
കൊച്ചി: ഇന്‍സ്റ്റാഗ്രാമിലെ തനത് ശൈലിയിലുള്ള മലയാളം പറച്ചിലിലൂടെ ലക്ഷക്കണക്കിന് മലയാളി ഹൃദയങ്ങളില്‍ കുടിയേറിയ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റഫര്‍ (ക്രിസ്) സോഷ്യല്‍ മീഡിയയുടെ ലോകം ഉപേക്ഷിച്ച് വൈദികനാകാന്‍ ഒരുങ്ങുന്നു. മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച യേശുവിനായി ജീവിതം മുഴുവന്‍ സമര്‍പ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ‘ജീസസ് യൂത്ത്’ പ്രസ്ഥാനത്തിന്റെ സ്വാധീനവുമുണ്ടെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ തിളക്കമുള്ള ലോകത്ത് നിന്ന്, സെമിനാരിയിലേക്ക് ചുവടുവയ്ക്കുന്ന ഈ അമേരിക്കന്‍ യുവാവിന് കേരളത്തോടും മലയാള ഭാഷയോടും ഏറെ പ്രത്യേകമായ ബന്ധമാണുള്ളത്. 1.5 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ അക്കൗണ്ടില്‍ നിന്നുള്ള വരുമാനവും പ്രശസ്തിയും വേണ്ടെന്നുവെച്ചാണ് ഈ ഇരുപത്തിയാറുകാരന്‍ സന്യാസ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്.
കാന്‍സര്‍ എന്ന മാരകരോഗത്തെ അത്ഭുതകരമായി അതിജീവിച്ച ക്രിസ്റ്റഫര്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടെ തന്നെയാണ് ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തെ ഏറെ ഇഷ്ടപ്പെടുകയും കേരളം നിരവധി തവണ സന്ദര്‍ശിക്കുകയും ചെയ്തിട്ടുള്ള ക്രിസ് ഇന്‍സ്റ്റാഗ്രാമില്‍ തനതായ ശൈലിയില്‍ മലയാളം സംസാരിച്ചു ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ ‘നല്ല വെള്ളക്കാരന്‍’
അമേരിക്കന്‍ സ്വദേശിയായ ക്രിസ്റ്റഫര്‍ ജോലി ചെയ്യുന്നതിനിടയിലാണ് വിനോദത്തിനായി മലയാളം പഠിക്കാന്‍ തുടങ്ങിയത്. ഭാഷകളോടുള്ള കൗതുകം കൊണ്ടും തന്റെ സുഹൃദ്വലയത്തിലെ ഭൂരിഭാഗവും മലയാളികളായതുകൊണ്ടുമാണ് ക്രിസ് മലയാളത്തെ നെഞ്ചിലേറ്റിയത്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിലാണ് ക്രിസ്റ്റഫര്‍ ചെയ്ത ‘സര്‍വൈവല്‍ മലയാളം’ എന്ന റീല്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടര്‍ന്ന് ‘മലയാളി അങ്കിള്‍ വൊക്കാബുലറി’, ‘കേരളത്തിലെ കഠിനമായ വാക്കുകള്‍’ തുടങ്ങിയ വീഡിയോകളിലൂടെ അദ്ദേഹം മലയാളി സൈബര്‍ ലോകത്ത് തരംഗമായി മാറി. തനിക്ക് സ്‌നേഹവും അഭയവും നല്‍കിയ മലയാളി സമൂഹത്തോടുള്ള നന്ദിസൂചകമായി ‘നിങ്ങളുടെ നല്ല വെള്ളക്കാരന്‍’ എന്നാണ് ക്രിസ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
കാന്‍സറിന്റെ നാലാം ഘട്ടത്തിലെ അത്ഭുതം
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ക്രിസ്റ്റഫറിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ കഠിനമായ പരീക്ഷണം കടന്നുവരുന്നത്. ആദ്യ വീഡിയോ വൈറാലായി ഒരു മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ 2023 ഒക്ടോബര്‍ മാസത്തിലാണ് ക്രിസിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. 2024 ഡിസംബറില്‍ ഇന്ത്യയിലേക്ക് നടത്തിയ ഒരു മാസത്തെ യാത്രയ്ക്ക് ശേഷമുള്ള പരിശോധനയില്‍ രോഗം നാലാം ഘട്ടത്തിലേക്ക് (സ്റ്റേജ് 4) എത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിനൊടുവില്‍, 2025-ലെ ഈസ്റ്ററിന് തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ വലിയൊരു ഇടപെടലും അത്ഭുതവും നടന്നതായി ക്രിസ് സാക്ഷ്യപ്പെടുത്തുന്നു. 2025 നവംബര്‍ മാസമായപ്പോഴേക്കും മെഡിക്കല്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാന്‍സര്‍ പൂര്‍ണമായും ഭേദമാവുകയും ക്രിസ് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
ഈ കാര്യങ്ങളെല്ലാം നിശബ്ദമായി മനസില്‍ സംഗ്രഹിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ക്രിസ് കുറിച്ചു. – ‘കാരണം, സര്‍വ്വശക്തനായ ദൈവം എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!’ ആ കുറിപ്പില്‍ ക്രിസ് കുറിച്ചു.
ഇനി ക്രിസ്തുവിന്റെ ‘ഇന്‍ഫ്‌ളുവന്‍സര്‍’
എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ ഒരു പടി കൂടെ കടന്ന് താന്‍ വൈദികാനാകാന്‍ തയാറെടുക്കുകയാണെന്നും ആ തീരുമാനത്തിന് പിന്നില്‍ ‘ജീസസ് യൂത്ത്’ ചെലുത്തിയ സ്വാധീനം വലുതാണെന്നും വ്യക്തമാക്കിക്കൊണ്ട് ക്രിസ്റ്റഫര്‍ വീണ്ടും സോഷ്യല്‍ മീഡിയ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പ്രാര്‍ത്ഥനയോടെ കൂടെനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ജീസസ് യൂത്ത് കൂട്ടായ്മയ്ക്കും നന്ദി പറയുന്ന ക്രിസ്റ്റഫര്‍, തന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം യേശു തന്റെ ഉറ്റകൂട്ടുകാരനാണ് എന്ന തിരിച്ചറിവാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു.
പ്രശസ്തിയുടെയും സോഷ്യല്‍ മീഡിയയുടെയും ലോകത്തോട് പൂര്‍ണമായി വിടപറഞ്ഞ്, തന്നെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സറാകാന്‍ ഒരുങ്ങുകയാണ് ഈ ‘നല്ല വെള്ളക്കാരന്‍’.

