
ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.
ജന്മനാ അന്ധനായ നദീം മസീ, മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പാകിസ്താന്‍ ശിക്ഷാനിയമത്തിലെ 295-ഇ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സാദ് സല്‍മാന്‍ ഖാന്‍ കേസ് തള്ളുകയായിരുന്നു.
2025 ഓഗസ്റ്റ് മുതല്‍ നദീം മസീ പോലീസ് കസ്റ്റഡിയിലായിരുന്നു. ലാഹോറിലെ നവാസ് ഷെരീഫ് പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകരുടെ ഭാരം അളക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. പാര്‍ക്കിലെ കരാറുകാരുമായി ഉണ്ടായ തര്‍ക്കമാണ് വ്യാജ കേസിന് പിന്നിലെന്ന് നദീമിന്റെ കുടുംബം ആരോപിക്കുന്നു. കരാറുകാര്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭീഷണിയെത്തുടര്‍ന്ന് നദീമിന്റെ കുടുംബം ഇപ്പോള്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയാണ്.
കാഴ്ചശക്തിയില്ലാത്ത നദീമിന് ജയില്‍വാസം അങ്ങേയറ്റം ദുസ്സഹമായിരുന്നുവെന്നും, പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും പോലും അദ്ദേഹം ഏറെ കഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. പാകിസ്താനില്‍ ദൈവനിന്ദാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഓഫ് പാകിസ്താന്റെ റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ മാത്രം പഞ്ചാബ് പ്രവിശ്യയില്‍ 812 പേരാണ് ദൈവനിന്ദാ കുറ്റത്തിന് ജയിലിലായത്. ഇതില്‍ 796 പുരുഷന്മാരും 15 സ്ത്രീകളും ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു.

