
ആലിന് ഷെറിന് എബ്രഹാം (Alin Sherin Abraham) എന്ന കുഞ്ഞിനെക്കുറിച്ച് ഈ ദിനങ്ങളില്‍ ഓര്‍ക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മലയാളികള്‍ ഉണ്ടാവില്ല. ആ കുടുംബം ഈ നാടിന്റെ മുഴുവന്‍ സംസാരവിഷയമായി മാറിയിരിക്കുന്നു. 10 മാസംപോലും തികയാത്ത അവള് ഈ ലോകത്തുനിന്നും കടന്നുപോയെങ്കിലും മലയാളികളുടെ മനസില്‍നിന്നും ആ ഓര്‍മ്മകള്‍ അത്ര വേഗം മാഞ്ഞുപോകില്ല. കാരണം, അസാധാരണമായ കാരുണ്യത്തിന്റെ, കരുതലിന്റെ ചിന്തകള്‍ ഹൃദയങ്ങളില്‍ പതിപ്പിച്ചിട്ടാണ് അവള് യാത്രയായത്.
ആലിന് ഷെറിന്റെ മാതാപിതാക്കളായ അരുണും ഷെറിനും ഒന്നിച്ചെടുത്ത ഹൃദയാര്‍ദ്രത നിറഞ്ഞ ഒരു തീരുമാനമാണ് ആ കുടുംബത്തെ കേരളത്തിന്റെ മുഴുവന്‍ പ്രിയപ്പെട്ടവരാക്കിമാറ്റിയത്. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളില്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുക അസാധാരണമാണ്. തങ്ങളുടെ പൊന്നുമോള് നഷ്ടപ്പെട്ടെങ്കിലും അവളിലൂടെ മറ്റ് ആര്‍ക്ക് എങ്കിലുമൊക്കെ ജീവിതത്തിലേക്ക് തിരികെവരാന്‍ കഴിയുമെന്ന് ആ നിമിഷത്തില്‍ ചിന്തിക്കാന്‍ കഴിയുക അത്ര എളുപ്പമല്ല. മാത്രമല്ല, അവയവങ്ങള്‍ എടുക്കുന്നതിനുള്ള സമയവും കാത്തിരിപ്പുമൊക്കെമുണ്ട്.
ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്വീകര്ത്താ വാണ് ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്എടി ആശുപത്രിയി ലുള്ള 10 വയസുള്ള കുട്ടിക്ക് നല്കി. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.

അവയവദാനമെന്ന സത്പ്രവൃത്തിയുടെ മഹനീയതയെക്കുറിച്ചുള്ള ചിന്തകള്‍ മലയാളി മനസുകളില്‍ ആഴത്തില്‍ പതിയാന്‍ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം കാരണമായി എന്നതു തീര്‍ച്ചയാണ്. ഇതു അവയവദാനത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട നന്മയല്ല. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും അപരനെക്കുറിച്ച് ചിന്തിക്കുവാനുള്ള ഹൃദയവിശാലതയിലേക്ക് നാം എത്തണമെന്ന ഓര്മ്മപ്പെടുത്തല്ക്കൂടിയുണ്ട്. മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍ എന്നും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതില്‍ ചില കുറവുകള്‍ സംഭവിച്ചിട്ടുണ്ട്. അതു വീണ്ടെടുക്കാനുള്ള അവസരമായിക്കൂടി കരുതാം.
ആലിന് ഷെറിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും കടുത്ത വേദനയുടെ നടുവിലാണെന്നറിയാം. നിങ്ങളുടെ പൊന്നുമോള് (അല്ല, അവള് ഇപ്പോള്‍ ഈ നാടിന്റെ മുഴുവന്‍ പ്രിയവപ്പെട്ടവളാണ്) ഓര്‍മ്മയാകുമ്പോഴും അവള് കൊളുത്തിവച്ച കാരുണ്യത്തിന്റെ ദീപങ്ങള്‍ അണയാതെ സൂക്ഷിക്കുക എന്നത് മനുഷ്യത്വമുള്ള ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. കരുതലുകള്‍കൊണ്ട് മലയാളികളെ മുഴുവന്‍ കരയിച്ച ആലിന് ഷെറിന്റെ മാതാപിതാക്കളുടെ വേദനയില്‍ ഈ നാടുമുഴുവന്‍ ഒപ്പമുണ്ട്. ആലിന് ഷെറിന് (Alin Sherin) ഇനി വെറുമൊരു പേരല്ല, മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ നന്മയുടെ പര്യായമാണ്.
