
യുദ്ധം ആരംഭിച്ചപ്പോൾ മുതൽ ജറുസലേമിലെ ബെനഡിക്റ്റൈൻ സന്യാസികൾ (Benedictine monks in Jerusalem )എങ്ങനെയാണ് അതിനോട് പ്രതികരിച്ചതെന്ന് പറയുകയാണ് ജറുസലേമിലെ ഡോർമിഷ്യൻ ആബിയുടെ തലവൻ ബനഡിക്ടൈൻ ആബട്ട് നിക്കോദമൂസ് ഷ്നാബൽ.
ബോംബാക്രമണം ആരംഭിച്ചപ്പോൾ മുതൽ സന്യാസിമാരുടെ മുഴുവൻ സമൂഹവും ജറുസലേമിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള ഗലീലി കടൽത്തീരത്തെ തബ്ഗ പ്രിയറിയിലായിരുന്നു (Tabgha Priory).
“വെള്ളിയാഴ്ച മുതൽ ഞങ്ങൾ അവിടെ ചാപ്റ്റർ മീറ്റിംഗുകൾ നടത്തുകയായിരുന്നു. പശ്ചിമ-മധ്യ യൂറോപ്പിൽ നിന്നുള്ള തീർത്ഥാടക ഗ്രൂപ്പുകളെ വീണ്ടും സ്വാഗതം ചെയ്യാൻ കഴിഞ്ഞതിനാൽ അന്തരീക്ഷം പ്രതീക്ഷാനിർഭരമായിരുന്നു,” ആബട്ട് വിശദീകരിച്ചു.
ഇവിടുത്തെ ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം തീർത്ഥാടകർ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിലെയും പലസ്തീനിലെയും ന്യൂനപക്ഷമായ ക്രിസ്ത്യാനികളിൽ 60 ശതമാനവും ഇവിടുത്തെ തീർത്ഥാടകരെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
മൗണ്ട് സിയോണിലെ ഈ ആബിയിൽ സന്യാസിമാർ മാത്രമല്ല, പാർക്കിംഗ് അറ്റൻഡന്‍റ് മുതൽ ഷോപ്പ് കീപ്പർ വരെ 24 പ്രാദേശിക ജീവനക്കാരുമുണ്ട്. “തീർത്ഥാടകർ വഴി ജീവനക്കാരുടെ ശമ്പളവും സ്ഥാപനത്തിന്റെ ചെലവും കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ ശനിയാഴ്ച പുലർച്ചെ റോക്കറ്റ് അലാറം മുഴങ്ങിയതോടെ ആ പ്രതീക്ഷകൾ തകർന്നു. ഞങ്ങൾ എല്ലാവരും സുരക്ഷാ സങ്കേതമായ ബങ്കറിലേക്ക് മാറി.”
സന്യാസിമാർ, ജീവനക്കാർ, അമേരിക്കയിൽ നിന്നും ഹോങ്കോംഗിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകർ, ഫിലിപ്പിനോ സിസ്റ്റർമാർ, ഒരു പലസ്തീനിയൻ ഡ്രൈവർ, ഫ്രഞ്ച് തീർത്ഥാടക സംഘം എന്നിങ്ങനെ 60-ഓളം പേർ രണ്ട് മണിക്കൂറോളം ആ ബങ്കറിലാണ് കഴിഞ്ഞത്.ബോംബാക്രമണത്തിനിടയിലും ആ ബങ്കർ ദൈവാലയം പോലെയായി മാറിയെന്ന് ആബട്ട് പറഞ്ഞു. “ജനാലകൾ ഞങ്ങൾ അടച്ചിരുന്നുവെങ്കിലും പുറത്ത് സ്ഫോടനങ്ങൾ നടക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു, ഭൂമി നേരിയ തോതിൽ കുലുങ്ങുന്നുണ്ടായിരുന്നു. എങ്കിലും നിശബ്ദത പാലിക്കുന്നതിന് പകരം ഞങ്ങൾ വിവിധ ഭാഷകളിൽ ഭക്തി ഗാനങ്ങൾ പാടുകയും ഇറാനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.”

അപരിചിതരായ ഒരു കൂട്ടം ആളുകൾ വിശ്വാസത്തിന്റെ വേരുകളിൽ ഒന്നിച്ചുചേർന്നത് മനോഹരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജറുസലേമിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കണ്ടത് വിജനമായ തെരുവുകളാണ്. നിലവിൽ മുസ്ലീം-ക്രിസ്ത്യൻ ദൈവശാസ്ത്ര വിദ്യാർത്ഥികൾക്കൊപ്പം വിശ്വാസ പരിശീലനവും അവിടെ നടക്കുന്നുണ്ട്.
ഞായറാഴ്ചത്തെ കുർബാനയ്ക്കിടെ പോലും ജറുസലേമിന് സമീപം മിസൈലുകൾ പതിക്കുന്നത് അവർക്ക് അനുഭവപ്പെട്ടു. പ്രാർത്ഥനകളിൽ അവർ ഭരണാധികാരികളെയും ആക്രമികളെയും ഉൾപ്പെടുത്തി.
ഒരു ഇടയൻ എന്ന നിലയിൽ ഈ സാഹചര്യം വലിയ വെല്ലുവിളിയാണെന്ന് ആബട്ട് കരുതുന്നു.യുദ്ധം വെറുമൊരു വാർത്തയോ ആവേശമോ അല്ലെന്നും, അത് അങ്ങേയറ്റം മലിനമായ ഒന്നാണെന്നും ആബട്ട് ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ഇപ്പോഴുണ്ടായ ആക്രമണങ്ങളിലും സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണ്.
ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അദ്ദേഹം വേദനയോടെ പങ്കുവെച്ചു:
യുദ്ധസമയത്ത് സൈറണുകൾ മുഴങ്ങുമ്പോൾ പോലും, തങ്ങൾ പരിചരിക്കുന്ന പ്രായമായവരെയും ഭിന്നശേഷിക്കാരെയും തനിച്ചാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഈ തൊഴിലാളികൾ തയ്യാറാകുന്നില്ല.
“ആധുനിക അടിമകൾ” എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ മനുഷ്യർ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ ബലിയായി നൽകുന്നു. എന്നാൽ ഇവരെക്കുറിച്ച് ലോകം വലിയ ചർച്ചകൾ നടത്തുന്നില്ല. അന്വേഷിക്കുന്നില്ല.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിശ്വാസികളായ സ്ത്രീകളാണെന്നും, അവർ നമ്മുടെ സഹോദരിമാരാണെന്നും അദ്ദേഹം വേദനയോടെ ഓർമ്മിപ്പിച്ചു.
യുദ്ധം ഒരു ഫുട്ബോൾ മത്സരമല്ല. യുദ്ധവാർത്തകളെ ആവേശത്തോടെ കാണുന്ന സംസ്കാരത്തെ ആബട്ട് കടുത്ത ഭാഷയിൽ വിമർശിച്ചു. “യുദ്ധം ഒരു സ്പോർട്സ് മത്സരമല്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം കണ്ട് ആർപ്പുവിളിക്കുന്നവരിൽ നിന്ന് ഞാൻ അകലം പാലിക്കുന്നു. യുദ്ധം ലോകത്തെ ഒരിടത്തും മെച്ചപ്പെടുത്തുന്നില്ല, പകരം ജീവിതങ്ങളെ തകർക്കുക മാത്രമാണ് ചെയ്യുന്നത്.”
അനേകം പേർക്ക് അഭയം നൽകിയ സഭയുടെ ആശ്വാസ കേന്ദ്രം’
പോലീസ് നിർദ്ദേശത്തെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നതിലെ വിഷമവും അദ്ദേഹം പങ്കുവെച്ചു. തീർത്ഥാടകർക്കും ദുരിതമനുഭവിക്കുന്നവർക്കും പ്രാർത്ഥിക്കാനും അല്പം ആശ്വാസം കണ്ടെത്താനുമുള്ള ഒരിടമായിരുന്നു ഇത് .
ഈ ദുരിതക്കടലിൽ നോഹയുടെ പെട്ടകം പോലെ ഒരു സംരക്ഷണ കവചമായിരുന്നു ഈ പള്ളി. നിലവിലെ സാഹചര്യത്തിൽ സന്യാസിമാരുടെ പ്രധാന ദൗത്യം പ്രാർത്ഥിക്കുക, ജനങ്ങളെ ശ്രദ്ധിക്കുക, അവർക്ക് ആശ്വാസം നൽകുക എന്നിവ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം തകർക്കുന്ന ജീവിതങ്ങളെക്കുറിച്ചും സമാധാനത്തിന്റെ അനിവാര്യതയെക്കുറിച്ചും ഈ വാക്കുകൾ നമ്മെ ചിന്തിപ്പിക്കട്ടെ!

