
വത്തിക്കാന്‍ സിറ്റി: ഭാവി വൈദികരുടെ രൂപീകരണത്തിന്‍റെ എല്ലാ ഘട്ടത്തിലും സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍ സിനഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സെമിനാരികള്‍ സാധാരണ വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ‘കൃത്രിമമായ ചുറ്റുപാടുകള്‍’ ആകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട്, വൈദിക പരിശീലനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്.
വൈദികാർത്ഥികൾ ദൈവജനത്തിന്റെ ദൈനംദിന ജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്ന രീതിയിലായിരിക്കണം അവരുടെ പരിശീലന ക്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെമിനാരികൾ എന്നത് വിശ്വാസികളിൽ നിന്ന് മാറി കഴിയുന്ന ഒരു ദീർഘകാല അനുഭവമാകരുത്. പകരം, ഇടവക സമൂഹങ്ങളിലോ മറ്റ് സഭാ സംവിധാനങ്ങളിലോ താമസിച്ച് പഠിക്കുന്ന രീതിയിലുള്ള പുതിയ പാഠ്യപദ്ധതികൾ ആവിഷ്കരിക്കണം. ഇത് നിലവിലുള്ള പഠനകാലയളവ് വർദ്ധിപ്പിക്കാതെ തന്നെ നടപ്പിലാക്കാവുന്നതാണെന്നും സിനഡ് ഗ്രൂപ്പ് നിര്‍ദേശിക്കുന്നു.
ഒറ്റപ്പെട്ട ചുറ്റുപാടുകളിലെ പരിശീലനം ഉത്തരവാദിത്തരാഹിത്യത്തിനും തുറവിയില്ലായ്മയ്ക്കും കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കം അനിവാര്യമാണ്. സെമിനാരികള്‍ വിശ്വാസികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഇടങ്ങളാകരുത്. വൈദികാര്‍ത്ഥികളുടെ പൗരോഹിത്യ സ്വീകരണത്തിന് മുന്നോടിയായി അവരുടെ അജപാലന ശൈലിയെക്കുറിച്ച് ചുമതലയുള്ള വൈദികന്റെയും, ദൈവജനത്തിന്റെയും വിശദമായ അഭിപ്രായം തേടണം. ഇതില്‍ സ്ത്രീകളുടെ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനഡ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ പ്രാഥമിക റിപ്പോര്‍ട്ട് അന്തിമ തീരുമാനമല്ല. പൗരോഹിത്യ പരിശീലനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പഠന ഗ്രൂപ്പിന്റെ കണ്ടെത്തലുകളാണിത്. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

