
ചങ്ങനാശേരി: ജനിക്കാതെ പോയ കുഞ്ഞുങ്ങളുടെ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിഞ്ഞു. പ്രോ-ലൈഫ് ദിനത്തോടനുബന്ധിച്ചു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലിത്തന്‍ ദേവാലയാങ്കണത്തില്‍ സ്ഥാപിതമായ അജാത ശിശുക്കളുടെ സ്മാരക മണ്ഡപത്തിലാണ് തിരിതെളിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തത്. അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍ നേതൃത്വം നല്‍കി.
അബോര്‍ഷനില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ മാത്രമല്ല, ഗര്‍ഭം അലസിപ്പോയതുമൂലം മണ്‍മറഞ്ഞ കുഞ്ഞുങ്ങളെ ഓര്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വേണ്ടിയാണ് ഈ സ്മാരകം ഒരുക്കിയിരിക്കുന്നത്. പല ഇടവകകളില്‍നിന്നും തീര്‍ത്ഥാടകര്‍ ഇവിടെ വന്നു പ്രാര്‍ത്ഥിക്കാറുണ്ട്.
ചങ്ങനാശേരിയില്‍ സ്ഥാപിതമായ അജാത ശിശുക്കളുടെ സ്മാരകം കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ നാലാമത്തേതുമാണ്. ഇന്ത്യയില്‍ മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു മൂന്ന് സ്മാരകങ്ങള്‍ സ്ഥിതിചെയ്യുന്നത്.
