
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ലോകം ആദരവോടെ വണങ്ങുന്ന ‘വേറോനിക്കയുടെ തൂവാല’ (The Veil of Veronica) നാളെ (മാര്‍ച്ച് 22 ഞായറാഴ്ച) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും.
വിശുദ്ധ വാരത്തോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങ് ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് റോമിലേക്ക് ഇപ്പോള്‍ പ്രവഹിക്കുന്നത്. ആര്‍ച്ച് പ്രീസ്റ്റ് കര്‍ദ്ദിനാള്‍ മൗറോ ഗമ്പെത്തിയുടെ സാന്നിദ്ധ്യത്തിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ നടക്കുന്നത്.
ഗാഗുല്‍ത്താമലയിലേക്ക് ക്രിസ്തു ഭാരമുള്ള കുരിശുമായി നടക്കുന്നതിനിടയിലാണ് പടയാളികളെപ്പോലും കണക്കാക്കാതെ വേറോനിക്ക ക്രിസ്തുവിന്റെ അടുത്തേക്ക് ഓടിയെത്തുന്നത്. ചോരയും വിയര്‍പ്പുംകൊണ്ട് നനഞ്ഞ തിരുമുഖം തന്റെ കയ്യിലിരുന്ന തൂവാലകൊണ്ട് വേറോനിക്ക ഒപ്പിയെടുത്തു. ആ തൂവാലയില്‍ യേശുവിന്റെ മുഖം അത്ഭുതകരമായി പതിയുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അള്‍ത്താരയ്ക്ക് മുകളിലുള്ള പ്രത്യേകമായൊരു രൂപക്കൂടിലാണ് ഈ തിരുശേഷിപ്പ് നൂറ്റാണ്ടുകളായി സൂക്ഷിക്കുന്നത്. എല്ലാ വര്‍ഷവും വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ചയാണ് ഇത് വിശ്വാസികള്‍ക്ക് കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.
ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വത്തിക്കാന്‍ മ്യൂസിയം അധികൃതരും സ്വിസ് ഗാര്‍ഡും സംയുക്തമായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ബാരിക്കേഡുകളും മെഡിക്കല്‍ എയ്ഡ് സെന്ററുകളും ബസിലിക്ക പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.
റോമിലെ പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീര്‍ത്ഥാടകരും, നോമ്പിന്റെ നാല്‍പ്പത് ദിവസങ്ങളിലും നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകള്‍ വണങ്ങാന്‍ എത്താറുണ്ട്.

