
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഉത്തരവിട്ടത്.
നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍സിസിഐ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു തീരുമാനം. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ഈ വിഷയത്തില്‍ നേരത്തെതന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സമാന വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുക. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു.
മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സമര്‍പ്പിച്ച വിവിധ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് സുപ്രീംകോടതി വിശദീകരണം തേടിയെങ്കിലും ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.
നിലവില്‍ രാജ്യത്തെ 12 സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലെ മതനിന്ദാ കുറ്റംപോലെ ഏതു വിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാവുന്ന വ്യവസ്ഥകളാണ് മതപരിവര്‍ത്തന നിരോധന നിയമത്തിലുള്ളത്.
നിരവധി മിഷനറിമാരും ക്രൈസ്തവ വിശ്വാസികളും മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റുചെയ്യപ്പെട്ടിരുന്നു. പലര്‍ക്കും ജാമ്യം ലഭിക്കാന്‍ ഹൈക്കോടതികളെയും സുപ്രീംകോടതിയേയും സമീപിക്കേണ്ടി വന്നിട്ടുണ്ട്.