
ബംഗളൂരു: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരിട്ടും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) 37-ാമത് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളിലെ ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. പല സംഭവങ്ങളിലും നീതി നിഷേധിക്കപ്പെടുകയും നീതി വൈകുകയും ചെയ്യുന്നു.
സഭയ്ക്ക് ആരോടും വിദ്വേഷമോ പകയോ ഇല്ല. ഇന്ത്യക്കാരായതില്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് അഭിമാനമുണ്ട്. ദേശീയ ഐക്യത്തിനായാണു സഭ നിലകൊള്ളുന്നത്; മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികളെയും വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങളെയും കുറിച്ചുള്ള ആശങ്കകളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
പത്രസമ്മേളനത്തില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് എന്നിവരും പങ്കെടുത്തു.
ഫെബ്രുവരി 10ന് സമാപിക്കുന്ന സമ്മേളനത്തില്‍ ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്‍നിന്നുള്ള 210 മെത്രാന്മാര് പങ്കെടുക്കും.