
കോഴിക്കോട്: ജപ്തിയിലായ ഒരു കുടുംബത്തിന്റെ കടബാധ്യത അടച്ചുതീര്‍ത്ത് കാരുണ്യത്തിന്റെ കരം നീട്ടി റിട്ടയര്‍മെന്റ് ദിവസം മനുഷ്യത്വത്തിന്റെ പുസ്തകത്തില്‍ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് മേഴ്‌സി ചെറിയാന്‍. നാല് വര്‍ഷമായി ആരും അറിയാതെ മേഴ്‌സി ചെയ്തിരുന്ന ഒരു കരുതലിന്റെ കഥ പുറംലോകം അറിഞ്ഞതും അപ്പോഴാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി മേഴ്‌സി ചെറിയാന്‍ 29 വര്‍ഷത്തെ സര്‍വീസിന് ശേഷം മെയ് 31നാണ് റിട്ടയര്‍ ചെയ്തത്.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ബാലുശേരി സ്വദേശി 80-കാരിയായ ജാനുവിന്റെ പേരിലെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2022-ലാണ് കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി അദാലത്തിലേക്ക് ഇവരെ വിളിച്ചു. പ്രായമായ അമ്മയ്‌ക്കൊപ്പം മകളും മകളുടെ രോഗിയായ ഭര്‍ത്താവും സ്‌കൂള്‍വിദ്യാര്‍ത്ഥിയായ മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
ഇളവനുവദിച്ചാലും ബാക്കി പണമടയ്ക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞ് അവര്‍ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി മെഴ്സി ചെറിയാന്റെ മുമ്പില്‍ സങ്കടപ്പെട്ടു. നിസഹായരായ അവരുടെ കണ്ണീരു കണ്ടപ്പോള്‍ മേഴ്‌സിയുടെ ഹൃദയത്തിലും വലിയ നൊമ്പരം ഉണ്ടായി.
ജപ്തിയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ പറ്റുന്ന സഹായം ചെയ്യണമെന്നായിരുന്നു ഭര്‍ത്താവ് മാര്‍ക്കോസ് പറഞ്ഞതും. മേഴ്സി ഇളവു കൊടുത്ത് ലോണ്‍ പുതുക്കി. പിന്നെ എല്ലാ മാസവും സ്വന്തം ശമ്പളത്തില്‍നിന്ന് പണമെടുത്ത് ലോണ്‍ അടച്ചു. തങ്ങളുടെ ലോണ്‍ അടയ്ക്കുന്നത് നന്മ നിറഞ്ഞ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വീടിന്റെ ഉടമസ്ഥര്‍പോലും അറിഞ്ഞില്ല. സഹപ്രവര്‍ത്തകരോടും ഈ വിവരം മേഴ്‌സി പറഞ്ഞിരുന്നില്ല.
ഈ മെയ് 31-ന് റിട്ടയര്‍ ചെയ്യുന്നതിനാല്‍ ഇനി എല്ലാ മാസവും പണം അടയ്ക്കുക ബുദ്ധിമുട്ടാ യതിനാല്‍ ലോണിന്റെ ബാക്കിയുള്ള തുക ഒന്നിച്ച് അടച്ചുതീര്‍ക്കാന്‍ മേഴ്‌സി തീരുമാനിക്കുകയായിരുന്നു. ആധാരം തിരിച്ചുവാങ്ങാന്‍ ബാങ്കില്‍നിന്നും വിളി ചെന്നപ്പോള്‍ ഞെട്ടിയത് വീടിന്റെ ഉടമസ്ഥയായ അമ്മയും മകളുമായിരുന്നു. മേഴ്സി തങ്ങളുടെ ലോണ്‍ തിരിച്ചടച്ചിരുന്ന വിവരം അവരും അറിയുന്നത് അപ്പോഴായിരുന്നു.
കോഴിക്കോട് വേങ്ങേരിയിലാണ് മേഴ്സിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് മാര്‍ക്കോസും മകള്‍ ഗ്രീഷ്മയും ഭര്‍ത്താവ് ലീജോയും മേഴ്‌സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫുള്‍സപ്പോര്‍ട്ടാണ്.
ഒരു ലക്ഷത്തി ഏഴായിരത്തോളം രൂപയാണ് മേഴ്‌സി ചെറിയാന്‍ അടച്ചുതീര്‍ത്തത്. സഹപ്രവര്‍ത്തകരും ഈ വിവരം അറിഞ്ഞത് അങ്ങനെയാണ്. കെട്ടിപ്പിടിച്ചുകരഞ്ഞാണ് ആ അമ്മയും മകളും മേഴ്സിക്ക് നന്ദിപറഞ്ഞത്. മേഴ്സിതന്നെ ആധാരം അവര്‍ക്ക് കൈമാറുകയുംചെയ്തു. ദൈവം ചിലപ്പോള്‍ മനുഷ്യരുടെ രൂപത്തിലായിരിക്കും എത്തുക എന്ന് ആ പാവപ്പെട്ട കുടുംബം അവിടെ വച്ചായിരിക്കും തിരിച്ചറിഞ്ഞതും.

