40 സെക്കന്റുകളുടെ ഇടവേളയില്‍ രാജ്യത്തെ തകര്‍ത്തെറിഞ്ഞ് ഇരട്ട ഭൂകമ്പം; വെനസ്വേലയില്‍ നാളെ ദേശീയ പ്രാര്‍ത്ഥനാ ദിനം

Venezuela national day of prayer after earthquake

കാരക്കാസ്/വെനസ്വേല:  നാല്‍പ്പത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഒരു രാജ്യത്തെ ഒട്ടാകെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ജൂണ്‍ 24 വൈകുന്നേരം 6:04-ന് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയിലെ സാന്‍ ഫെലിപ്പിന്  സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. മുപ്പത്തിയൊന്‍പത് സെക്കന്‍ഡുകള്‍ക്ക് ശേഷം, തൊട്ടടുത്തായി 7.5 തീവ്രതയുള്ള മറ്റൊരു ശക്തമായ ഭൂകമ്പവുമുണ്ടായി. 1900-ന് ശേഷം വെനസ്വേലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്.

വിശുദ്ധ സ്‌നാപക യോഹന്നാന്റെ തിരുനാളും, ഒപ്പം ‘ കാരാബോബോ യുദ്ധം’ അനുസ്മരിക്കുന്ന വെനസ്വേലയുടെ ദേശീയ അവധി ദിനവും ആയതിനാല്‍ സ്‌കൂളുകളും ഓഫീസുകളും കടകളും അന്ന് അടഞ്ഞുകിടക്കുകയായിരുന്നു. ഈയൊരു കാരണം കൊണ്ടാണ് മരണസംഖ്യ ഒരു പരിധിവരെ കുറഞ്ഞതെന്ന് കാരക്കാസ് ആര്‍ച്ചുബിഷപ് റൗള്‍ ബിയോര്‍ഡ് കാസ്റ്റിലോ  പറഞ്ഞു.

വെനസ്വേലയില്‍ വ്യാപക നാശഷ്ടം വിതച്ച ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്ന കരകയറാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇരകള്‍ക്കും ദുരിതബാധിതര്‍ക്കുമായി നാളെ (ജൂണ്‍ 28 ഞായറാഴ്ച) ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്.  തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കാണാതായ 50,000-ത്തിലധികം ആളുകളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. 920 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍.

അതേസമയം ‘നിങ്ങള്‍ ഒറ്റയ്ക്കല്ല; സഭ കൂടെയുണ്ട്’ എന്ന സന്ദേശവുമായി  വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസ്താവന പുറത്തിറക്കി. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച കാരക്കാസ്, ലാ ഗൈ്വറ, പ്യൂര്‍ട്ടോ കാബെല്ലോ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങളോട് ബിഷപ്പുമാര്‍ തങ്ങളുടെ അഗാധമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചു. ‘വേദനയുടെയും അനിശ്ചിതത്വത്തിന്റെയും ഈ കറുത്ത നാളുകളില്‍ ഞങ്ങള്‍ കര്‍ത്താവിങ്കലേക്ക് പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുകയാണ്. നിങ്ങള്‍ ഒറ്റയ്ക്കല്ല; ഈ വലിയ പ്രതിസന്ധിയിലും നിങ്ങള്‍ക്ക് തണലായി, നിങ്ങളോടൊപ്പം നടക്കുന്ന ഒരു സഭയും ജനതയും ഇവിടെയുണ്ട്. നമ്മുടെ  പ്രാര്‍ത്ഥനകള്‍ ഓരോ സഹോദരങ്ങളുടെയും വേദനകള്‍ക്ക് ശമനമേകുന്ന ലേപനമായി മാറട്ടെ,’ ബിഷപ്പുമാരുടെ പ്രസ്താവനയില്‍ പറയുന്നു.

 ദുരന്തബാധിതര്‍ക്ക്  അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. കാരിത്താസ് വെനസ്വേല, കാത്തലിക്ക് റിലീഫ് സര്‍വീസസ്, പൊന്തിഫിക്കല്‍ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് തുടങ്ങിയ സംഘടനകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സുരക്ഷിതമായി അവശേഷിക്കുന്ന എല്ലാ പള്ളികളും രൂപതാ ആസ്ഥാനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായും സംഭരണ കേന്ദ്രങ്ങളായും മാറ്റിയിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി ധാന്യങ്ങള്‍, എണ്ണ, മരുന്നുകള്‍, പ്രഥമശുശ്രൂഷാ കിറ്റുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ സംഘടനകളുടെ നേതൃത്വത്തില്‍ സംഭരിച്ച് വരുന്നു. വെനസ്വേലയ്ക്ക് അടിയന്തര ധനസഹായമായി ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ 1,13,000 ഡോളര്‍ അനുവദിച്ചു. അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ  കത്തോലിക് റിലീഫ് സര്‍വീസസ്, താല്കാലിക അഭയകേന്ദ്രങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ കാരിത്താസിനൊപ്പം കൈകോര്‍ക്കുന്നുണ്ട്. ഭൂകമ്പബാധിതര്‍ക്ക് ആദ്യഘട്ട അടിയന്തര സഹായമായി 1,00,000 യൂറോ വത്തിക്കാന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം മുഖേന ലിയോ 14-ാമന്‍ പാപ്പയും നല്‍കിയിട്ടുണ്ട്.

ഭൂകമ്പത്തില്‍ കാരക്കാസ് കത്തീഡ്രലിനും ദുരന്തബാധിത പ്രദേശങ്ങളിലെ മറ്റ് പന്ത്രണ്ടോളം ഇടവകപ്പള്ളികള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കാരക്കാസ് ആര്‍ച്ചുബിഷപ് റൗള്‍ ബിയോര്‍ഡ് കാസ്റ്റിലോ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ‘ഇപ്പോള്‍ ഏറ്റവും പ്രധാനം, ഭവനരഹിതരായവരെയും വീടുകള്‍ നഷ്ടപ്പെട്ടവരെയും എങ്ങനെ സഹായിക്കാന്‍ ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ ഒത്തൊരുമയോടെ നില്‍ക്കുക എന്നതാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ‘ഭൗതികമായ നാശനഷ്ടങ്ങളും പള്ളികളുടെ തകര്‍ച്ചയും നമ്മെ വേദനിപ്പിക്കുന്നുണ്ട്  എന്നാല്‍ അവയെല്ലാം നമുക്ക് വീണ്ടെടുക്കാന്‍ കഴിയും. മനുഷ്യജീവനാണ് എല്ലാറ്റിനേക്കാളും വിലപ്പെട്ടത്,’ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

Related Articles
Earthquake damaged churches reopened Holy Cross relic

ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ട് ദേവാലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു; വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വീണ്ടും വിശ്വാസികള്‍

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 2017 സെപ്റ്റംബറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ സാന്താ വെരാ ക്രൂസ്

Read More »
CCBI prayers for earthquake-hit Venezuela

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ വെനിസ്വേലയ്ക്ക് പ്രാര്‍ത്ഥനകളുമായി സിസിബിഐ 

ന്യൂഡല്‍ഹി: വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ).    സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി  ഫെറാവോ വെനിസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.