
ബെയ്റൂട്ട്: ഇസ്രായേല്‍ – ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തില്‍, തെക്കന്‍ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വത്തിക്കാന്റെ സഹായം തേടി ലബനീസ് സര്‍ക്കാര്‍. തങ്ങളുടെ പൈതൃക ഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ വിസമ്മതിച്ച് അവിടെത്തന്നെ തുടരുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന് ലബനന്‍ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറുമായി നടത്തി ചര്‍ച്ചയില്‍ വ്യക്തമാക്കി. ലബനനിലെ ക്രൈസ്തവരുടെ സാന്നിധ്യം നിലനിര്‍ത്താന്‍ വത്തിക്കാന്റെ സഹായം ആര്‍ച്ചുബിഷപ് ഉറപ്പുനല്‍കി. ലബനനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് പാവോളോ ബോര്‍ജിയ വരുംദിവസങ്ങളില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റത്തിനും ഇസ്രായേലിന്റെ പ്രത്യാക്രമണത്തിനും ഇടയില്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ ഗ്രാമങ്ങളെ ഹിസ്ബുള്ള താവളമാക്കാന്‍ ശ്രമിക്കുന്നതാണ് ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ബോംബാക്രണമണത്തില്‍ കൊല്ലപ്പെട്ട ഫാ. പിയര്‍ റാഹിയുടെ ഗ്രാമത്തിലും ഹിസ്ബുള്ളയുടെ സായുധസംഘം നുഴഞ്ഞുകയറിയിരുന്നു.
ലബനീസ് സൈന്യത്തിന്റെ സാന്നിധ്യമില്ലാത്തതാണ് ഈ ഗ്രാമങ്ങളെ ഹിസ്ബുള്ളയുടെ താവളങ്ങളായി മാറ്റുന്നത്. തങ്ങളുടെ മണ്ണില്‍ സമാധാനമായി ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന പ്രദേശവാസികള്‍ക്കായി അമേരിക്കയും നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

