
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ആദ്യ ക്രൈസ്തവരാജ്യമായ അര്‍മേനിയയിലെ അപ്പസ്തോലിക സഭയ്ക്കെതിരായ അര്‍മേനിയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലധികമായി അര്‍മേനിയന്‍ അപ്പസ്തോലിക സഭയ്ക്കെതിരെ ഗവണ്‍മെന്റ് പിന്തുടരുന്ന ഏകാധിപത്യപരവും ദ്രോഹകരവുമായ നടപടികള്‍ ഇപ്പോഴും തുടരുകയാണെന്ന് നയതന്ത്രവിദഗ്ധനായ ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍മേനിയന്‍ അപ്പസ്തോലിക് സഭാ തലവന്‍ കാതോലിക്കോസ് ഗാരെഗിന്‍ രണ്ടാമനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരവധി ബിഷപ്പുമാരെ ജയിലിലടയ്ക്കുകയും ചെയ്ത പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവന. ഓസ്ട്രിയയില്‍ നടക്കേണ്ടിയിരുന്ന സഭാ തലവന്മാരുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കാതോലിക്കോസിനെ തടഞ്ഞത് ഗൗരവകരമായ വിഷയമാണെന്ന് ഫെര്‍ണാണ്ടസ് ചൂണ്ടിക്കാണിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യം തുര്‍ക്കിയിലെയോ സിറിയയിലെയോ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെപ്പോലെ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് സമാധാനത്തിന്റെ ഏക വക്താവ് താനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പാഷിന്യാന്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍’ പ്രസിഡന്റ് ജോണ്‍ ഐബ്നര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ അര്‍മേനിയന്‍ അപ്പസ്തോലിക സഭ നേരിടുന്ന പീഡനത്തെ ചെറുക്കുവാന്‍ ട്രംപ് ഭരണകൂടം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ഐബ്നര്‍ ആവശ്യപ്പെട്ടു.

