
വത്തിക്കാന്‍ സിറ്റി: വിഖ്യാത ശില്‍പ്പിയും കലാകാരനുമായ മൈക്കലാഞ്ചലോയുടെ കൈയക്ഷരത്തെ അടിസ്ഥാനമാക്കി പുതി ഫോണ്ട് വത്തിക്കാനും മൈക്രോസോഫ്റ്റും ചേര്‍ന്ന് പുറത്തിറക്കി. ‘മൈക്കലാഞ്ചലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്ട്, മൈക്രോസോഫ്റ്റ് ഓഫീസിന്റെ പുതിയ പതിപ്പുകളില്‍ ലഭ്യമാക്കുന്നതോടെ ഇത് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഡിജിറ്റല്‍ രേഖകള്‍ ഇനി കൂടുതല്‍ മനോഹരമാകും.
മൈക്കലാഞ്ചലോയുടെ യഥാര്‍ത്ഥ കൈയക്ഷരത്തെ ആസ്പദമാക്കിയാണ് പുതിയ ഫോണ്ട് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി വത്തിക്കാന്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ കത്തുകള്‍, വ്യക്തിഗത കുറിപ്പുകള്‍, ബസിലിക്കയുടെ നിര്‍മാണ പ്ലാനുകള്‍ എന്നിവ മൈക്രോസോഫ്റ്റിലെ സാങ്കേതികവിദഗ്ധര്‍ പഠനവിധേയമാക്കി.
ലോകപ്രശസ്തമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രതിഷ്ഠാ കര്‍മ്മത്തിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിശ്വാസവും സാങ്കേതികവിദ്യയും കലയും ഒരുമിച്ചു ചേര്‍ന്ന ഈ ഉദ്യമം യാഥാര്‍ത്ഥ്യമായത്. ബസിലിക്കയുടെ പ്രശസ്തമായ താഴികക്കുടം രൂപകല്‍പ്പന ചെയ്ത മൈക്കലാഞ്ചലോയോടുള്ള ആദരവ് കൂടിയാണിത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണ ചുമതലയുള്ള വത്തിക്കാന്‍ വിഭാഗമായ ഫാബ്രിക്ക് ഓഫ് സെന്റ് പീറ്ററും മൈക്രോസോഫ്റ്റും തമ്മില്‍ ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന സഹകരണത്തിന്റെ തുടര്‍ച്ചയായാണ് ഈ ഫോണ്ട് വികസിപ്പിച്ചത്.
മൈക്കലാഞ്ചലോ എഴുതിയ ഓരോ അക്കവും ഒരു കലാരൂപം പോലെയാണെന്നും ഈ നവോത്ഥാന പ്രതിഭയുടെ കൈയക്ഷരം ഡിജിറ്റല്‍ യുഗവുമായി സംഗമിക്കുന്ന നിമിഷമാണിതെന്നും സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ മൗറോ ഗംബെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.