ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ഗ്ലാഡിസ് മാതൃക; മോചന വാര്‍ത്തകളില്‍  നിറയുന്ന ആശങ്കകള്‍

Gladys Staines forgiveness

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും  അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ജീവനോടെ തീവച്ചുകൊന്ന ധാരാസിങിനെ മോചിപ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. 1999 ജനുവരി 23-നായിരുന്നു ഗ്രഹാം സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും (10) തിമോത്തിയും (6) വധിക്കപ്പെട്ടത്. മോചന വാര്‍ത്തയെപ്പറ്റി അറിഞ്ഞപ്പോള്‍ മനസിലേക്കുവന്നത് ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിന്‍സ് ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവില്‍നിന്നും പറഞ്ഞ വാക്കുകളായിരുന്നു.

ധാരാസിങിനോടു ക്ഷമിക്കാമോ

 ”എന്റെ ഭര്‍ത്താവിനെയും മക്കളെയും കൊന്നവരോടു ക്രിസ്തു നാമത്തില്‍ ക്ഷമിക്കുന്നു.” ലോകം അമ്പരപ്പോടെയായിരുന്നു ആ വാക്കുകള്‍ കേട്ടത്. കേവലം 6, 10, വയസുള്ള രണ്ടു മക്കളും ഭര്‍ത്താവും വളരെ ദാരുണമായി വധിക്കപ്പെട്ടതിന്റെ വേദനയില്‍ തകര്‍ന്നുനില്ക്കുമ്പോഴാണ് ആ വാക്കുകള്‍ പുറത്തുവരുന്നത് എന്നോര്‍ക്കണം. ഗ്ലാഡിസ് സ്റ്റെയിന്‍സിന് ധാരാസിങിനോടു പൊറുക്കാമെങ്കില്‍ മറ്റാര്‍ക്കാണ് ക്ഷമിക്കാന്‍ കഴിയാത്തത് എന്നൊരു ചോദ്യം ന്യായമാണ്. 

ധാരാസിങിന് ആദ്യം ലഭിച്ചത് വധശിക്ഷയായിരുന്നു. പിന്നീട് ഒഡീഷ ഹൈക്കോടതിയാണ് ജീവപര്യന്തമാക്കി കുറച്ചത്. ആ ശിക്ഷ കുറഞ്ഞുപോയെന്നോ, വധശിക്ഷതന്നെയാണ് നല്‍കേണ്ടിയിരുന്നത് എന്നോ ക്രൈസ്തവ സഭകള്‍ പറഞ്ഞിട്ടില്ല. സഭ ഒരുകാലത്തും വധശിക്ഷയെ സ്വാഗതം ചെയ്തിട്ടുമില്ല. 

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒഡീഷയിലെ മയൂര്‍ഭഞ്ചിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തതായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് ചെയ്ത കുറ്റം. അദ്ദേഹത്തിന്റെ പേരില്‍ അക്കാലത്തും ആരോപിക്കപ്പെട്ടത് മതപരിവര്‍ത്തനമായിരുന്നു. ധാരാസിങ് നടത്തിയത് ഒരു കൊലപാതകം മാത്രമല്ല. ഫാ. അരുള്‍ ദാസ് എന്ന കത്തോലിക്ക വൈദികനെ അമ്പ് എയ്ത് വധിച്ചതും ഇതേ ധാരാസിങ് തന്നെയാണ്. കൊലപാതകമടക്കമുള്ള കേസുകള്‍ വേറെയുമുണ്ട്. 

സുപ്രീംകോടതി പറയാത്തത്

സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ധാരാസിങിനെ വിട്ടയക്കാന്‍ ഒരുങ്ങുന്നത് എന്നാണ് ഒഡീഷ സര്‍ക്കാരിന്റെ വിശദീകരണം. അവിടെ ചെറിയൊരു തെറ്റിദ്ധരിപ്പിക്കലുണ്ട്. 20 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ച തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ധാരാസിങാണ്.  ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ഒഡീഷ സര്‍ക്കാരിന് രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദ്ദേശം നല്‍കിയത്. അതിനര്‍ത്ഥം ധാരാസിങിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു എന്നല്ല. കോടതി ഉത്തരവിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സ്വഭാവികമായും സംശയങ്ങള്‍ ഉയരാം.

പച്ചക്കൊടി അപകടസൂചനയോ?

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തീവ്രവര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ തീരുമാനം പുതിയ ഊര്‍ജ്ജമായിത്തീരുമോ എന്നൊരു സംശയം ബാക്കിയാകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസംചെല്ലുംതോറും ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. അവിടെയെല്ലാം പോലീസും രാഷ്ട്രീയ നേതൃത്വങ്ങളും പക്ഷപാതപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതും. 

ധാരാസിങ് ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കമെന്ന അഭിപ്രായവുമില്ല. ആ മനുഷ്യന്‍ തെറ്റുകളുടെ ലോകത്തുനിന്നു പുറത്തുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് ക്രിസ്തീയത. എന്നാല്‍, ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നവര്‍ക്കുള്ള പച്ചക്കൊടിയാണോ ഈ തീരുമാനമെന്ന ആശങ്കകളെ തള്ളിക്കളയാനും കഴിയാത്ത സാഹചര്യമാണ് നിലനില്ക്കുന്നത്.

ജോസഫ് മൈക്കിള്‍

Related Articles
Chapel and cemetery demolition protest

ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണം; കന്യാസ്ത്രീകള്‍ക്ക് ഭീഷണി: പ്രതിഷേധം ശക്തമാകുന്നു

കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): നിര്‍മ്മാണത്തിലിരിക്കുന്ന ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബരാസത്തിലെ ഓക്‌സിലിയം സലേഷ്യന്‍ സിസ്റ്റേഴ്‌സിന്റെ (എഫ്എംഎ) മഠത്തിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ അറുപതോളം വരുന്ന സംഘമാണ് ഭീഷണിമുഴക്കിയത്. 

Read More »
Sayan forgives conductor

കണ്ടക്ടറോടു ക്ഷമിച്ച സയാനു കൊടുക്കാം ഒരു കയ്യടി

തങ്ങളെക്കൂടി ബസില്‍ കയറ്റണമെന്ന് കണ്ടക്ടറോടു അപേക്ഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിലായിരുന്നു ആ സംഭവം നടന്നത്. ഞങ്ങള്‍ക്കും വീട്ടില്‍ പോകേണ്ടേ ചേട്ടാ എന്നു ചോദിച്ചപ്പോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.