്ദി അറിയിച്ചുകൊണ്ട് ലിയോ 14-ാമന്‍ പാപ്പ അയച്ച കാര്‍ഡില്‍ ഇപ്രകാരം കുറിച്ചു – ‘താങ്കള്‍ 110-ാം ജന്മദിനം ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്റെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു.’
1916 ഫെബ്രുവരി 26-ന് ജനിച്ച ഫാ. ബ്രൂണോ കാന്റ് 76 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷയില്‍ തുടരുകയാണ്. ജര്‍മ്മനിയിലെ ഫുള്‍ഡ രൂപതാംഗമായ അദ്ദേഹത്തിന്റെ ജീവിതം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഒന്‍പതാം വയസില്‍ തന്നെ വൈദികനാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം വൈദിക പഠനം തുടങ്ങിയെങ്കിലും നാസി ഭരണകൂടം അദ്ദേഹത്തെ നിര്‍ബന്ധിത സൈനിക സേവനത്തിന് അയച്ചു. റഷ്യയില്‍ നാല് വര്‍ഷത്തോളം യുദ്ധത്തടവുകാരനായി കഴിയേണ്ടി വന്നു. 1948-ല്‍ ജയില്‍ മോചിതനായ അദ്ദേഹം പിന്നീട് പഠനം പൂര്‍ത്തിയാക്കി 1950-ലാണ് വൈദിക പട്ടം സ്വീകരിച്ചത്.

102 വയസ്സ് വരെ അദ്ദേഹം സ്വയം കാര്‍ ഓടിക്കുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സമൂഹത്തോടൊപ്പം ദിവ്യബലിയര്‍പ്പിച്ചിരുന്ന ഫാ. കാന്റ് തന്റെ ചെറുപ്പത്തിന്റെ രഹസ്യവും മറച്ചുവയ്ക്കുന്നില്ല. ‘പ്രാര്‍ത്ഥനയാണ് എന്നെ ചെറുപ്പമായി നിലനിര്‍ത്തുന്നത്,’ എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നത്.

