
ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗം പി. വില്‍സണ്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഈ സമയത്ത് ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിലും 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമത്തിലും ഭേദഗതികള്‍ വരുത്തി കമ്മീഷനെ ഭരണഘടനാ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് സീനിയര്‍ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറലുമായ പി. വില്‍സണ്‍ എം.പി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ വര്‍ധനവില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ഭരണഘടന ഉറപ്പു നല്കുന്ന മതേതരത്വം, മതസ്വാതന്ത്ര്യം, സമത്വം എന്നിവയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. 2020 മുതല്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഏകദേശം 400 കേസുകളിലായി 1,200 പേര് അറസ്റ്റിലായിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും പ്രതികളാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സംരക്ഷണം ആവശ്യമുള്ള ഈ സമയത്ത്, ദേശീയ ന്യൂനപക്ഷ കമ്മീഷന്, നേതൃത്വവും അധികാരവുമില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് സാമൂഹിക നീതിക്കും ശാക്തീകരണത്തിനുമുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2017-18 ല്‍ ശുപാര്‍ശ ചെയ്തിരുന്ന കാര്യം പി. വില്‍സണ്‍ എം.പി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെടുമ്പോഴും അതില്‍ ഇടപെേടണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

