
ലിയോണ്‍/ഫ്രാന്‍സ്: ഫ്രാന്‍സിലെ കാത്തലിക്ക് – പ്രോ-ലൈഫ് ആക്ടിവിസ്റ്റായ 23 വയസുകാരന് ക്വെന്റിന്‍ ഡെറാന്‍കിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഫെബ്രുവരി 12-ന് ലിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ‘ലാ ഫ്രാന്‍സ് ഇന്‍സൗമിസ്’ (LFI) എന്ന ഇടത് പാര്‍ട്ടി സംഘടിപ്പിച്ച പ്രോ-പാലസ്തീന് സമ്മേളനത്തിനിടെയാണ് അക്രമം നടന്നത്. അബോര്ഷന്, ജെന്‍ഡര്‍ ഐഡിയോളജി പോലുള്ള തിന്മകളെ പിന്തുയ്ക്കുന്ന പാര്‍ട്ടിയാണ് ‘ലാ ഫ്രാന്‍സ് ഇന്സൗമിസസ്’. അവിടെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയതായിരുന്നു ക്വെന്റിന്‍. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കെന്റ്വിന്റെ മരണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ശക്തമായി. ഒരു പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്നും സംയമനം പാലിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ മെലോണി ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഡെനറാന്കിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചു.
പരമ്പരാഗത ലാറ്റിന്‍ ദിവ്യബലി ഏറെ ഇഷ്ടപ്പെട്ടിരുന്ന കത്തോലിക്കാ വിശ്വാസിയായ ക്വെന്റിന്‍ പ്രോ ലൈഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ലിയോണിലെ സെന്റ് ജോര്‍ജ് ഇടവകാംഗമായ അദ്ദേഹം ദരിദ്രരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നുവെന്നും വിശുദ്ധ തോമസ് അക്വിനാസ്, വിശുദ്ധ അഗസ്റ്റിന് പോലുള്ള ദൈവശാസ്ത്രജ്ഞരുടെ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ തല്പരനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
മുഖംമൂടി ധരിച്ചെത്തിയ സായുധരായ ഒരു സംഘം ഡെറാന്കിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ഫാബിയന്‍ രാജോണ്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ സഹായിയും ഉള്‍പ്പെട്ടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.