
ജോസ്/നൈജീരിയ: നൈജീരിയയില്‍ പ്ലേറ്റോ സംസ്ഥാനത്തുള്ള മുഷേരെ നഗരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 22 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മേഖലയിലെ സന്നദ്ധ സംഘടനയായ ‘ഐറീച്ച് ഗ്ലോബല്‍’ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചതെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികള്‍ ഒരു വീടിനുള്ളില്‍ അതിക്രമിച്ചു കയറി, വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ ശേഷം അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പാസ്റ്ററും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ആക്രമണം നടക്കുമ്പോള്‍ ഒരു മൈല്‍ മാത്രം അകലെ നൈജീരിയന്‍ സൈന്യത്തിന്റെ ക്യാമ്പ് ഉണ്ടായിരുന്നിട്ടും, അവര്‍ സംഭവസ്ഥലത്ത് എത്താന്‍ രണ്ട് മണിക്കൂറിലധികം വൈകിയെന്ന് ഐറീച്ച് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്ലിന്റ് ലിയോണ്‍സ് പറഞ്ഞു. സൈന്യം നിഷ്‌ക്രിയമായിരുന്ന സമയത്താണ് ജനങ്ങള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതെന്നും, ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരരെ അടിച്ചമര്‍ത്തുന്നതിനായി യുഎസ് ഗവണ്‍മെന്റ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായവും സമ്മര്‍ദ്ദവും ഉണ്ടായിട്ടും നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് നേരെ തുടരുന്ന ആക്രണങ്ങളില്‍ ആഗോള സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൈജീരിയയിലെ വിശ്വാസികള്‍.

