എഫ്‌സിആര്‍എ; ഡമോക്ലീസിന്റെ വാള്‍ മുകളില്‍ത്തന്നെ, ലഭിച്ചത് താല്ക്കാലിക ആശ്വാസം മാത്രം

FCRA temporary relief Damocles sword NGOs India

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സി ആര്‍എ) ഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധമായിരുന്നു ക്രൈസ്തവ സഭകള്‍ ഉയര്‍ത്തിയത്. ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരാതെ മാറ്റിയെങ്കിലും അതൊരു താല്ക്കാലിക ആശ്വാസം മാത്രമായിരുന്നു എന്നുവേണം കരുതാന്‍. തിരഞ്ഞെടുപ്പു കാലത്ത് ന്യൂനപക്ഷങ്ങളെ പിണക്കേണ്ടെന്ന ബുദ്ധിപരമായ ഒരു ലൈന്‍. കള്ളന്മാരാണ് ബില്ലിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞത് പരസ്യമായി ചാനല്‍ ക്യാമറയുടെ മുമ്പിലായിരുന്നു. ആ വാക്കുകളില്‍ ചില സൂചനകളുണ്ട്. ഈ വ്യവസ്ഥകളോടെ എഫ്‌സിആര്‍എ ബില്‍ അവതരിപ്പിക്കില്ലെന്ന് കേരളത്തിലെ ബിജെപി നേതൃത്വം പറയുന്നതില്‍ ആശ്വാസത്തിന് വകയില്ലെന്നു വേണ്ടേ മനസിലാക്കാന്‍.

ലക്ഷ്യം കള്ളക്കണക്കുകാരോ?

എത്ര തന്ത്രപരമായിട്ടുമാണ് ചിലര്‍ വിഷയങ്ങളെ ട്വിസ്റ്റുചെയ്യുന്നത്. കൃത്യമായി കണക്കുകൊടുക്കുന്നവര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നു പറയുമ്പോള്‍ ക്രൈസ്തവ സഭകള്‍ കണക്കില്‍ കൃത്രിമത്വം ചെയ്യുന്നുണ്ടെന്നല്ലേ പറയാതെ പറയാന്‍ ശ്രമിക്കുന്നത്. സഭയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമംകൂടി  ബില്ലിന്റെ പിന്നില്‍ ഉണ്ടെന്നു സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയാത്ത സാഹചര്യം. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സിന്റെ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ത്തന്നെ വളരെ കര്‍ക്കശമാണ്. ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലൂടെ മാത്രമേ എഫ്‌സിആര്‍എ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയൂ. ആ ഭേദഗതി കൊണ്ടുവന്നതും ബിജെപി ഗവണ്‍മെന്റാണ്. വിദേശസഹായം ചെലവഴിക്കുന്നതിലും വളരെ കര്‍ശനമായ നിബന്ധനകളുണ്ട്. ലൈസന്‍സ് പുതുക്കണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

നിയമത്തിലെ ചതിക്കുഴികള്‍

എഫ്‌സിആര്‍എ ഭേദഗതിയില്‍ സ്വഭാവിക നീതിക്ക് നിരക്കാത്ത നിരവധി വകുപ്പുകളുണ്ട്. ഗവണ്‍മെന്റും ഉദ്യോഗസ്ഥ സംവിധാനവും ഒരുമിച്ചുനിന്നാല്‍ നിയമത്തിലെ ചട്ടങ്ങള്‍ വളച്ചൊടിച്ച് ഏതൊരു സ്ഥാപനത്തിന്റെയും ലൈസന്‍സ് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ എളുപ്പത്തില്‍ കഴിയും. അങ്ങനെ സംഭവിച്ചാല്‍ ആ സ്ഥാപനം ഗവണ്‍മെന്റിന് എറ്റെടുക്കാന്‍ സാധിക്കുമെന്നതാണ് ഈ നിയമഭേദഗതിയിലെ ഒരു ചതിക്കുഴി.

കണക്കു നല്‍കാന്‍ പ്രയാസം ഉള്ളതുകൊണ്ടോ സഭാ നേതൃത്വത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതുമൂലമോ അല്ല ക്രൈസ്തവര്‍ നിയമഭേദഗതിയെ എതിര്‍ക്കുന്നതെന്ന് വ്യക്തം.  സ്ഥാപനങ്ങളെ അപ്പാ ടെ വിഴുങ്ങാനുള്ള കെണിയാണെന്ന് തിരിച്ചറിവുള്ളതിനാലാണ്. സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങി  ക്രൈസ്തവര്‍ പണിതുയര്‍ത്തിയതൊന്നും ഏതെങ്കിലുമൊരു വിഭാഗത്തിനുവേണ്ടി മാറ്റിവച്ചിട്ടുള്ളവയല്ല. മറിച്ച്, അതിന്റെ പ്രയോജനം നാടിന് മുഴുവനുമാണ്.

ജീവകാരുണ്യ സ്ഥാപനങ്ങളും ഏറ്റെടുക്കാം

അലഞ്ഞുതിരിയുന്ന മാനസിക രോഗികളെ കേരളത്തിലൊരിടത്തും ഇപ്പോള്‍ കാണാറില്ല. അതിനു കാരണം തലയുയര്‍ത്തി നില്ക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങളാണ്. അവിടെ സംരക്ഷിക്കപ്പെടുന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണ്. ആരോരുമില്ലാത്ത എത്രയോ വയോധികരാണ് ക്രൈസ്തവ സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒട്ടനവധിയുണ്ട്. ഇതൊക്കെ ലാഭം പ്രതീക്ഷിച്ച് ചെയ്യുന്നവയാണോ? മാസം 10 ലക്ഷം രൂപ പ്രതിഫലം നല്‍കിയാലും ഒരു മാനസിക രോഗിയെ സംരക്ഷിക്കാന്‍ കഴിയുമോ എന്ന് വിമര്‍ശകര്‍ ആലോചിക്കണം.

കേരളത്തിലെ ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളും കെട്ടിയുയര്‍ത്താന്‍ വിദേശ സഹായം ലഭിച്ചിട്ടുണ്ട്. ആ വിദേശ സംഭാവനകള്‍  ലഭിച്ച സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്താല്‍ പുതിയ നിയമഭേദഗതിയിലൂടെ ഏതു നിമിഷംവേണമെങ്കിലും ആ ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളുമൊക്കെ ഗവണ്‍മെന്റിന് സ്വന്തമാകും. ലൈസന്‍സ് റദ്ദാക്കുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള സമയപരിധിപോലും നിശ്ചയിച്ചിട്ടില്ല. അതിനര്‍ത്ഥം ഇന്ന് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ നാളെ ആ സ്ഥാപനം വേണമെങ്കില്‍ ഗവണ്‍മെന്റിന് ഏറ്റെടുക്കാന്‍ കഴിയുമെന്നാണ്.

മിഷനറീസ് ഓഫ് ചാരിറ്റി ഒരു ഉദാഹരണം മാത്രം

ലോകം മുഴുവന്‍ ബഹുമാനിക്കുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കിക്കൊടുക്കാതിരിക്കുകയും അന്താരാഷ്ട്രതലത്തില്‍ അതു വാര്‍ത്തയായപ്പോള്‍ പുതുക്കുകയും ചെയ്ത സംഭവമുണ്ട്. ഇപ്പോള്‍ത്തന്നെ നിരവധി ക്രൈസ്തവ സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദുചെയ്തിട്ടുണ്ട്.

മറ്റൊരു പ്രധാന ചോദ്യം എഫ്‌സിആര്‍എ ലൈസ ന്‍സുമായി ബന്ധപ്പെട്ട പ്രതിഷേധം ഉയര്‍ത്തുന്നത് ക്രൈസ്തവ സഭകള്‍ മാത്രമാണ്. ഹൈന്ദവ സംഘടനകള്‍ക്കാണ് കൂടുതല്‍ പണം വരുന്നതെങ്കിലും അവര്‍ക്ക് പരാതികളില്ല. ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നിപ്പിക്കുന്നതാണ് വിശദീകരണമെങ്കിലും അതിന്റെ പിന്നില്‍ ഒരു കെണിയുണ്ട്. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി പറഞ്ഞത്, മതപരിവര്‍ത്തനം നടത്തുന്നവര്‍ ഭയപ്പെട്ടാല്‍ മതിയെന്ന്. മതപരിവര്‍ത്തനത്തിന്റെ കുന്തമുനയില്‍ നിര്‍ത്തുന്നത് ക്രൈസ്തവരെയാണ്. അതേസമയം ഘര്‍വാപസി എന്ന ഓമനപ്പേരില്‍ തീവ്രഹിന്ദുത്വസംഘടനകള്‍ ബലമായി ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിന് കേസില്ല. അതു മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റകരവുമല്ല. പ്രതിഷേധിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ. ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ക്കറിയാം.

യുദ്ധത്തില്‍ എതിരാളികളെ തോല്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. പിന്നണിയില്‍നിന്നും യുദ്ധമുഖത്തേക്കുള്ള എല്ലാ സഹായവും തടയുക. ആയുധങ്ങളടക്കമുള്ളവ എത്തിയില്ലെങ്കില്‍ മുന്നില്‍നില്ക്കുന്നവര്‍ക്ക് അധികസമയം പിടിച്ചുനില്ക്കാന്‍ കഴിയുകയില്ല. ഏതാണ്ട് അതിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് എഫ്‌സിആര്‍എ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളുമാണ് ക്രൈസ്തവരെ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതെന്ന് രാഷ്ട്രീയ നേതൃത്വത്തിനറിയാം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള വഴിയാണ് ഒരുങ്ങുന്നത്. എഫ്‌സിആര്‍എ ഡമോക്ലീസിന്റെ വാളുപോലെ  ക്രൈസ്തവ സ്ഥാപനങ്ങളുടെ മുകളില്‍ത്തന്നെ ഇപ്പോഴുമുണ്ട്.

ജോസഫ് മൈക്കിള്‍

Related Articles
anti conversion laws constitutional values India

മത പരിവർത്തന നിരോധന നിയമങ്ങൾ: ഭരണഘടനാ മൂല്യങ്ങൾ വിചാരണ ചെയ്യപ്പെടുമ്പോൾ

മതേതര ഇന്ത്യയുടെ സാംസ്കാരിക അടിത്തറയായ മതസ്വാതന്ത്ര്യം ഇന്ന് ഗുരുതരമായ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രഘോഷിക്കാനും ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന മൗലികാവകാശം വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിട്ടുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ

Read More »
FCRA restrictions Bible seizure debate India

എഫ്‌സിആര്‍എ ‘കണക്കിലെ പഴയ എളുപ്പവഴി’, ഇനി ബൈബിള്‍ പിടിച്ചെടുക്കേണ്ടതില്ലല്ലോ?

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ആരെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നത് ബില്‍ അവതരിപ്പിച്ച  കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. മതപരിവര്‍ത്തനം നടത്തുന്നവര്‍ ഭയപ്പെട്ടാല്‍ മതിയെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതേ വാക്കുകള്‍ മുമ്പ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.