
തൃശൂര്‍: ചാവക്കാട് നഗരത്തില്‍ ഏറ്റവും കണ്ണായ സ്ഥലത്ത് 2600 സ്‌ക്വയര്‍ ഫീറ്റ് വീടും 17 സെന്റ് സ്ഥലവും സൗജന്യമായി പാലീയേറ്റിവ് കെയറിനായി വിട്ടുനല്കിയിരിക്കുകയാണ് തൃശൂര്‍ അതിരൂപതാ വൈദികനായ ഫാ. ഫ്രാന്‍സിസ് മുട്ടത്ത്. പിതൃസ്വത്തായി കിട്ടിയതാണ് അഞ്ചു കോടി രൂപയോളം മതിപ്പുവിലയുള്ള വീടും പുരയിടവും. സ്വന്തം പിതാവിന്റെ ആഗ്രഹം നിറവേറ്റുകയാണ് തൃശൂര്‍ അതിരൂപതയിലെ നെടുപുഴ ഇടവകവികാരിയായ ഈ വൈദികന്‍.
ഫാര്‍മസിസ്റ്റ് ആയിരുന്ന അച്ചന്റെ പിതാവ് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തിലെ സര്‍ജിക്കല്‍ സെക്ഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ മരുന്നും ചികിത്സയുമൊക്കെ വളരെ പരിചിതമായിരുന്നു. തിരിച്ചെത്തിയ ശേഷം ചാവക്കാട് നഗരത്തില്‍ ക്ലിനിക്ക് തുറന്നു. ആളുകള്‍ സ്‌നേഹംകൊണ്ട് വൈദ്യന്‍ എന്ന അര്‍ത്ഥത്തില്‍ അപ്പോത്തിക്കിരി എന്നായിരുന്നു വിളിച്ചിരുന്നത്. അക്കാലത്ത് നാട്ടിലെ ഡോക്ടറും വൈദ്യനും എല്ലാമായിരുന്നു അദ്ദേഹം.
സിറിഞ്ചുകളും മരുന്നു നിറച്ച ബാഗുമായി അപ്പന്‍ രോഗികളെ ചികിത്സിക്കാന്‍ സൈക്കിളില്‍ പോയിരുന്നത് ഫാ. ഫ്രാന്‍സിന്റെ ഓര്‍മ്മയിലുണ്ട്. പലപ്പോഴും തിരിച്ചെത്തുമ്പോള്‍ രാത്രി ഏറെ വൈകുമായിരുന്നു. ചിലപ്പോഴത് പുലര്‍ച്ച വരെ ആയിട്ടുണ്ട്. വിവിധ മതവിശ്വാസങ്ങളില്‍പ്പെട്ട പ്രായമായവരുടെ മരണനേരത്ത് അവരുടെ വീടുകളില്‍ വെളുപ്പിനെ വരെ ഇരിക്കുമായിരുന്നു. വീട്ടില്‍വന്ന് ഷര്‍ട്ട് ഊരുമ്പോള്‍ അപ്പന്‍ കരയുന്നതു ഫാ. ഫ്രാന്‍സിസ് ഓര്‍ക്കുന്നു. ആരുടെയെങ്കിലും മരണം കണ്ടു എന്നതിന്റെ സൂചനയായിരുന്നത്.
ചെറുപ്പകാലത്ത് അപ്പന്റെ ക്ലിനിക്കിലെ സഹായി ആയിരുന്നു ഫ്രാന്‍സിസ്. അതുകൊണ്ടുതന്നെ മകന്‍ ഡോക്ടറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ദൈവം നല്‍കിയ സ്വപ്നത്തിന്റെ പിന്നാലെ മകന്‍ സെമിനാരിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പിതാവ് അതിനു സമ്മതിച്ചു.
ഈ വീടും സ്ഥലവും അച്ചന്റെ പേരില്‍ തരുകയാണ്. ഞാന്‍ പഴയ കാലത്തു ചെയ്തിരുന്ന സേവനങ്ങള്‍ ചെയ്യുന്ന ആരെയെങ്കിലും ഏല്പിക്കണമെന്ന് 14 വര്‍ഷം മുമ്പ് ഫാ. ഫ്രാന്‍സിസ് വാടാനപ്പള്ളി വികാരിയായിരുന്നപ്പോഴാണ് അപ്പന്‍ വിളിച്ച് പറഞ്ഞത്.
തെരുവില്‍ അലയുന്ന ആകാശപ്പറവകളെ സംരക്ഷിക്കുന്ന എംസിബിഎസ് സഭയുടെ യുകെയര്‍-പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനത്തിനാണ് വീടും സ്ഥലവും കൈമാറിയിരിക്കുന്നത്. വീട് കൈമാറുമ്പോള്‍ സ്വന്തം പിതാവിന്റെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഫാ. ഫ്രാന്‍സിസ്. ഒപ്പം മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്കാളിത്വവും അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ്.