
വത്തിക്കാന്‍ സിറ്റി / പിയോറിയ: ലോകപ്രശസ്ത സുവിശേഷകനായ ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വത്തിക്കാന്റെ പച്ചക്കൊടി. അമേരിക്കയിലെ പിയോറിയ രൂപത ബിഷപ്പിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വത്തിക്കാനില്‍ നിന്ന് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ സഭയിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിലൊന്നായിരുന്ന ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം യുഎസിലെ സഭയ്ക്ക് ചരിത്രപരമായ നിമിഷമാണ്.
2002-ല്‍ ആരംഭിച്ച ആര്‍ച്ചുബിഷപ്പിന്റെ നാമകരണ നടപടികള്‍ക്ക് പലതവണ തടസങ്ങള്‍ നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ എവിടെ അടക്കം ചെയ്യണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം, 2014-ല്‍ പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായി. എന്നാല്‍ 2019-ല്‍ കോടതി വിധിയിലൂടെ ഭൗതികാവശിഷ്ടങ്ങള്‍ പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റുകയും നടപടികള്‍ പുനരാരംഭിക്കുകയും ചെയ്തു.
ടെലിവിഷന്‍, റേഡിയോ തുടങ്ങിയ ആധുനിക മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനായി ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയായിരുന്നു ആര്‍ച്ചുബിഷപ് ഷീന്‍. 1952 മുതല്‍ 1957 വരെ അദ്ദേഹം അവതരിപ്പിച്ച ‘ലൈഫ് ഈസ് വേര്‍ത്ത് ലിവിംഗ്’ എന്ന ടെലിവിഷന്‍ പരിപാടി ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുകയും എമ്മി അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 1979 ഡിസംബര്‍ ഒന്‍പതിന് ഹൃദ്രോഗ ബാധയെ തുടര്‍ന്നാണ് ആര്‍ച്ചുബിഷപ് ഷീന്‍ അന്തരിച്ചത്.
