
ബംഗളൂരു: കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ ചെയര്‍മാനായി ഇംഫാല്‍ ആര്‍ച്ചു ബിഷപ് ഡോ. ലിനസ് നെലിയെ തിരഞ്ഞെടുത്തു.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) 37-ാമത് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
1957 ഏപ്രില്‍ 26-ന് മണിപ്പൂരിലെ സേനാപതി ജില്ലയിലുള്ള ഇംഫാല്‍ രൂപതയിലെ പൗ മെയ് ഗ്രാമത്തിലാണ് ഡോ. ലിനസ് നെലിയുടെ ജനനം. 1984 ഡിസംബര്‍ 20-ന് പൗരോഹിത്യം സ്വീകരിച്ചു. ഇംഫാല്‍ അതിരൂപതയുടെ ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇംഫാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചത്.
മണിപ്പൂര്‍ വംശീയ കലാപങ്ങളിലൂടെ കടന്നുപോകുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലാണ് അദ്ദേഹം കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായിരിക്കുന്നത്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഇംഫാല്‍ അതിരൂപത നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

