ഇമ്മാനുവേല്‍, നീ പോപ്പ് ഫ്രാന്‍സിസിനെ സ്വപ്നം കാണാറുണ്ടോ?

Pope Francis Emmanuel reflection

മനുഷ്യത്വത്തിന്റെയും കരുതലിന്റെയും ഹൃദയഹാരിയായ കവിതയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. പാപ്പ ദൈവപിതാവിന്റെ അടുക്കലേക്ക് യാത്രയായിട്ട് ഏപ്രില്‍ 21ന് ഒരു വര്‍ഷമായി എന്നു കേള്‍ക്കുമ്പോള്‍ അവിശ്വസനീയത നിറയും. ആ മനോഹരമായ പുഞ്ചിരി ഇന്നലെ കണ്ടതുപോലെ നമ്മുടെയൊക്കെ മനസുകളില്‍ നിറഞ്ഞുനില്ക്കുകയാണല്ലോ. ചിരിച്ചും ചേര്‍ത്തുപിടിച്ചും അസാധാരണമായ കാരുണ്യം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലൊരു ലോക നേതാവിനെ 21-ാം നൂറ്റാണ്ടില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.  വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികളിലൂടെയായിരുന്നു അദ്ദേഹം ലോകത്തോട് സംവദിച്ചത്.  

മാലാഖമാരുടെ മനസ്

കുട്ടികള്‍ക്ക് മാലാഖമാരുടെ മനസാണ് എന്നു പറയാറുണ്ട്. പോപ്പ് ഫ്രാന്‍സിസിലെ അസാധാരണത്വം ഏറ്റവുമധികം തിരിച്ചറിഞ്ഞത് കുട്ടികളായിരുന്നു. മറ്റ് ഏതെങ്കിലും ലോക നേതാക്കളുടെ പ്രസംഗവേദികളിലേക്ക് കുട്ടികള്‍ ഓടിക്കയറുന്നതു കണ്ടിട്ടുണ്ടോ? അമ്മമാരുടെ കൈകളിലിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുമ്പോള്‍ കുതിച്ചുചാടുമായിരുന്നു. മറ്റേതെങ്കിലും ലോകനേതാവിന്റെ കസേരയില്‍ ഒരു കുട്ടി കയറിയിരിക്കുമോ? ദൈവത്തിന്റെ മനസുള്ളവരെ തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്ക് അസാധാരമായൊരു കൃപ ദൈവം കൊടുത്തിട്ടുണ്ടാകണം.

സങ്കടം ഇല്ലാതായ നിമിഷം

2018 ഏപ്രിലില്‍ റോമിന് അടുത്തുള്ള സെന്റ് പോള്‍ ഓഫ് ദ ക്രോസ് ഇടവകയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനെത്തിയപ്പോള്‍ കുട്ടികള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കി. ഇമ്മാനുവേല്‍ എന്ന ചെറിയകുട്ടി മൈക്കിനുമുമ്പിലെത്തിയപ്പോള്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പി. സ്റ്റേജ് ഭ്രമമായിരുന്നില്ല, വലിയൊരു സങ്കടക്കടല്‍ ആ കുഞ്ഞുമനസിനെ പൊതിഞ്ഞിരുന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ പാപ്പയ്ക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകണം.  പെട്ടെന്ന് മാര്‍പാപ്പ ഇമ്മാനുവേലിനെ വേദിയിലേക്ക് വിളിച്ചു. ചേര്‍ത്തുപിടിച്ചിട്ട് മൈക്കിലൂടെ ചേദിക്കേണ്ട ചോദ്യം തന്റെ ചെവിയില്‍ പറയാന്‍ ആവശ്യപ്പെട്ടു, ഇമ്മാനുവേല്‍ എന്തൊക്കെയോ പാപ്പയുടെ ചെവിയില്‍ മന്ത്രിച്ചു. അവന്റെ സമ്മതത്തോടെ മാര്‍പാപ്പ ആ സംശയം സദസിന് വെളിപ്പെടുത്തി. 

മാസങ്ങള്‍ക്കുമുമ്പ്  മരിച്ച തന്റെ  അവിശ്വാസിയായ പിതാവിന് സ്വര്‍ഗം കിട്ടുമോ എന്നതായിരുന്നു അവനറിയേണ്ടിയിരുന്നത്. തങ്ങളെ നാല് മക്കളെയും മാമ്മോദീസ മുക്കി വിശ്വാസത്തില്‍ വളര്‍ത്താന്‍ തന്റെ പിതാവ് ശ്രദ്ധിച്ചിരുന്നെന്നും അവന്‍ പറഞ്ഞു. ‘തീര്‍ച്ചയായും, കാരണം സ്വര്‍ഗത്തിലെ ദൈവം ഒരു പിതാവാണ്. പിതാവ് എല്ലാവരെയും  അണച്ചു പിടിക്കും ആരെയും കൈവിടില്ല.’ എന്നായിരുന്നു പാപ്പയുടെ മറുപടി. സങ്കടങ്ങള്‍ ഒരുനിമിഷംകൊണ്ട് അലിഞ്ഞ് ഇല്ലാതാകുവാന്‍ ഇമ്മാനുവേലിന് ആ വാക്കുകള്‍ ധാരാളമായിരുന്നു. ഇനി എത്ര വളര്‍ന്നാലും ആ ആശ്ലേഷത്തിന്റെ ചൂടു അവനെ പൊതിഞ്ഞുനില്ക്കും. അവന്റെ സ്വപ്നങ്ങളില്‍പ്പോലും പോപ്പ് ഫ്രാന്‍സിസ് ഉണ്ടാകും. 

മതില്‍ക്കെട്ടുകള്‍ക്കു പകരം പാലങ്ങള്‍

യുദ്ധങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാടുകള്‍ സാമ്രാജ്യത്വ ശക്തികളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. യുദ്ധങ്ങള്‍ക്ക് ഇരകളായി പരിക്കേല്ക്കുകയും വിശപ്പനുഭവിക്കുകയും മനോഹരമായ ഈ ലോകത്തിലെ ജീവിതംതന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെക്കാളും വലുതായിരുന്നില്ല അദ്ദേഹത്തിന് മറ്റൊന്നും. ലോകത്തിന്റെ ഏതു കോണിലിരുന്ന് ഒരു കുട്ടി കരഞ്ഞാലും അതു പോപ്പ് ഫ്രാന്‍സിസിന്റെ സങ്കടമായിരുന്നു. 

‘ഫ്രത്തേലി തൂത്തി’ (എല്ലാവരും സഹോദരങ്ങള്‍) എന്ന തന്റെ ചാക്രികലേഖനത്തിലൂടെ ലോകം ഒരു വലിയ കുടുംബമാണെന്ന് അടിവരയിട്ടു പറഞ്ഞു. മതില്‍ക്കെട്ടുകള്‍ പണിയുന്ന ലോകത്ത് പാലങ്ങള്‍ പണിയാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അഭയാര്‍ത്ഥികളുടെയും ആരുമില്ലാത്തവരുടെയും പാദങ്ങള്‍ കഴുകി ചുംബിച്ചപ്പോള്‍ താഴ്ന്നവനെ ഉയര്‍ത്തുന്ന യഥാര്‍ത്ഥ സ്‌നേഹത്തിന്റെ മാതൃക യായി മാറുകയായിരുന്നു. മതം മനുഷ്യനെ വേര്‍തിരി ക്കാനുള്ളതല്ല, മറിച്ച് സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തുവെക്കാനുള്ളതാണെന്ന് അദ്ദേഹം തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു.

മനുഷ്യനൊപ്പം പ്രകൃതിയും

മനുഷ്യരോടുള്ള സ്‌നേഹം പോലെതന്നെ പ്രകൃതി യോടുള്ള കരുതലും പോപ്പ് ഫ്രാന്‍സിസിന്റെ ജീവിത ദര്‍ശനമായിരുന്നു. ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) എന്ന ചാക്രികലേഖനത്തിലൂടെ ഭൂമിയെ പൊതുഭവനമായിട്ടാണ് അവതരിപ്പിച്ചത്. വരുംതലമു റയ്ക്ക് വേണ്ടി ഈ ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്‌നേഹത്തിന്റെയും കരുതലിന്റെയും ലളിതമായ പാഠങ്ങളാണ് പോപ്പ് ഫ്രാന്‍സിസ് കാണിച്ചുതന്നത്. ലോകമെന്ന വലിയ കാന്‍വാസില്‍ കാരുണ്യത്തിന്റെ വര്‍ണ്ണങ്ങള്‍ ചാലിച്ച കലാഹൃദയമായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റേത്. ലോകത്തിലെ ഏറ്റവും നിസാരരായവരുടെ സങ്കടങ്ങള്‍പ്പോലും സ്വന്തം വേദനകളായി ഏറ്റെടുത്ത അസാധാരണ മനുഷ്യസ്‌നേഹി. ഈ ലോകത്തെ കുറച്ചുകൂടി മനോഹരമായ ഒരിടമാക്കി മാറ്റാനുള്ള വിശ്രമമില്ലാത്ത ഓട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പോപ്പ് ഫ്രാന്‍സിസ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു. അതെ, ആ പുഞ്ചിയിലൂടെ, വാക്കുകളിലൂടെ ലോകം ക്രിസ്തുവിനെയാണ് ദര്‍ശിച്ചത്. 

ജോസഫ് മൈക്കിള്‍

Related Articles
Monsignor C.J. Varkeyachan 17th death anniversary

ക്രിസ്തുവിന്റെ മനസ് അറിഞ്ഞ മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ യാത്രയായിട്ട് ഇന്ന് 17 വര്‍ഷം

ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എംഎസ്എംഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ മോണ്‍.സി.ജെ വര്‍ക്കി കുഴികുളം നിത്യസമ്മാനത്തിനായി യാത്രയായിട്ട് ഇന്ന് (ജൂണ്‍ 24)

Read More »
Pope Francis first death anniversary today remembrance

ഫ്രാന്‍സിസ് പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

വത്തിക്കാന്‍ സിറ്റി:‘കാരുണ്യത്തിന്റെ പാപ്പ’ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന് (ഏപ്രില്‍ 21) വത്തിക്കാനില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. 2025 ഏപ്രില്‍ 21-ന് സാന്താ മാര്‍ത്തയില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.