
മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 45-ാം വാര്‍ഷികത്തിന്റെ തലേന്ന്, മറിയം പ്രത്യക്ഷപ്പെട്ട പാറക്കെട്ടുകള്‍ നിറഞ്ഞ മല കയറി കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. വാര്‍ധക്യസഹജമായ തളര്‍ച്ചകളെ അതിജീവിച്ചുകൊണ്ട് 97 വയസുള്ള കര്‍ദിനാള്‍ നടത്തിയ തീര്‍ത്ഥാടനം പ്രാര്‍ത്ഥനയുടെയും വിശ്വാസദൃഢതയുടെയും മരിയന്‍ ഭക്തിയുടെയും ശക്തമായ സാക്ഷ്യമായി. 1981 ജൂണ്‍ 24-നാണ് മെഡ്ജുഗോറിയില്‍ ആദ്യമായി ആറ് യുവാക്കള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്.
കര്‍ദിനാള്‍ ആകുന്നതിന് മുന്‍പ്, അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ 18 വര്‍ഷം ജയിലിലും നിര്‍ബന്ധിത തടങ്കല്‍ പാളയങ്ങളിലും അടയ്ക്കപ്പെട്ട കര്‍ദിനാള്‍ സിമോണിയുടെ ഈ തീര്‍ത്ഥാടനത്തിന് ഏറെ സവിശേഷതയുണ്ട്. തടവറയുടെയും ക്ലേശങ്ങളുടെയും ഇരുണ്ട കാലങ്ങളെ അതിജീവിച്ച് 97-ാം വയസില്‍ മെഡ്ജുഗോറി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കൊടുമുടി വരെ നടന്നുകയറിയ കര്‍ദിനാള്‍ സിമോണിയുടെ ജീവിതം വിശ്വാസത്തിന്റെ അചഞ്ചലമായ കരുത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി നിലകൊള്ളുന്നു.

