
ജോസ്/ നൈജീരിയ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ജോസ് അതിരൂപതയുടെ കീഴിലുള്ള പ്രദേശത്ത് ഓശാന ഞായറാഴ്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 29 രാത്രിയെത്തിയ അക്രമികള്‍ ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. വിശുദ്ധ വാരത്തിന്റെ തുടക്കത്തില്‍ നടന്ന ഈ ആക്രമണം പ്രദേശത്തെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പ്ലേറ്റോ സംസ്ഥാന ഗവണ്‍മെന്റ് മേഖലയില്‍ മാര്‍ച്ച് 29 അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 1 വരെ 48 മണിക്കൂര്‍ കര്‍ശന കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമ വിവരം സ്ഥിരീകരിച്ച ജോസ് ആര്‍ച്ചുബിഷപ് മാത്യു ഇഷായ ഔഡു, കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ രൂപതക്ക് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘കുരിശിന്റെ വഴി ഉയിര്‍പ്പിലേക്കുള്ളതാണ്. ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ദൈവം നമ്മെ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടണം,’ ആര്‍ച്ചുബിഷപ് പറഞ്ഞു. പ്ലേറ്റോ ഗവര്‍ണര്‍ കാലേബ് മുട്ഫ്വാങ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്ലേറ്റോ സംസ്ഥാനത്ത് വിശുദ്ധ വാരത്തിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഈ ആക്രമണം നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഒരിക്കല്‍ കൂടെ ഉയര്‍ത്തുകയാണ്. ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും രാജ്യത്തെ സുരക്ഷാ ഏജന്‍സികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

