
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രത്തിനിരായ കുട്ടികളുടെ ഭ്രൂണകോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം യുസിലെ പ്രധാന ഫെഡറല്‍ ആരോഗ്യ ഗവേഷണ സ്ഥാപനമായ എന്‍ഐഎച്ച് നിര്‍ത്തലാക്കി. ഗര്‍ഭസ്ഥ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വര്‍ഷം തോറും നടത്തി വരുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫിന്റ’ തലേദിവസമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ കൊണ്ടുവരികയും എന്നാല്‍ പ്രസിഡന്റ് ബൈഡന്റെ കാലഘട്ടത്തില്‍ നിര്‍ത്തലാക്കുകയും ചെയ്ത നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് ഈ നടപടി.
ഈ തീരുമാനത്തിന് പിന്നില്‍ ശാസ്ത്രീയവും ധാര്‍മികവുമായ കാരണങ്ങളാണ് എന്‍ഐഎച്ച് ചൂണ്ടിക്കാണിക്കുന്നത്.അമേരിക്കന്‍ ജനതയുടെ ധാര്‍മിക മൂല്യങ്ങളുടെയും ഭ്രൂണകോശങ്ങള്‍ക്ക് പകരം ഗവേഷണത്തിനായി പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ബദല്‍ മാര്‍ഗങ്ങള്‍ തേടാനുള്ള ശ്രമങ്ങളുമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് എന്‍ഐഎച്ച് ഡയറക്ടര്‍ ജെയ് ഭട്ടാചാര്യ വ്യക്തമാക്കി. ഭ്രൂണകോശങ്ങള്‍ക്ക് പകരമായി ഓര്‍ഗനോയിഡുകള്‍, ടിഷ്യൂ ചിപ്പുകള്‍, കമ്പ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ നൂതന മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. 2019 മുതല്‍ ഇത്തരം ഗവേഷണങ്ങള്‍ കുറഞ്ഞുവരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വാഭാവികമായ ഗര്‍ഭച്ഛിദ്രം വഴിയോ പ്രസവസമയത്തെ മരണത്തിലൂടെയോ ലഭിക്കുന്ന കോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്ക് ഈ ഫണ്ടിംഗ് നിരോധനം ബാധകമല്ല എന്നതും ശ്രദ്ധേയമാണ്. മനപ്പൂര്‍വ്വം ജീവന്‍ നശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന കോശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള ഫണ്ടിംഗ് മാത്രമാണ് നിര്‍ത്തലാക്കിയത്. പ്രോ-ലൈഫ് സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.