
സ്വന്തം ജീവിതത്തെക്കാള്‍ ഒപ്പമുള്ളവരുടെ ജീവന് വില കല്‍പ്പിച്ച ഗുരുവിന്റെ പാത പിന്തുടര്‍ന്ന് ഒരു സന്യാസിനി. ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ നാദിര്‍ സാന്റോസ് ഡിസില്‍വയുടെ പ്രകൃതം എന്നും അത്തരത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ, സഹസന്യാസിനിമാര്‍ തിരമാലകളില്‍ പെട്ടപ്പോള്‍ സിസ്റ്റര്‍ നാദിര്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. സ്വീജവന്‍ വിലയായി നല്‍കിയാണ് ആ രക്ഷാപ്രവര്‍ത്തനം സിസ്റ്റര്‍ നാദിര്‍ പൂര്‍ത്തീകരിച്ചത്.
സഹസന്യാസിമാരെ ശക്തമായ തിരമാലകളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബ്രസീലിയന്‍ കന്യാസ്ത്രീ മുങ്ങിമരിച്ചത്. ‘കാര്‍മലൈറ്റ് സിസ്റ്റേഴ്‌സ് മെസ്സഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റ്’ സഭാംഗമാണ് സിസ്റ്റര്‍ നാദിര്‍ സാന്റോസ് ഡി സില്‍വ. ഇറ്റലിയിലെ സിസിലിയിലുള്ള കറ്റാനിയ തീരത്തുവെച്ചായിരുന്നു ഈ ദാരുണ സംഭവം.
മെയ് 11-നായിരുന്നു അപകടം സംഭവിച്ചത്. തീരത്തിനടുത്ത് വെള്ളത്തിലൂടെ നടക്കുകയായിരുന്ന സന്യാസിനിമാര്‍ പെട്ടെന്ന് മണല്‍ത്തിട്ട ഇടിഞ്ഞ് ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. സഹസന്യാസിനിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സിസ്റ്റര്‍ സാന്റോസ് ശക്തമായ ഒഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ താണുപോയി. കരയ്‌ക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മറ്റൊരു സിസ്റ്റര്‍ ഇപ്പോള്‍ സിസിലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
1980-ല്‍ ബ്രസീലിലെ ബാഹിയയിലുള്ള ഒരു ദരിദ്ര കുടുംബത്തിലാണ് നാദിര്‍ ജനിച്ചത്. ഒന്‍പത് മക്കളില്‍ എട്ടാമത്തെവള്‍. കൗമാരപ്രായത്തില്‍ ദൈവവിശ്വാസത്തില്‍ നിന്നും അകന്ന്, കടുത്ത മാനസിക വിഷമങ്ങളിലൂടെ കടന്നുപോയ ഒരു ഭൂതകാലം നാദിറിനുണ്ട്. പതിനഞ്ചാം വയസ്സില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന സമയത്ത്, ശക്തമായ ദൈവികപ്രചോദനം ലഭിച്ചതിനെ തുടര്‍ന്ന് ദൈവാലയത്തിലേക്ക് പോവുകയും അവിടെ വച്ച് വിശ്വാസം തിരികെ ലഭിക്കുകയും ചെയ്തു. പിന്നീട് കരിസ്മാറ്റിക്ക് കൂട്ടായ്മയില്‍ സജീവമായ നാദിറിന് ശക്തമായ അവിടെ നിന്ന് വലിയ ദൈവാനുഭവം ഉണ്ടാവുകയും അങ്ങനെ 1999-ല്‍ സന്യാസാര്‍ത്ഥിനിയായി ചേരുകയുമായിരുന്നു.
സംഗീതത്തിലൂടെയും മാധ്യമങ്ങളിലൂടെയും സുവിശേഷം പങ്കുവയ്ക്കുക എന്നത് കാരിസമായി സ്വീകരിച്ചിരിക്കുന്ന സന്യാസിനിസമൂഹത്തിലൂടെ ലോകത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയാണ് സിസ്റ്റര്‍ നാദിര്‍ കടന്നുപോകുന്നത്. 2004 മുതല്‍ ഇറ്റലിയിലും സിസിലിയിലുമായി മിഷനില്‍ പ്രവര്‍ത്തിച്ച സിസ്റ്ററിലൂടെ അനേക കുടുംബങ്ങള്‍ ദൈവസ്‌നേഹം അനുഭവിക്കാന്‍ ഇടയായി. 2019-ല്‍ ബ്രസീലില്‍ തിരിച്ചെത്തിയ സിസ്റ്റര്‍ നാദിര്‍ നോവീസുമാരുടെ രൂപീകരണത്തിന്റെ ചുമതല വഹിച്ചു. അനേകം യുവസന്യാസിനിമാരുടെ രൂപീകരണത്തില്‍ സിസ്റ്റര്‍ നാദിറിന്റെ സാന്നിധ്യം നിര്‍ണായകമായി.
കറ്റാനിയയിലെ ആര്‍ച്ചുബിഷപ് ലൂയിഗി റെന്ന സിസ്റ്ററിന്റെ വേര്‍പാടില്‍ ആഴമായ ദുഃഖം രേഖപ്പെടുത്തി. ‘തന്റെ സഹോദരിമാരെ സഹായിക്കാനുള്ള സിസ്റ്റര്‍ നാദിറിന്റെ ശ്രമത്തിനിടെ ഉണ്ടായ ഈ വേര്‍പാട്, സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും ഉത്തമ ഉദാഹരണമാണ്,’ എന്ന് ബിഷപ് പറഞ്ഞു. സിസിലിയിലെ ജനങ്ങളെയും അവിടുത്തെ ശുശ്രൂഷകളെയും ഏറെ സ്‌നേഹിച്ച സിസ്റ്റര്‍ നാദിറിന്റെ ഭൗതികശരീരം കുടുംബാംഗങ്ങളുടെ അനുമതിയോടെ സിസിലിയില്‍ തന്നെയാണ് സംസ്‌കരിച്ചത്. അപരനുവേണ്ടി സ്വന്തം ജീവന്‍ തന്നെ നല്‍കി സ്‌നേഹത്തിന്റെ ഉത്കൃഷ്ട മാതൃക കാണിച്ചുകൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായ സിസ്റ്ററിന്റെ ജീവിതം അനേകര്‍ക്ക് ക്രിസ്തുവിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രചോദനമായി മാറട്ടെ.

