നിഷ്ക്രിയ ദയാവധത്തിന് ഇതാദ്യമായി അനുമതി നൽകി സുപ്രീം കോടതിയുടെ വിധി

Supreme Court passive euthanasia ruling

ന്യൂഡൽഹി: പതിമൂന്ന് വർഷങ്ങളായി അബോധാവസ്ഥയിൽ (Persistent Vegetative State) കഴിയുന്ന ഹരീഷ് റാണ എന്ന 32 വയസുകാരന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇന്ത്യയിൽ ‘passive euthanasia’ അഥവാ നിഷ്ക്രിയ ദയാവധത്തിന് നിയമപരമായ അനുമതി നൽകിയ ശേഷമുള്ള ആദ്യത്തെ ഉത്തരവാണിത്. മസ്തിഷ്ക മരണം സംഭവിച്ചോ അല്ലെങ്കിൽ സുഖപ്പെടാൻ ഒട്ടും സാധ്യതയില്ലാത്ത വിധം അബോധാവസ്ഥയിലോ കഴിയുന്ന വ്യക്തിക്ക് അന്തസ്സോടെ മരിക്കാൻ അവകാശമുണ്ടെന്ന വിധിപ്രസ്താവം 2018 ൽ സുപ്രീം കോടതി നടത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി നിർദ്ദേശപ്രകാരം നിഷ്ക്രിയ ദയാവധം സംബന്ധിച്ച മാർഗ്ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കി.

പത്തൊമ്പതാം വയസിൽ നാലുനില കെട്ടിടത്തിൽനിന്നു വീണ് പതിമൂന്ന് വർഷങ്ങളായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം. മരുന്നുകളോ ശസ്ത്രക്രിയകളോ വഴി രോഗിയുടെ നിലയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും, ജീവൻ നിലനിർത്തുന്നത് കൃത്രിമ സംവിധാനങ്ങളിലൂടെ മാത്രമാണെന്നും മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. രോഗി അനുഭവിക്കുന്ന വേദനയ്ക്കും കുടുംബത്തിന്റെ മാനസിക വിഷമത്തിനും അറുതി വരുത്തണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2018-ലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ആസ്പദമാക്കിയാണ് ഈ ഉത്തരവ്. ആർട്ടിക്കിൾ 21 പ്രകാരം ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുള്ളതുപോലെ തന്നെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്നാണ് അന്ന് കോടതി അന്ന് വ്യക്തമാക്കിയത്. കൃത്രിമ ജീവൻരക്ഷാ ഉപാധികൾ പിൻവലിക്കുന്നതിലൂടെ പ്രകൃതിദത്തമായ മരണം അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഡോക്ടറുടെ മേൽനോട്ടപ്രകാരം (Clinically Administered Nutritian) മരുന്നും പോഷക പദാർഥങ്ങളും പിഇജി ട്യൂബ് വഴിയായി നൽകിയാണ് വർഷങ്ങളായി ഹരീഷ് റാണയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഈ സംവിധാനം ഘട്ടം ഘട്ടമായി എടുത്തുമാറ്റി മരണം അനുവദിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.

നിഷ്ക്രിയ കരുണാവധം നടപ്പിലാക്കുന്നതിന് കർശനമായ മാനദണ്ഡങ്ങളാണ് കോടതി നിശ്ചയിച്ചിട്ടുള്ളത്. വിദഗ്ധരായ ഡോക്ടർമാരുടെ പാനൽ രോഗിയെ പരിശോധിക്കുകയും സുഖപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റാൻ പാടുള്ളൂ. ദുരുപയോഗം തടയാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവും അനിവാര്യമാണ്. എന്നാൽ ഇത് സക്രിയ ദയാവധത്തിനുള്ള (Active Euthanasia) അനുമതിയല്ലെന്നും, മരണം സംഭവിക്കാൻ മനഃപൂർവം മാരകമായ മരുന്നുകൾ നൽകുന്നത് ഇപ്പോഴും കുറ്റകരമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

കത്തോലിക്കാ സഭയുടെ നിലപാട്

ദയാവധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയ്ക്ക് വ്യക്തമായ ധാർമ്മിക നിലപാടുണ്ട്. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും ഉത്ഭവം മുതൽ മരണം വരെ അത് സംരക്ഷിക്കപ്പെടണമെന്നുമാണ് സഭ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ ‘സക്രിയ ദയാവധത്തെ’ (Active Euthanasia) സഭ പൂർണ്ണമായും എതിർക്കുന്നു. എന്നാൽ, സുഖപ്പെടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സങ്കീർണ്ണവും ചിലവേറിയതുമായ ചികിത്സാ രീതികൾ ഒഴിവാക്കുന്നതിനെ സഭ തെറ്റായി കാണുന്നില്ല. ഫലപ്രദമല്ലാത്ത ചികിത്സകൾ നൽകി രോഗിയുടെ മരണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിനേക്കാൾ, പ്രകൃതിദത്തമായ മരണം അനുവദിക്കുന്നതാണ് ഉചിതമെന്ന് സഭ കരുതുന്നു. ‘മരിക്കാൻ അനുവദിക്കുന്നതും’ എന്നതും ‘ജീവനെടുക്കുന്നതും’ തമ്മിലുള്ള ധാർമ്മിക വ്യത്യാസം സഭ എടുത്തുപറയുന്നു.

അതേസമയം നിഷ്ക്രിയ ദയാവധം സംബന്ധിച്ച്‌ കത്തോലിക്കാ സഭയുടെ ധാര്‍മിക ദൈവശാസ്ത്രം പഠിപ്പിക്കുന്നതും ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിയിലെ വ്യവസ്ഥകളും തമ്മിലും വ്യത്യാസമുണ്ട്‌. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച്‌ നേരിട്ടല്ലാത്ത ദയാവധവും അനുവദനീയമല്ല. ഒരു വ്യക്തിക്ക്‌ രക്ഷപ്പെടാന്‍ സാധ്യതകളൊന്നുമില്ലെങ്കില്‍ അസാധാരണമായ വൈദ്യചികിത്സ നല്‍കാനുള്ള കടമ ബന്ധപ്പെട്ടവര്‍ക്കില്ല. എന്നാൽ, അസാധാരണവും  ചെലവേറിയതുമായ ചികിത്സ തുടരാതെയും ജീവൻ നിലനിർത്താമെന്ന അവസ്ഥയാണ് ആ വ്യക്തിക്കുള്ളതെങ്കിൽ,  അബോധാവസ്ഥയിൽ തുടരുന്നയാളാണെങ്കിലും ഭക്ഷണമോ മരുന്നോ അവസാനിപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കാൻ സഭാ പ്രബോധനങ്ങൾ  അനുവദിക്കുന്നില്ല. ജീവൻ അത്രമാത്രം അമൂല്യമാണ് എന്ന സഭയുടെ മാറ്റമില്ലാത്ത നിലപാടാണ് അതിന് കാരണം. അതിനാൽ തന്നെ ഇത്തരം സന്ദർഭങ്ങളിൽ പ്രയോജനപ്രദമായ വിധത്തിൽ പാലിയേറ്റിവ് കെയർ സംവിധാനങ്ങളെയും ജീവസംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സഭ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നു.

Related Articles
Supreme Court stays case against priest religious sentiments

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വൈദികനെതിരായ കേസ്; സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. വിനീത് വിന്‍സെന്റ് പെരേരയ്ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത ക്രിമിനല്‍ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വൈദികനാണ് ഫാ. പെരേര. ലഹളയുണ്ടാക്കാന്‍

Read More »
Christian persecution Supreme Court

ക്രൈസ്തവ പീഡനങ്ങള്‍; ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണയില്‍

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ചു ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.