
വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന പേപ്പല്‍ തിരുക്കര്‍മങ്ങളുടെ വിശദമായ സമയക്രമം വത്തിക്കാന്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് പുറത്തുവിട്ടു. ലിയോ 14-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആദ്യ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 29-ന് ഓശാന ഞായറാഴ്ച നടത്തുന്ന കുരുത്തോല വെഞ്ചരിപ്പോടെ തുടക്കമാകും.
മാര്‍ച്ച് 29-ന് രാവിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ഓശാന ഞായര്‍ ദിവ്യബലിക്ക് ശേഷം ഏപ്രില്‍ 2-ന് പെസഹാ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തൈലവെഞ്ചരിപ്പ് ശുശ്രൂഷ നടക്കും. അന്ന് വൈകുന്നേരം ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന കാലുകഴുകല്‍ ശുശ്രൂഷയുടെയും പെസഹാ വ്യാഴം ദിവ്യബലിയുടെയും കൃത്യമായ സ്ഥലം വത്തിക്കാന്‍ പിന്നീട് പ്രഖ്യാപിക്കും.
ഏപ്രില്‍ 3-ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ത്താവിന്റെ പീഡാനുഭവ സ്മരണ ശുശ്രൂഷകള്‍ക്ക് പാപ്പ നേതൃത്വം നല്‍കും. അന്ന് രാത്രി 9.15-ന് കൊളോസിയത്തില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കുചേരും. തുടര്‍ന്ന് ഏപ്രില്‍ 4 ശനിയാഴ്ച രാത്രി 7.30-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ വിജില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.
ഏപ്രില്‍ 5-ന് ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ബലി അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാന്‍ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ നിന്ന് ലിയോ 14-ാമന്‍ പാപ്പ വിശ്വാസികള്‍ക്ക് ‘ഉര്‍ബി എത് ഒര്‍ബി’ (നഗരത്തിനും ലോകത്തിനും) സന്ദേശവും അപ്പസ്‌തോലികാശീര്‍വാദവും നല്‍കും.
കഴിഞ്ഞ വര്‍ഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ സ്മരണകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ എന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

