
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കിയാകുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടായിരുന്നു നിയമനം ലഭിക്കാതെപോയത്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതുകൊണ്ട് അവരുടെ തസ്തികകള്‍ മാറ്റിവച്ച് നിയമനം നല്‍കാന്‍ എയ്ഡഡ് മാനേജുമെന്റുകള്‍ നേരത്തെ മുതല്‍ തയാറായിരുന്നെങ്കിലും സംസ്ഥാന ഗവണ്‍മെന്റ് അത് അനുവദിച്ചിരുന്നില്ല.
ഈ വിഷയത്തില്‍ എന്‍എസ്എസ് മാനേജുമെന്റിന് കീഴിലുള്ള അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവു നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സമാന സ്വഭാവമുള്ള മാനേജ്‌മെന്റുകള്‍ക്ക് ഇതു ബാധകമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റു മാനേജുമെന്റുകള്‍ക്ക് അതു ബാധകമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നിയമനം വീണ്ടും പ്രതിസന്ധിയിലായത്.
നീതി നിഷേധിക്കപ്പെട്ട അധ്യാപകര്‍ക്കുവേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ നിരവധി നിവേദനങ്ങള്‍ ഗവണ്‍മെന്റിന് നല്‍കിയിരുന്നു. ഒപ്പം, സെക്രട്ടറിയേറ്റ് പടിക്കല്‍വരെ സമരം നടത്തുന്നവിധത്തിലേക്ക് പ്രതിഷേധം ഉയര്‍ന്നു.
ഇപ്പോൾ ഇത്തരത്തിലുള്ള ഭൂരിപക്ഷം അധ്യാപകർക്കും ആശ്വാസം നൽകുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നെങ്കിലും അവർക്കിടയിലെ ഒരുവിഭാഗം പേരുടെ ആശങ്കകൾ ബാക്കിയാകുന്നു. സെറ്റ്, നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി തുടങ്ങിയ ഉന്നത യോഗ്യതകള്‍ ഉള്ളവര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടാന്‍ രണ്ടു വര്‍ഷത്തെ സാവകാശം അനുവദിച്ച് താല്ക്കാലിക നിയമനം നല്‍കാനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. രണ്ടു വര്‍ഷത്തിനകം യോഗ്യത നേടാത്തവര്‍ പുറത്താകുമെന്നുമാത്രമല്ല, വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കാമെന്ന ബോണ്ട് എഴുതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.
ഈ നിബന്ധന വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അധ്യാപകരെ കടുത്ത ഉത്ക്കണ്ഠയിലേക്കുവരെ നയിക്കാന്‍ ഇതു കാരണമാകും.അധ്യാപകര്‍ക്കു പ്രതിഫലം നല്‍കുന്നത് ചെയ്യുന്ന ജോലിക്കാണല്ലോ. ടെസ്റ്റ് യോഗ്യത നേടാത്തവര്‍ അതു തിരിച്ചടക്കണമെന്നു പറയുന്നത് അനീതിയാണ്. ആശങ്ക നിറഞ്ഞ മനസുമായി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാല്‍ നിലവാരത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടയില്‍ മറ്റു ജോലികള്‍ ലഭിച്ചുപോകുന്നവരും അതുവരെ വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കേണ്ടതായി വരില്ലേ? ഇത്തരം വകുപ്പുകള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്.
മറ്റു മാനേജ്‌മെന്റുകളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെങ്കില്‍ സുപ്രീംകോടതി ഉത്തരവ് വാങ്ങണമെന്ന് വാശിപിടിച്ചത് സംസ്ഥാനസർക്കാരായിരുന്നു. അങ്ങനെയാണ് വീണ്ടും കേസ് സുപ്രീംകോടതിയില്‍ എത്തിയത്. ആ കേസ് ഏപ്രില്‍ 14-ലേക്ക് പരിഗണിക്കാന്‍ കോടതി മാറ്റിയിരിക്കുകയാണ്. നിയമനാംഗീകാരം നല്‍കുമ്പോള്‍ കോടതിയുടെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നുകൂടി ചേര്‍ക്കുന്നുണ്ട്.
എന്‍എസ്എസ് മാനേജ്‌മെന്റിന് ലഭിച്ച ഉത്തരവ് മറ്റു മാനേജ്‌മെന്റുകള്‍ക്ക് ബാധകമാണെന്നു നിയമോപദേശത്തിന്റെ പുറത്താണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇത്തരമൊരു വിവേകം ഒരു വര്‍ഷംമുമ്പ് ഉണ്ടാകുകയായിരുന്നെങ്കില്‍ കേസ് വീണ്ടും കോടതി വ്യവഹാരങ്ങളിലേക്കു നീളുമായിരുന്നില്ല.

