
മല്ലപ്പള്ളി: പത്തുമാസം മാത്രം പ്രായമുള്ള ഏകമകളുടെ അപ്രതീക്ഷിത വേര്‍പാടില്‍ ആടിയുലഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദനയുടെ നടുവില്‍ നില്ക്കുമ്പോഴും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ അരുണും ഷെറിനും എടുത്ത തീരുമാനം അഞ്ചുപേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യാശയുടെ പുതുവെളിച്ചം പകരുകയാണ്. ഒപ്പം, കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറുകയും ചെയ്തിരിക്കുന്നു.
ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളത്തുണ്ടായ അപകടത്തിലാണ് ആലിന്‍ ഷെറിന് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഷെറിനും മാതാപിതാക്കളായ ജെസി ജോണിനും രാജന്‍ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. നാളെ (ഫെബ്രുവരി 15) നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്വീകര്‍ത്താവാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്എടി ആശുപത്രിയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാല്‍വ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ.
ആലിന്റെ പിതാവ് അരുണ്‍ ഏബ്രഹാം മല്ലപ്പള്ളിയില്‍ അക്ഷയകേന്ദ്രം നടത്തുകയാണ്. മാതാവ് ഷെറിന്‍ അധ്യാപികയാണ്. ഒരു കുഞ്ഞു പോയപ്പോള്‍ അഞ്ച് കുട്ടികള്‍ ഞങ്ങള്‍ക്ക് ഉണ്ടായി എന്നായി എന്നായിരുന്നു ആലിന്‍ ഷെറിന്റെ മുത്തച്ഛനും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ റെജി ശാമുവേലിന്റെ വാക്കുകള്‍

