
ഈ ഭൂമിയില്‍ ഏറ്റവും ജിജ്ഞാസ തരുന്ന കാര്യം എന്താണ് എന്നറിയുമോ? അത് നമ്മുടെ കുറ്റം മറ്റുള്ളവര്‍ പറയുന്നത് ഒളിച്ചുനിന്ന് കേള്‍ക്കുന്നതാണ്. ഒരു മരിച്ചടക്കിന് ശേഷമുള്ള സായംസന്ധ്യയില്‍ ഞാന്‍ മുറിയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്തുള്ള മുറിയില്‍ ഏതാനും ആളുകള്‍ വികാരിയച്ചനോട് എന്റെ കാര്യം പറയുകയാണ്.
‘അടക്കിന്റെ അവസാനം മദ്യപിച്ച് എത്തിയ മക്കളെ ഡീക്കന്‍ നിയന്ത്രിച്ചില്ല.’
അവര്‍ പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. ഞാന്‍ പകച്ചുപോയി. അവരുടെ അമ്മയെ അവസാനമായി കുഴിയില്‍ ഇറക്കുന്നതിന് മുന്‍പ് അവരെ തടയണോ അതോ ചുംബിക്കാന്‍ അനു വദിക്കണോ? പീലാത്തോസിനെപ്പോലെ കൈയും കഴുകി ഉത്തരവാദിത്വപ്പെട്ട ഞാന്‍ നിന്നു! മരിച്ചടക്ക് കഴിഞ്ഞു ബിസ്ക്കറ്റ് കഴിച്ചു ആളുകള്‍ മടങ്ങി. മക്കള്‍ കുപ്പി തീര്‍ന്ന വിഷമത്തിലാണോ അമ്മ മരിച്ച സങ്കടത്തിലാണോ എന്നറിയില്ല, കരഞ്ഞുകൊ ണ്ടേയിരുന്നു.
നിങ്ങള്‍ക്കിപ്പോള്‍ ഗ്രൗണ്ടില്‍ പോകാം
പകച്ചുനില്‍ക്കല്‍ ആത്യന്തികമായി സംഭവിക്കുന്നത് എന്താണ് ചെയ്യേണ്ടത് എന്നറിയാതിരിക്കുമ്പോഴാണ്. മൈനര്‍ സെമിനാരിയില്‍ ഒരു ബ്രദര്‍ എന്ന നിലയില്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ കുട്ടികളോട് പറഞ്ഞു, ‘നിങ്ങള്‍ക്കിപ്പോള്‍ ഗ്രൗണ്ടില്‍ പോകാം.’
അവര്‍ ആര്‍ത്തലച്ച് പോയി. പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ നിന്നുപോയി. സാധാരണ നമ്മളെ അധ്യാപകര്‍ എങ്ങനെയാണ് ഗ്രൗണ്ടില്‍ കൊണ്ടുപോയത് എന്ന കാര്യം ഞാന്‍ മറന്ന നിമിഷം ആയിരുന്നു അത്. കുട്ടികള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയില്ലെങ്കില്‍ അവര്‍ ഒന്നും ചെയ്യില്ല. പകച്ചുനില്ക്കലുകള് ഒഴിവാക്കാന്‍ പ്രായോഗികത ആവശ്യമാണ്. ആളുകളുടെ എണ്ണം കൂടുന്തോറും നിര്‍ദേശങ്ങളുടെ എണ്ണവും കൃത്യതയും കൂടണം.
തല്ലുകൊള്ളാതെ ഒരു രക്ഷപ്പെടല്‍
എത്ര പ്രായോഗികത ഉണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകാം. ഒരു പള്ളിയില്‍ ആങ്കറിംഗിന് ഒരു സ്മാര്‍ട്ട് യൂത്തിനെ ഏല്പിച്ചു. ഇടവകക്കാര് മുഴുവന്‍ പങ്കെടുക്കുന്ന ഗെയിം. ആവേശത്തള്ളലില് ഗെയി മിന്റെ നിയമങ്ങള്‍ കളി നടക്കുന്നതിനിടയില്‍ പ്രസ്തുത ആള് മാറ്റി. അടി എപ്പോള്‍ വേണമെങ്കിലും കിട്ടാമായിരുന്ന ആ അവസ്ഥയില്‍ സംഘാടകനായ ഞാന്‍ പകച്ചു നില്‍ക്കാതെ വേഗം സമ്മാന വിതരണം നടത്തി എല്ലാം കോംപ്ലിമെന്റാക്കി. സ്തംഭിച്ചുനിന്നിരുന്നെങ്കില്‍ നമ്മള് പടമായേനേ!
ട്രെയിനില്‍ വന്നപ്പോള്‍ മഴ. കമ്പാര്‍ട്ടുമെന്റില്‍ പ്രളയം. ബാഗുകള്‍ നനഞ്ഞു. ക്ലീന്‍ ആക്കാന്‍ വന്നയാള്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു.
‘എനിക്ക് ടോയ്ലറ്റ് വൃത്തിയാക്കാനേ അറിയൂ. ഈ പണി അറിയില്ല.’ അയാള്‍ പറഞ്ഞു. യാത്രക്കാര്‍ ചിലര്‍ പരാതിപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്ന് ക്ലീന്‍ ചെയ്യാന്‍ വന്നയാളെ തെക്കുവടക്ക് ഓടിച്ചു.
പാവം എന്ത് ചെയ്യാന്‍? അവസാനം യാത്രക്കാരില്‍ ബോധമുള്ളവര്‍ വെള്ളം പുറത്തേക്ക് കളയുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന റിയുന്നതിനെ വിളിക്കുന്ന പേരാണ് സാമാന്യ ബോധം?
കണ്ണുകള്‍ സംസാരിക്കുമ്പോള്‍
ചിലര്‍ക്കത് ഗിഫ്റ്റായി കിട്ടുന്നു. അവര്‍ മുറ്റമടി ക്കുമ്പോള് അത് ആര്‍ട്ട്. സ്വാഗതം പറയുമ്പോള്‍ ആര്‍ട്ട്. എന്തിന് വെറുതെ ഒന്ന് നോക്കുമ്പോള്‍ പോലും ആര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു കൊച്ചു പെണ്‍കുട്ടി തന്റെ നോട്ടത്തിലൂടെ അവളുടെ കരയുന്ന അനിയനെ അച്ചടക്കത്തില്‍ ഇരുത്തുന്നതു കണ്ട പ്പോള്‍ ചേച്ചിയാകുകപോലും കലയാണെന്ന് മനസിലായി.
എന്നാല്‍ ഗിഫ്റ്റ് ഇല്ലാത്തവര്‍ ചെയ്യുമ്പോള്‍ എല്ലാം കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും എന്തിന് വഴിയെ പോകുന്ന പട്ടിക്കും വരെ ടെന്‍ഷന്‍. ഇങ്ങനെ ടെന്‍ഷന്‍ നല്‍കാതെ മറ്റുള്ളവരെ രസിപ്പിക്കാന്‍ കഴിവ് ഉണ്ടെങ്കില്‍ നമ്മള് ഗിഫ്റ്റ്ഡ് ആണ്. എങ്കിലും ഏത് കഴിവുളളവനും പകച്ചുനില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവട്ടെ. എങ്കിലല്ലേ പകച്ചുനില്ക്കുന്നവരുടെ അവസ്ഥ മനസിലാക്കാന്‍ കഴിയൂ.
ഇല്ലെങ്കില്‍ അഹങ്കാരത്തിന്റെ ആ ഡയലോഗ് വരും.’ നിന്നെയൊക്കെ എവിടുന്ന് കെട്ടിയെടുത്തടാ.’
വാല്‍ക്കഷണം: ഇനി ബയോഡേറ്റ എഴുതുമ്പോള്‍ പകച്ചുനിന്ന അനുഭവങ്ങള്‍ കൂടി ചേര്‍ക്കൂ! അത് നമ്മെ നല്ല മനുഷ്യരാക്കും!
ഫാ. ജിന്സണ് ജോസഫ് മുകളേല്‍

