
മതേതര ഇന്ത്യയുടെ സാംസ്കാരിക അടിത്തറയായ മതസ്വാതന്ത്ര്യം ഇന്ന് ഗുരുതരമായ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രഘോഷിക്കാനും ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന മൗലികാവകാശം വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിട്ടുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ (മത സ്വാതന്ത്ര്യ നിയമം എന്ന പേരാണ് പല സംസ്‌ഥാനങ്ങളിലും നൽകപ്പെട്ടിട്ടുള്ളത്) അട്ടിമറിക്കപ്പെടുകയാണ്. ഏറ്റവും ഒടുവിലായി, മതപരിവർത്തന നിരോധനനിയമം നടപ്പാകുന്ന പതിമൂന്നാം സംസ്ഥാനമായി മഹാരാഷ്ട്ര മാറിയതും, അതിനടുത്ത ദിവസംതന്നെ ഛത്തീസ്ഘട്ടിൽ, നിലവിലുണ്ടായിരുന്ന നിയമത്തെക്കാൾ കർക്കശമായ വ്യവസ്ഥകളോടെ പുതിയ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നതും രാജ്യത്തെ മതേതര സമൂഹം വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ക്രമസമാധാന പാലനത്തിനെന്ന വ്യാജേന നടപ്പിലാക്കുന്ന ഈ നിയമങ്ങൾ യഥാർത്ഥത്തിൽ ലക്ഷ്യം വയ്ക്കുന്നത് ഭരണഘടനയെയും പൗരാവകാരങ്ങളെയുമാണ്. മതപരിവർത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം പലയിടങ്ങളിലും സൃഷ്‌ടിക്കുന്ന ഭീകരാന്തരീക്ഷം തീവ്രവർഗീയ പ്രത്യയശാസ്‌ത്രങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയുമാണ്.
വിശ്വാസം എന്നത് വ്യക്ത്യാധിഷ്ഠിതവും ആത്മീയവുമായ ഒന്നാണെന്നിരിക്കെ, അതിൽ ഭരണകൂടവും നിയമവ്യവസ്ഥയും കൈകടത്തുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഒരു മതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ പോലും ജില്ലാ മജിസ്‌ട്രേറ്റിന് മുൻകൂട്ടി അപേക്ഷ നൽകണമെന്നും അന്വേഷണത്തിന് വിധേയനാകണമെന്നുമുള്ള നിബന്ധന പൗരന്റെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പരസ്യമായി ലംഘിക്കുന്നതാണ്. മതവിശ്വാസത്തെ ഒരു ക്രിമിനൽ കുറ്റകൃത്യമായി കാണുന്ന ഇത്തരം നിയമനിർമ്മാണങ്ങൾ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല.
നിയമത്തിന്റെ മറവിലെ വേട്ടയാടലുകൾ: ചില നേർക്കാഴ്ചകൾ
മതപരിവർത്തന നിരോധന നിയമങ്ങൾ എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന് വലിയൊരു ഉദാഹരണമാണ് ഉത്തർപ്രദേശിൽ 2024ൽ ഫാ. അഡ്വ. ബാബു ഫ്രാൻസിസ് നേരിട്ട അനുഭവം. സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി നിയമപ്പോരാട്ടം നടത്തുകയും ചെയ്യുന്ന ഇത്തരമൊരു പുരോഹിതനെപ്പോലും ഈ കരിനിയമം ഉപയോഗിച്ച് നിശബ്ദനാക്കാൻ ശ്രമിക്കുന്നു. തന്റെ ഓഫീസിലെ ഒരു ജീവനക്കാരനുമായ ബന്ധപ്പെട്ട നിയമപ്രശ്നം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അഡ്വക്കേറ്റ് ആയ ആ വൈദികനെതിരെ, യാതൊരു യുക്തിയുമില്ലാതെ മതപരിവർത്തനനിരോധന നിയമപ്രകാരം കുറ്റം ചുമത്തുകയും മൂന്നു മാസത്തോളം ജയിലിലടയ്ക്കുകയും ചെയ്തത് ഈ നിയമങ്ങൾ എത്രത്തോളം അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ തെളിവാണ്. ഇത്തരത്തിൽ അകാരണമായി കള്ളക്കേസുകൾ ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടതും ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്നവരും നിരവധിയുണ്ട്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ അക്രമികൾക്ക് കൂട്ടുനിൽക്കുന്ന കാഴ്ചയാണ് ഇവിടെ തെളിയുന്നത്.
മധ്യപ്രദേശിലെ സാഗർ രൂപതയിലുണ്ടായ സംഭവവികാസങ്ങൾ മറ്റൊരു തരത്തിലുള്ള വേട്ടയാടലാണ് വെളിപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി അനാഥർക്കും പാവപ്പെട്ട കുട്ടികൾക്കും ആശ്രയമായിരുന്ന ഹോസ്റ്റലുകൾ മതപരിവർത്തനം ആരോപിച്ചു കൂട്ടത്തോടെ അടച്ചുപൂട്ടിച്ചത് ഒരു സമൂഹത്തിന്റെ സേവനപ്രവർത്തനങ്ങളെയാകെ സ്തംഭിപ്പിച്ചു. ഉൾഗ്രാമങ്ങളിൽനിന്നുള്ള കുട്ടികൾക്ക് പഠനസൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നൽകുന്ന താമസസൗകര്യവും ഭക്ഷണവും പോലും ‘പ്രലോഭനമായി’ വ്യാഖ്യാനിക്കപ്പെടുന്ന വിചിത്രമായ അവസ്ഥയാണിവിടെ. അപ്രതീക്ഷിതമായി നടക്കുന്ന റെയ്ഡുകളിൽ അത്തരം സ്ഥാപനങ്ങളിൽ ബൈബിളുകളും പ്രാർത്ഥന പുസ്തകങ്ങളും കണ്ടെത്തിയെന്നതാണ് സ്ഥാപനം പൂട്ടിക്കാൻ കാരണമാക്കിയത്. ക്രൈസ്തവർ ഉൾപ്പെടെയുള്ള കുട്ടികളും സന്യസ്തരും താമസിക്കുന്ന ഇടങ്ങളിൽ ബൈബിൾ സൂക്ഷിച്ചെന്ന “കുറ്റം” മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കാൻ പര്യാപ്തമായി മാറുന്നു! നൂറുകണക്കിന് കുട്ടികളുടെ ഭാവിയാണ് പ്രതികാരബുദ്ധിയോടെയുള്ള ഇത്തരം നടപടികളിലൂടെ വഴിമുട്ടുന്നത്. സ്നേഹപൂർവ്വമായ സേവനങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നതിലൂടെ ഒരു ജനതയെത്തന്നെ സാമൂഹികമായി ഒറ്റപ്പെടുത്താനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.
ഛത്തീസ്ഘട്ടിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിൽ ഈ നിയമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങൾ ഇതിലും ഭയാനകമാണ്. ആൾക്കൂട്ട ആക്രമണങ്ങളിലൂടെ പ്രാർത്ഥനാ യോഗങ്ങൾ തടയുന്നതും, വിശ്വാസികളെ ശാരീരികമായി ഉപദ്രവിക്കുന്നതും, അവരെ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കുന്നതും, മൃതസംസ്‌കാരത്തിന് പോലും അനുമതി കൊടുക്കാതിരിക്കുന്നതും പതിവായിരിക്കുന്നു. പോലീസ് സംവിധാനങ്ങൾ പലപ്പോഴും കാഴ്ചക്കാരായി നിൽക്കുകയോ അക്രമികളെ സഹായിക്കുകയോ ചെയ്യുന്നു. മതപരിവർത്തന നിരോധന നിയമത്തിലെ എണ്ണമറ്റ പഴുതുകളാണ് അക്രമികൾക്ക് കരുത്താകുന്നത്. ഇവിടെ, അക്രമങ്ങൾക്ക് ഇരയാകുന്നവർ കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണ്. നിയമത്തിലെ പല വകുപ്പുകളുടെയും അവ്യക്തമായ വ്യാഖ്യാനങ്ങൾ ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാൻ പോലീസിന് അനാവശ്യമായ അധികാരം നൽകുന്നു. 2021ൽ ട്രെയിൻ യാത്രയ്ക്കിടെ ഉത്തരപ്രദേശിലെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽവച്ച് മലയാളികൾ ഉൾപ്പെടെയുള്ള കത്തോലിക്കാ സന്യസ്‌തർ ട്രെയിനിൽ അക്രമിക്കപ്പെട്ടതും പിടിച്ചിറക്കി കേസ് ചുമത്തിയതും മതപ്പരിവർത്തന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തിൻ്റെ മറ്റൊരു ഭീകരമുഖമാണ്. സന്യസ്തവേഷത്തിൽ സഞ്ചരിക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു.
ഭരണഘടനാ വിരുദ്ധതയും സുപ്രീം കോടതിയിലെ നിയമപ്പോരാട്ടവും
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കുമ്പോഴും, വ്യക്തിപരമായ വിശ്വാസ താൽപ്പര്യങ്ങൾ പോലും കുറ്റകരമായി കാണുന്ന രീതിയിലാണ് ഈ പുതിയ നിയമങ്ങൾ. പൗരന്റെ മൗലികാവകാശങ്ങളിൽ കടന്നുകയറാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെ, ഈ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2017-ലെ സുപ്രധാനമായ പുട്ടസ്വാമി വിധിപ്രകാരം സ്വകാര്യത എന്നത് പൗരന്റെ മൗലികാവകാശമാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുക എന്നതും ഈ സ്വകാര്യതയുടെ ഭാഗമാണ്.
നിലവിൽ മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിവിധ സംസ്ഥാനങ്ങൾ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനയുടെ 14, 19, 21, 25 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. മതാന്തര വിവാഹങ്ങളെയെല്ലാം ഒരേ കണ്ണിലൂടെ മാത്രം കണ്ട് രാഷ്ട്രീയമായി ഉപയോഗിക്കാനും ഈ നിയമങ്ങൾ ആയുധമാകുന്നുണ്ട്.
കോടതികളിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ പ്രധാനമായും ഉന്നയിക്കുന്നത് നിയമത്തിലെ ‘നിർബന്ധിത മതപരിവർത്തനം’ എന്ന പദം എങ്ങനെ തെറ്റായി ഉപയോഗിക്കപ്പെടുന്നു എന്നാണ്. മിക്ക കേസുകളിലും പരാതിക്കാർ മതം മാറി എന്ന് പറയപ്പെടുന്ന വ്യക്തികളല്ല, മറിച്ച് മൂന്നാം കക്ഷികളായ സംഘടനകളോ വ്യക്തികളോ ആണ്. മതം മാറിയ വ്യക്തിക്കോ കുടുംബാംഗങ്ങൾക്കോ പരാതിയില്ലെങ്കിൽ പോലും കേസെടുക്കാം എന്ന വ്യവസ്ഥ നീതിയുക്തമല്ല. നിയമങ്ങൾ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ഉപകരണമായി മാറുന്നത് കോടതികൾ തടയണമെന്ന ആവശ്യമാണ് ഇന്ന് രാജ്യമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്.
സഭയുടെ നിലപാടും സാമൂഹിക യാഥാർത്ഥ്യങ്ങളും
മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാട് എന്നും സുതാര്യമാണ്. നിർബന്ധിതമോ, തെറ്റിദ്ധരിപ്പിച്ചോ, വശീകരിച്ചോ ഉള്ള മതപരിവർത്തനത്തെ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. വിശ്വാസം എന്നത് ആന്തരികമായി സംഭവിക്കേണ്ട ഒരു മാറ്റമാണെന്നും അത് ഭൗതികമായ നേട്ടങ്ങൾക്കായി ഉപയോഗിക്കേണ്ട ഒന്നല്ലെന്നും സഭ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ സഭ നടത്തുന്ന വിദ്യാലയങ്ങളെയും ആശുപത്രികളെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. സ്നേഹത്തിൽ അധിഷ്ഠിതമായ സേവനം പ്രേഷിതപ്രവർത്തകരുടെ അവകാശമാണ്, അത് ഒരിക്കലും ‘പ്രലോഭനമല്ല’.
ഇന്ത്യയിലെ മിഷനറി സ്ഥാപനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി നൽകുന്ന സംഭാവനകളെ വിസ്മരിച്ചുകൊണ്ട് അവരെ വെറും ‘മതം മാറ്റുന്നവരായി’ ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. സേവനപ്രവർത്തനങ്ങളെ മതപരിവർത്തനവുമായി ബന്ധിപ്പിക്കുന്നത് പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ചികിത്സയും വിദ്യാഭ്യാസവും നിഷേധിക്കുന്നതിന് തുല്യമാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഇന്ന് ഭയത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭരണകൂടങ്ങൾ നിശബ്ദത പാലിക്കുന്നതും ചിലപ്പോൾ അക്രമികൾക്ക് പിന്തുണ നൽകുന്നതും ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളാണ്.
ചരിത്രപരമായി നോക്കിയാൽ, ഇന്ത്യയിലെ ക്രൈസ്തവ സമൂഹം എന്നും സമാധാനപ്രിയരും നിയമം അനുസരിക്കുന്നവരുമാണ്. എന്നിട്ടും അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആസൂത്രിതമായ നീക്കങ്ങളുടെ ഫലമാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും മാത്രമേ ഉപകരിക്കൂ. പൗരന്റെ മനസാക്ഷിയെ വിലങ്ങുവെക്കുന്ന ഇത്തരം നിയമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
മതേതര ഇന്ത്യ നേരിടുന്ന അഗ്നിപരീക്ഷ
ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ഏൽക്കുന്ന ഓരോ മുറിവും ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ വഴി ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വയ്ക്കുമ്പോൾ അത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ ലംഘനമാണ്. വരും നാളുകളിൽ സുപ്രീം കോടതിയിൽ നിന്ന് നീതിയുക്തമായ വിധി ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ക്രൈസ്തവ സമൂഹവും മനുഷ്യാവകാശ പ്രവർത്തകരും. സമീപകാലങ്ങളിൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കള്ളക്കേസുകളിൽ, നിരപരാധികളെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി വിധികൾ ഈ പ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു. നിയമങ്ങൾ ജനങ്ങളെ സംരക്ഷിക്കാനുള്ളതാകണം, അല്ലാതെ അവരെ വേട്ടയാടാനുള്ളതാകരുത്.
മഹാരാഷ്ട്രയിലെയും ഛത്തീസ്ഘട്ടിലെയും പുതിയ സംഭവവികാസങ്ങൾ ഒരു അപായസൂചനയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിയമങ്ങൾ വരുന്നത് ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കും. ഇഷ്‌ടമുള്ള മതവിശ്വാസം പിന്തുടരാനും അത് ജീവിതത്തിലൂടെയും പ്രവൃത്തികളിലൂടെയും പ്രഘോഷിക്കാനുമുള്ള അവകാശം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഉൾപ്പെടുന്നതാണ്. അതിനെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടവും ബോധവൽക്കരണവും ആവശ്യമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ഒരു ജനാധിപത്യ – മതേതര രാഷ്ട്രമായി മുന്നോട്ട് പോകാൻ കഴിയൂ.
വിനോദ് നെല്ലയ്ക്കല്‍

