
വത്തിക്കാന്‍ സിറ്റി: ഗാസയിലെ കുഞ്ഞുങ്ങളുടെ നിലവിളി ഇനിയും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ ഓര്‍മിപ്പിച്ച് വത്തിക്കാന്‍ പത്രമായ ഒസര്‍വത്തോരെ റൊമാനോ. (L’Osservatore Romano) ‘ഇപ്പോഴും സമാധാനമില്ലാതെ’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 17ന്റെ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, കൊല്ലപ്പെട്ട പിതാവിന്റെ കബറിടത്തില്‍ മുഖം ചേര്‍ത്ത് കരയുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് ഫ്രാന്‍സിസ്‌കന്‍ സന്യാസിയായ ഫാ. ഇബ്രാഹിം ഫാല്‍ട്ടാസ് ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളിലക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
പിതാവിന്റെ കബറിടത്തിലെ മണ്ണില്‍ മുഖം അമര്‍ത്തി കരയുമ്പോള്‍ തന്നില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട പിതാവിന്റെ സ്‌നേഹവും ഊഷ്മളതയും ആ മണ്ണിലൂടെ തിരിച്ചുപിടിക്കാന്‍ അവള്‍ ശ്രമിക്കുകയായിരിക്കണമെന്ന് ഫാ. ഫാല്‍ട്ടാസ് പറഞ്ഞുവയ്ക്കുന്നു. തനിക്കും കുടുംബത്തിനും താങ്ങാകുമെന്ന് കരുതിയ പിതാവ് കൊല്ലപ്പെട്ടത് സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച വെടിനിര്‍ത്തല്‍ കാലയളവിലാണെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. ഗാസയില്‍ മരണം ഇന്നും തുടര്‍ക്കഥയാണ്. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി ഇന്നും പലരും തിരച്ചില്‍ തുടരുകയാണ്. അവരുടെ ഓര്‍മ്മകളും ചരിത്രവും ആ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു
ഒരു കുഞ്ഞിന്റെ കണ്ണുനീര്‍ പിതാവിന്റെ മൃതദേഹം മറവുചെയ്ത മണ്ണില്‍ വീഴാതിരിക്കുമ്പോള്‍ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാകൂവെന്ന് ഗാസയില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫാ. ഇബ്രാഹിം പറയുന്നു. ആ കൊച്ചു പെണ്‍കുട്ടിയെപ്പോലെ, കരയുന്ന ഓരോ കുഞ്ഞിനും വീടിന്റെ ഊഷ്മളതയും ഭക്ഷണവും സംരക്ഷണവും ലഭിക്കുമ്പോള്‍ മാത്രമേ സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
യുദ്ധം തകര്‍ത്ത ഗാസയില്‍ സമാധാനം ഇപ്പോഴും വിദൂരത്താാണെന്നും, അന്താരാഷ്ട്ര സമൂഹം ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും വത്തിക്കാന്‍ പത്രം ഈ ലേഖനത്തിലൂടെ ആവശ്യപ്പെടുകയാണ്.