
ചങ്ങനാശേരി: ഓശാന നാളില്‍ ദേവാലയത്തില്‍ പോകണമെന്ന് ഹൃദയംകൊണ്ട് തീവ്രമായി ആഗ്രഹിച്ചിട്ടും ശാരീരികമായ വിഷമതകള്‍ മൂലം പള്ളിയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് ആശ്രയമായി വികാരിയച്ചന്‍.
ചങ്ങനാശേരി അതിരൂപതയിലെ കുന്നന്താനം ഇടവകയിലെ ഫാ. സോണി മുണ്ടുനടയ്ക്കലാണ് വാര്‍ദ്ധക്യവും ശാരീരികമായ വൈകല്യവും മൂലം ക്ലേശിക്കുന്ന അറുപതോളം രോഗികളുടെ വീട്ടിലെത്തി ഓശാനനാളില്‍ കുരുത്തോല നല്‍കിയത്.
മുമ്പ് ദേവാലയത്തില്‍ സജീവമായിരുന്ന അവരിന്ന് ശാരീരിക ക്ലേശം മൂലം വീട്ടില്‍ ഒറ്റപ്പെടുമ്പോള്‍ അവരനുഭവിക്കുന്ന മാനസിക വേദന തനിക്ക് മനസിലാവുമെന്ന് സോണിയച്ചന്‍ പറയുന്നു. മക്കളോടൊപ്പം ഓശാന നാളില്‍ അതിരാവിലെ ദേവാലയത്തില്‍ എത്തിയിരുന്ന പലരും ഹൃദയം നുറുങ്ങിയ വേദനയുമായി വീട്ടിലാണ്. അവരുടെ ഹൃദയത്തില്‍ പഴയ ആ ഓശാനയോര്‍മ്മകള്‍ എങ്ങനെ പകരാമെന്ന ചിന്തയില്‍ നിന്നാണ് ഇടവക ജനത്തോട് ചേര്‍ന്ന് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കുരുത്തോലയുമായി വാഹനത്തില്‍ അവരുടെ വീടുകളിലെത്തിയപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഓശാനയുടെ സന്തോഷമാണ് അവരപ്പോള്‍ അനുഭവിച്ചത്. തന്റെ ജീവിതത്തിലും മറക്കാനാവാത്തൊരു ഓര്‍മ്മയാണിതെന്നും സോണിയച്ചന്‍ ചൂണ്ടിക്കാട്ടി.

